ആഗോളതലത്തില്‍ വളരെ ഏറെ തൊഴില്‍ സാധ്യതയുള്ള മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത് തൊഴില്‍ നേടുന്നതിനുള്ള പരിശീലന പരിപാടിക്ക് കേരളത്തില്‍ തുടക്കമായി.
കേരള സംസ്ഥാന ഐ.ടി.മിഷന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളിലൂടെ കെല്‍ട്രോണ്‍ മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രം സംസ്ഥാന ഐ.ടി. മിഷന്‍ ഡയറക്ടര്‍ സൗരഭ് ജയിനും കെല്‍ട്രോണ്‍ മാനേജിങ് ഡയറക്ടര്‍ എം. നാരായണനും ഒപ്പുവെച്ചു.
മലപ്പുറം ജില്ലയിലാണ് പെയിലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ആറു മാസം നീളുന്ന കോഴ്‌സിലൂടെ ആദ്യ ഘട്ടത്തില്‍ 400 പേര്‍ക്ക് പരിശീലനം നല്‍കും. ആഗോളതലത്തില്‍ വളരെ ഏറെ തൊഴില്‍ സാധ്യതയുള്ള മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ രംഗത്ത് കേരളം ഇപ്പോള്‍ വളരെ പിന്നിലാണ്.
ഒമ്പതു മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ അഭിരുചി മനസ്സിലാക്കി അവര്‍ക്ക് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയുന്ന സൈക്കോ മെട്രിക് പ്രൊഫൈലിങ്ങും ഇതോടൊപ്പം മലപ്പുറത്ത് ആരംഭിക്കും.