മലബാറില്‍ ആദ്യമായി അക്കൌണ്ടിംഗ് ഔട്ട്‌സോഴ്സിംഗ് സംരംഭം വരുന്നു. കാക്കഞ്ചേരിയില്‍ കിന്‍ഫ്ര പാര്‍ക്കില്‍ അടുത്ത ഡിസംബറില്‍ ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും.
ദുബായിലെ മോറിസണ്‍ മേനോന്‍ ഗ്രൂപ്പാണ് ഈ സംരംഭം തുടങ്ങുന്നത്. വിദേശകമ്പനികളില്‍ നിന്നും പുറം ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്ന സംരംഭമാണ് ഔട്ട്‌സോര്‍സിംഗ്. കാക്കഞ്ചേരിയിലെ കിന്‍ഫ്രപാര്‍ക്കിലാണ് മോറിസണ്‍ മേനോന്‍ ഗ്രൂപ്പ് അക്കൌണ്ടിംഗ് ഔട്ട് സോര്‍സിംഗ് തുടങ്ങുന്നത്.
രാജ്യത്തെ മറ്റ് ഐ.ടി നഗരങ്ങളെക്കാള്‍ പ്രവര്‍ത്തന ചെലവ് മലബാറില്‍ കുറവാണ്. വിദഗ്ദ്ധരായ തൊഴിലാളികള്‍ക്കും ക്ഷാമമില്ല. വന്‍ നഗരങ്ങളില്‍ കമ്പനികളുടെ പ്രവര്‍ത്തന ചെലവ് ഒരു മാസത്തേയ്ക്ക് സ്ക്വയര്‍ ഫീറ്റിന് നൂറ് രൂപയാണ്. മലബാറില്‍ ഈ ചെലവ് നാല് രൂപ മാത്രമാണ്.
മലബാറില്‍ ഔട്ട്‌സോഴ്സിംഗ് മേഖലയ്ക്ക് വളരെ അനുകൂലമായ ഘടകങ്ങളാണുള്ളതെന്ന് മോറിസണ്‍ ഗ്രൂപ്പ് പറയുന്നു. ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കഴിഞ്ഞാല്‍ അത് ഒരുപാട് പേര്‍ക്ക് സഹായകമാകും. വിദ്യാസമ്പന്നരായ തൊഴില്‍ രഹിതരായ നിരവധിപേര്‍ മലബാറിലുണ്ടെന്നും ഇവര്‍ പറയുന്നു.
മോറിസണ്‍ മേനോന്‍ ഗ്രൂപ്പ് കാക്കഞ്ചേരിയില്‍ ഔട്ട്‌സോഴ്സിംഗ് യൂണിറ്റ് തുടങ്ങുന്നതോടെ ഈ മേഖലയിലെക്ക് കൂടുതല്‍ കമ്പനികള്‍ വരുമെന്നാണ് കിന്‍ഫ്രയുടെ പ്രതീക്ഷ. കൂടുതല്‍ തൊഴിലവസരവും മലബാറിന്‍റെ വികസനവും ഈ മേഖലയിലൂടെ സാധ്യമാകുമെന്നാണ് കരുതുന്നത്.