തൊഴിലാളികള്‍ രഹസ്യം ചോര്‍ത്തരുത്

Webdunia
ശനി, 18 ഓഗസ്റ്റ് 2007 (11:59 IST)
FILEFILE
സൌദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ അവരുടെ സ്ഥാപനത്തിന്‍റെ രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ചോര്‍ത്തിക്കൊടുക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം.

സൌദി തൊഴില്‍ മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തൊഴിലാളികള്‍ തൊഴില്‍ നിര്‍വഹണ രംഗത്ത് നിഷ്ക്കര്‍ഷത പുലര്‍ത്തണമെന്നും മറ്റ് നിയമലംഘനങ്ങള്‍ നടത്തരുതെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുസംബന്ധമായ നിര്‍ദേശങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ മന്ത്രാലയം മുഴുവന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി.

അടിയന്തര ഘട്ടങ്ങളിലും സ്ഥാപത്തിന്‍റെയും തൊഴിലാളികളുടെയും സുരക്ഷക്ക് ഭീഷണിയാകുമ്പോഴുമെല്ലാം ആവശ്യമായ എല്ലാ സഹായ സഹകരണങ്ങള്‍ നല്‍കേണ്ടതും സ്ഥാപനത്തിന്‍റെ സാങ്കേതിക,ഉത്പ്പാദന, വാണിജ്യ രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതും തൊഴിലാളിയുടെ ബാധ്യതയാണ്.

തൊഴില്‍ കരാറിനോ, പൊതുനിയമത്തിനോ, പൊതുവായ മാനദണ്ഡങ്ങള്‍ക്കോ എതിരല്ലാത്തതും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാകാത്തതുമായ തൊഴില്‍ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികളുടെ അവസ്ഥകളും താത്പര്യങ്ങളും പരിഗണിച്ച് കൊണ്ടായിരിക്കണം പെറുമാറേണ്ടത്.

വാക്കാലോ, പ്രവര്‍ത്തിയാലോ അവരുടെ അഭിമാനത്തെയും മതത്തെയും സ്പര്‍ശിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു.