ഡയറി കോളജ് നഷ്ടപ്പെടുന്നു

വ്യാഴം, 20 ഡിസം‌ബര്‍ 2007 (12:52 IST)
PTIPTI
കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ ഇടുക്കിയിലെ വാഗമണ്ണില്‍ ലഭിച്ച ഡയറി സയന്‍സ് ആന്‍റ് ടെക്നോളജി കോളജ് നഷ്ടപ്പെടാന്‍ സാധ്യതയേറി. ഈ അധ്യയന വര്‍ഷം വാഗമണ്ണിനടുത്ത് കോലാഹലമേട്ടില്‍ കോളജ് ആരംഭിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

രണ്ടായിരത്തിലാണ് കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ വാഗമണ്ണിനടുത്ത് കോലാഹലമേട്ടില്‍ ഡയറി സയന്‍സ് ആന്‍റ് ടെക്നോളജി കോളജ് അനുവദിച്ചത്. കെ.എല്‍.ഡി ബോര്‍ഡിന്‍റെ കൈവശമുണ്ടായിരുന്ന 84 ഹെക്ടര്‍ സ്ഥലവും ഫാം കെട്ടിടവും ഇതിനായി കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കൈമാറിയിരുന്നു.

എന്നാല്‍ നാല് വര്‍ഷത്തിന് ശേഷവും കോളജ് ആരംഭിക്കാത്തതിനാല്‍ സ്ഥലം കെ.എല്‍.ഡി ബോര്‍ഡിന് തിരികെ നല്‍കി. ഇത്തവണ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചെങ്കിലും സ്ഥലം കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് വീണ്ടും കൈമാറാത്തതും കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതുമാണ് കോളജിന്‍റെ പ്രവര്‍ത്തനം തുടങ്ങാന്‍ തടസ്സമായിരിക്കുന്നത്.

അടിസ്ഥന സൌകര്യങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ കോളജിന്‍റെ പ്രവര്‍ത്തനം മണ്ണുത്തിയില്‍ തന്നെ ഇപ്പോഴും തുടരുകയാണ്. കോളജിന് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 35 കോടി രൂപയുടെ പദ്ധതി സര്‍വ്വകലാശാല സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി.

സെപ്റ്റംബറില്‍ കോലാഹലമേട്ടില്‍ വച്ച് കാര്‍ഷിക സര്‍വ്വകലാശാലയുടെ എക്സിക്യുട്ടീവ് ചേരാനും അതിന് ശേഷം ക്ലാസുകള്‍ ആരംഭിക്കാനുമാണ് തീരുമാനിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥരുടെയും സര്‍ക്കാരിന്‍റെയും അലംഭാവം മൂലം കോളജ് ഇടുക്കിക്ക് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

വെബ്ദുനിയ വായിക്കുക