തൊഴില്‍ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ് അവഗണിച്ചും പണിമുടക്ക് സമരം തുടരുന്ന തൊഴിലാളികളെ തിരിച്ചയക്കാന്‍ യു.എ.ഇ നീക്കമാരംഭിച്ചു.
ഭൂരിഭാഗവും ഇന്ത്യന്‍ തൊഴിലാളികളാണ് പണിമുടക്കിയിരിക്കുന്നത്. നിയമവിരുദ്ധമായി പണിമുടക്കുകയും അക്രമാസക്‌തമായ നടപടികള്‍ക്ക് മുതിരുകയും ചെയ്യുന്ന തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ അന്ഥ്‌ദുല്ല കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പൊലിസ് വാഹനങ്ങള്‍ നശിപ്പിക്കുകയും മറ്റും ചെയ്‌തതിന് നൂറുകണക്കിന് തൊഴിലാളികള്‍ അറസ്റ്റിലായതായും സൂചനയുണ്ട്. എന്നാല്‍ തൊഴിലാളികളുടെ കാര്യത്തില്‍ എന്തു നടപടിയാണുണ്ടാവുകയെന്നതു സംബന്‌ധിച്ച് തങ്ങള്‍ക്ക് വ്യക്‌തമായ വിവരമൊന്നുമില്ലെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ശമ്പള വര്‍ധന, മെച്ചപ്പെട്ട താമസ സൗകര്യം, സൗകര്യപ്രദമായ ഗതാഗത സംവിധാനം എന്നിവ ആവശ്യപ്പെട്ടാണ് പ്രമുഖ കരാര്‍ സ്ഥാപനത്തിലെ നൂറുകണക്കിന് തൊഴിലാളികള്‍ പണിമുടക്കിയതും അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെട്ടതും. പണിമുടക്കുന്ന തൊഴിലാളികളോട് ജോലിക്ക് ഹാജരാകാന്‍ തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
അല്ലാത്ത പക്ഷം വിസ റദ്ദാക്കി മുഴുവന്‍ പേരെയും ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചിരുന്നു. ആവശ്യങ്ങള്‍ നിയമാനുസൃത വഴികളിലൂടെ പ്രകടിപ്പിക്കാന്‍ വിസമ്മതിച്ച തൊഴിലാളികളോട് യാതൊരു അനുകമ്പയും വേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്.
തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിന് പുറത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. നാലായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കരാര്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങളെയാണ് പണിമുടക്ക് ബാധിച്ചിരിക്കുന്നത്.