ബഹ്‌റൈനില്‍ വിദേശികള്‍ പുതിയ വിസ എടുക്കുമ്പോള്‍ 10 ദീനാറും രണ്ട് വര്‍ഷത്തിലൊരിക്കല്‍ പുതുക്കുമ്പോള്‍ 200 ദീനാറും ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു.
ഇതോടെ ബഹ്‌റൈനിലെ തൊഴില്‍ മേഖലയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും വിരാമമായി. അടുത്ത വര്‍ഷം ആദ്യം മുതല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിരുന്ന ഇത് 2008 മധ്യത്തിലേക്ക് നീട്ടിവയ്ക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്.
വിദേശ തൊഴിലാളികളില്‍ നിന്ന് മാസം 10 ദീനാര്‍ ഈടാക്കാനുള്ള തീരുമാനത്തിനെതിരെയാണ് ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് നിലയുറപ്പിച്ചിരുന്നത്. തൊഴില്‍ പരിഷ്കരണ സമിതിയും ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്‍റ് ഫോറവും ഫീസ് ഈടാക്കുന്നതില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇരുവിഭാഗത്തെയും യോജിപ്പിച്ച് സ്വീകാര്യമായ തീരുമാനം എടുക്കുന്നതിനാണ് മന്ത്രിസഭാ സമിതിയെ നിഴ്ചയിക്കുകയായിരുന്നു. അതേസമയം, തൊഴില്‍ വിപണി പരിഷ്കരണ സമിതി വിദേശ തൊഴിലാളികള്‍ക്ക് മാസം 20 ദീനാര്‍ തൊഴില്‍ ഫീസെന്ന നിലക്ക് ഈടാക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാലിത് അഞ്ച് ദീനാറാക്കി ചുരുക്കണമെന്നും 2009 ലേക്ക് നീട്ടിവയ്ക്കണമെന്നുമായിരുന്നു ചേംമ്പര്‍ ആവശ്യപ്പെട്ടിരുന്നത്. പുതിയ തൊഴില്‍ ഫീസ് നടപ്പിലാക്കിത്തുടങ്ങുന്നതോടെ ആദ്യ വര്‍ഷം നഷ്‌ടത്തിലേക്ക് നീങ്ങുന്ന സ്ഥാപനങ്ങളെയും കമ്പനികളെയും കുറിച്ച് പഠിക്കുന്നതിനുള്ള ചേംമ്പറിന്‍റെ നിര്‍ദേശത്തോട് സര്‍ക്കാര്‍ യോജിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
തൊഴില്‍ മന്ത്രാലയമായിരിക്കും ഈ വിഷയം പഠിക്കുക. കൂടാതെ തൊഴിലിന്‍റെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കുന്ന രീതിയും ആവിഷ്കരിക്കും. പൊതു ഒഴിവ് ദിവസങ്ങള്‍ വാരാന്ത അവധിദിനങ്ങളില്‍ വന്നാല്‍ പകരം സാധാരണ ദിവസം അവധി നല്‍കുന്ന സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ചേംമ്പറിന്‍റെ നിര്‍ദേശം പരിഗണിക്കും.