പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതെങ്ങനെ ?

Webdunia
പരീക്ഷയെഴുതുന്നതിനേക്കാള്‍ ശ്രമകരമാണ് അതിനു മുന്‍പുള്ള തയ്യാറെടുപ്പുകള്‍. അതത്രക്ക് വലിയ കാര്യമാണോ, പഠനമല്ലേ പ്രധാനം എന്ന് ചോദിക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട്. ചെറിയതെങ്കിലും ശ്രദ്ധിക്കാതെ പോവുന്ന പലതും പരീക്ഷാഹാളില്‍ തലവേദനയുണ്ടാക്കാറുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ ലേഖനമൊന്ന് വായിച്ചു നോക്കൂ!

ഹാള്‍ടിക്കറ്റ്, പേന, പെന്‍സില്‍, സ്കെയില്‍, ഇന്‍സ്ട്രുമെന്‍റ് ബോക്സ് എന്നിവ തലേന്നുതന്നെ തയ്യാറാക്കിവയ്ക്കുക. മഷിപ്പേനയാണെങ്കില്‍ മഷി നിറയെ ഉണ്ടോ, ലീക്കു ചെയ്യുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കണം. ബാള്‍ പേന ഉപയോഗിക്കുന്നവര്‍ റീഫില്‍ പുതുതാണോ, സുഗമമായി എഴുതുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം.

പരീക്ഷാഹാളില്‍ അരമണിക്കൂര്‍ മുമ്പെങ്കിലും എത്തണം. ഓടിപ്പിടച്ചെത്തിയാല്‍ വെപ്രാളത്തില്‍ ഉത്തരങ്ങള്‍ തെറ്റാനിടയുണ്ട്. ഹാള്‍ടിക്കറ്റിലെ നമ്പര്‍ ഉത്തരക്കടലാസില്‍ കൃത്യമായി പകര്‍ത്തണം. ഉത്തരക്കടലാസില്‍ മൂന്നുവശത്തും മാര്‍ജിന്‍ വിടണം. മാര്‍ജിനുള്ള പേപ്പറിലെ ഉത്തരങ്ങള്‍ കാണാന്‍ ഭംഗിയുണ്ടാകും.

ചോദ്യങ്ങള്‍ സശ്രദ്ധം വായിക്കുക. ഉത്തരം സൂഷ്മവും കൃത്യവുമാകാന്‍ ഇത് സഹായിക്കും. വ്യക്തമായും വൃത്തിയായും ഉത്തരമെഴുതണം. നല്ല കൈയക്ഷരത്തിന് പരിശോധകന്‍റെ ശ്രദ്ധ നേടാനാവും. എല്ലാ ചോദ്യത്തിനും ഉത്തരമെഴുതണം. സമയം കണക്കാക്കിയേ ഉത്തരമെഴുതാവൂ.

ലസമായിരുന്ന് ആദ്യമൊക്കെ സാവധാനം എഴുതിയാല്‍ പിന്നീട് കൂടുതല്‍ മാര്‍ക്കുള്ള ഉപന്യാസ രൂപത്തിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ സമയം കിട്ടാതെ വരും. വാരിവലിച്ചെഴുതരുത്. കൃത്യമായ ഉത്തരമെഴുതുക.

പരീക്ഷയെഴുതിക്കഴിഞ്ഞാലുടന്‍ ഉത്തരങ്ങള്‍ വായിച്ചുനോക്കുക. അക്ഷരത്തെറ്റുണ്ടെങ്കില്‍ കണ്ടെത്താനും തിരുത്താനുമാവും. പേപ്പറുകള്‍ നൂലുപയോഗിച്ച് ക്രമം നോക്കി കൂട്ടിക്കെട്ടുക. നൂലഴിഞ്ഞുപോവാനിടയാവരുത്.