ജീവിതപുസ്തകത്തിലെ പ്രണയാദ്ധ്യായം

Webdunia
WD
തിരക്ക് പിടിച്ച ഇന്നത്തെ കാലത്ത് ക്ഷമാപൂര്‍വം കവിതകള്‍ വായിക്കാനും ആസ്വദിക്കാനും കവിതാസ്വാദകര്‍ക്ക് പോലും കഴിയാത്ത അവസ്ഥയാണ്. ഈ അവസ്ഥയില്‍ പോലും നല്ല കവിതയെ ഇഷ്ടപ്പെടുന്നവരെ വായനയിലേക്ക് നയിക്കുന്ന പ്രണയകവിതകളുടെ സമാഹാരമാണ് കെ എന്‍ ഷാജികുമാറിന്‍റെ പ്രണയപുസ്തകം.

ഇതിലെ കവിതകളെല്ലാം ആത്മനിഷ്ഠങ്ങളാണെന്ന് നിസ്സംശയം പറയാം. എന്നാല്‍, തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണ് ഈ കവിതകളോരോന്നും രചിക്കപ്പെട്ടിരിക്കുന്നത്. ‘ പ്രണയപുസ്തകം’ എന്നല്ല മറിച്ച് ജീവിതപുസ്തകത്തിലെ പ്രണയാ‍ധ്യായമാണീ കവിതകള്‍ എന്ന് പറയുന്നതായിരിക്കും ഉചിതം. എന്നാല്‍, വെറുമൊരു പ്രണയത്തിനപ്പുറത്തേക്ക് ഉത്തരാധുനിക സമൂഹത്തിന്‍റെ ഭീതിപ്പെടുത്തുന്ന തലങ്ങളുടെ അനാവരണം കൂടിയായി ഇതിലെ ഓരോ പ്രണയകവിതകളും മാറുന്നു. റസിയ എന്ന കവിത ഉദാഹരണം.

“അലകടലായലറും മൌനം
നിറമിഴികളില്‍ പൂക്കും നേരം
കരളാകെ വാരിയെറിഞ്ഞിട്ടിരു-
വഴികളില്‍ പിരിഞ്ഞവര്‍ നമ്മള്‍” എന്ന് കവി റസിയയെ കുറിച്ച് വേദനയോടെ ഓര്‍ക്കുന്നു.

ഒടുവില്‍ റസിയയ്ക്കുണ്ടാകുന്ന മാറ്റം സമൂഹത്തില്‍ നിഷ്കളങ്കയായ പെണ്‍കുട്ടിയ്ക്ക് ഉണ്ടാകുന്ന മാറ്റമാണ്. ‘കരിമന്‍ണിന്‍ കാമം പേറി കരിനാഗമായണയുന്നോര്‍ക്ക് രതിരോഗം പകരുന്ന രാത്രിയാണ് ഇന്ന് റസിയ’ എന്ന് തിരിച്ചറിഞ്ഞ് കവി നെഞ്ച്പൊട്ടുന്ന വേദന അടിച്ചമര്‍ത്തി പിന്‍‌വാങ്ങുമ്പോള്‍ ഇന്നത്തെ സമൂഹത്തിന്‍റെ നേര്‍ച്ചിത്രം വ്യക്തമാകുന്നു. പെണ്ണ് ഉപഭോഗവസ്തുവായി മാറുന്ന വര്‍ത്തമാനകാലത്തെ ഭീതിജനകമായ ചിത്രമാണിവിടെ കവി വരച്ച് കാട്ടുന്നത്.

WDWD
കാമുകീകാമുക ഹൃദയങ്ങള്‍ ഒന്നുചേര്‍ത്ത് അദ്വൈതാവസ്ഥയിലേക്ക് ഉയരുന്ന അനുഭവമാണ് ‘ ശിവഗംഗ’ യില്‍ കവി അനാവരണം ചെയ്യുന്നത്. ജീവിതത്തിലെ പാപങ്ങള്‍ എല്ലാം കഴുകിക്കളഞ്ഞ് നീ എന്‍റെ തിരുജടയില്‍ ശിവഗംഗയാകുക എന്ന് കവി കാമുകിയോട് പറയുമ്പോള്‍ മാംസനിബദ്ധമല്ലാത്ത അനുരാഗത്തിന്‍റെ തീവ്രത ദര്‍ശിക്കാം.

ഉത്തരാധുനിക കാലത്തെ കാ‍മുകീഭാവമെന്നത് കപടമാണ്. ജാതിയും മതവും ജാതകപ്പൊരുത്തവും സാമ്പത്തിക സ്ഥിതിയും മാത്രമല്ല രക്തഗ്രൂപ്പും നോക്കിയാണ് ഇന്നെത്തെ കാമ്പസ് പ്രണയങ്ങള്‍ പൂക്കുന്നത്. ‘വിട’ എന്ന കവിത ഉത്തരാധുനിക കാലപ്രണയത്തിന്‍റെ ഭാവസുന്ദരമായ ആഖ്യാനമാണ്.

“ കനലെരിയും ഹൃദയക്ഷേത്രത്തില്‍
കണ്ണീര്‍പുക്കളാല്‍ നിന്നെയും ധ്യാനിച്ച്
കപടസ്നേഹിതേ, യാത്രയവട്ടെ ഞാന്‍
ചേക്കേറുവാന്‍ ചില്ലയില്ലാത്താന്‍” എന്ന് പറഞ്ഞ് യാന്ത്രിക പ്രണയ സംസ്കാരത്തിന്‍റെ ബലിയാടായി പിന്തിരിഞ്ഞ് നടക്കുന്ന കവിയെ ഇവിടെ കാണാം.

കെ എന്‍ ഷാജികുമാറിന്‍റെ ഏറ്റവും പ്രശസ്തമായ കവിത ‘കൊടിയേറ്റം’ ആണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേശാഭിമാനി വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കാലത്ത് തന്നെ ഈ കവിത ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. വേളിമല വേല്‍മുരുകന്‍റെ ഉത്സവകൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഈ കവിതയില്‍ സാമൂഹ്യാവസ്ഥകളെ വിമര്‍ശനവിധേയമാക്കിയിരിക്കുന്നു.

“ നിറവയറിന്‍ വേവാറ്റാന്‍
ഇരുവരുള്‍ വഴികളില്‍
പേരറിയാം പെണ്ണിന്‍റെ
കൊടുംശാപക്കടലേറ്റം
ഭഗവാന് കൊടിയേറ്റം” എന്നിങ്ങനെ ഉത്സവക്കൊടിയേറ്റത്തിനിടയ്ക്കും വിശക്കുന്ന വയറിന്‍റെ വേദനിപ്പിക്കുന്ന ദുരന്തചിത്രം വായനക്കാര്‍ക്ക് അമ്പരപ്പുളവാക്കും വിധം പച്ചയായി തന്നെ കവി പറയുന്നു.‘ കലികാലത്തോറ്റം’ എന്ന കവിതയും ഇത്തരത്തില്‍ വാ‍യനക്കാരെ അത്ഭുതപ്പെടുത്തുന്ന ചിന്തകളുടെ സമന്വയം കാണാം.

കവിയരങ്ങിലോ ബുദ്ധിജീവികളുടെ ചിന്താകേന്ദ്രത്തിലോ വച്ച് കെ എന്‍ ഷാജികുമാറിനെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാന്തരമാ‍ഗസിനുകളും പത്രങ്ങളുടെ വാരാന്ത്യപ്പതിപ്പുകളിലും സ്ഥിരമായി കവിതയെഴുതികൊണ്ടിരുന്ന കെ എന്‍ ഷാജികുമാര്‍ പിന്നീട് നിശ്ബ്ദനാകുകയായിരുന്നു. എന്താണതിന് കാരണമെന്നറിയില്ല. എന്തായാലും മലയാളിയെ വീണ്ടും വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് വരാന്‍ ‘പ്രണയപുസ്തക’ ത്തിന് കഴിയും. എന്നാല്‍ പ്രണയപുസ്തകം നല്‍കുന്ന പ്രശസ്തിയുടെ ‘ഹാങ്‌ഓവ’റില്‍ നിനും മുക്തനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ നല്ല കവിതകളും കെ എന്‍ ഷാജികുമാര്‍ എന്ന കവിയും തമ്മില്‍ അതിവേഗം തെറ്റിപ്പിരിയും എന്നതും ഒരു സത്യമാണ്.

പ്രണയപുസ്തകം
പരിധി പബ്ലിക്കേഷന്‍സ്
തിരുവനന്തപുരം