കലാ സൌരഭ്യത്തിന്‍റെ വാക്കുകള്‍...

Webdunia
FILEFILE
സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഒരു പ്രശസ്ത ചാനലില്‍ കവി അയ്യപ്പപ്പണിക്കരുമായി ഒരു സുന്ദരിയായ പെണ്‍കുട്ടി അഭിമുഖം നടത്തുന്നു.‘കവിതയൊക്കെ എഴുതാറുണ്ടോ?’. ഞെട്ടിയത് അയ്യപ്പപ്പണിക്കരല്ല. പ്രേഷകരാണ്. ഇത്തരം അഭിമുഖങ്ങള്‍ മാധ്യമ ലോകത്ത് പതിവാണ്.

എന്നാല്‍, പാലക്കാട്ടുകാരനായ എന്‍.പി വിജയകൃഷ്ണന്‍ നടത്തുന്ന ഓരോ അഭിമുഖവും ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണ്. ഒരു വ്യക്തിയുമായി അഭിമുഖം നടത്തേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കുന്നതാണ് വിജയകൃഷ്‌ണന്‍റെ അഭിമുഖങ്ങളെന്ന് മാധ്യമ രംഗത്ത് ഒരു സംസാരം നിലനില്‍ക്കുന്നുണ്ട് .

കേരളീയമായ കലകളെക്കുറിച്ച് ആധികാരതയോടെ എഴുതുന്നവര്‍ വളരെച്ചുരുക്കമാണ്. ഈ രംഗത്തെ ആധികാരികമായ ശബ്‌ദം കൂടിയാണ് എന്‍.പി. വിജയകൃഷ്‌ണന്‍റേത്‍‍‍‍. സമഗ്രതയോടെ അതേ സമയം കലാകാരന്‍റെ സംഘര്‍ഷം ഏറ്റുവാങ്ങി എഴുതുന്ന വ്യക്തിയാണ് വിജയകൃഷ്ണന്‍. കേരളീയം(കലാപഠനങ്ങള്‍), പ്രേമ്‌ജി( ജീവചരിത്രം),പല്ലാവൂര്‍ അപ്പുമാരാര്‍(ജീവിതകഥ), നിലമ്പൂര്‍ അയിഷ(ജീവിതകഥ) തുടങ്ങിയ രചനകള്‍ വിജയകൃഷ്ണന്‍റെ പ്രതിഭ തെളിയിക്കുന്നവയാണ്..

വിജയകൃഷ്ണന്‍ കേരളീയ കലാരംഗത്തെ കുലപതികളുമായി നടത്തിയ അഭിമുഖങ്ങളാണ് കുലപതികളുടെ വാക്കുകളെന്ന പേരില്‍ പാപ്പിയോണ്‍ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഞെരളത്ത് രാമപ്പൊതുവാള്‍,അമ്മന്നൂര്‍ മാധവചാക്യാര്‍,ചമ്പക്കുളം പാച്ചുപ്പിള്ള, കീഴ്‌പ്പടം കുമാരന്‍ നായര്‍, കലാമണ്ഡലം രാമന്‍‌കുട്ടിനായര്‍, കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍,വാഴേങ്കട ഗോവിന്ദന്‍ വാരിയര്‍, കലാമണ്ഡലം പത്മനാഭന്‍ നായര്‍, കോട്ടക്കല്‍ ശിവരാമന്‍ ,കലാമണ്ഡലം ഗോപി, കലാമണ്ഡലം ശങ്കരന്‍ എമ്പ്രാതിരി,മൃണാളിനി സാരാഭായ്,പല്ലാവൂര്‍ അപ്പുമാരാര്‍,ആലിപ്പറമ്പ് ശിവരാമപ്പൊതുവാള്‍ തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഓരോ കലാ വിഭാഗങ്ങളിലെയും കുലപതികളോട് ചോദിച്ചിരിക്കുന്ന ഓരോ ചോദ്യവും വളരെയധികം സൂക്ഷ്‌മതയോടു കൂടിയാണ് വിജയകൃഷ്‌ണന്‍ തെരഞ്ഞെടുത്തിരിക്കുന്നത്. ആ കലയുടെ ചരിത്രപരമായ വികാസം, കലാകാരന്‍‌മാരുടെ പരീക്ഷണങ്ങള്‍, വര്‍ത്തമാന അവസ്ഥ എന്നിവ വിജയകൃഷ്‌ണന്‍ ഈ അഭിമുഖങ്ങളിലൂടെ പുറത്തു കൊണ്ടു വന്നിരിക്കുകയാണ്. കലാ കുലപതികളുടെ പ്രതിഭയുടെ അവസാനത്തുള്ളിയും പുറത്തുക്കൊണ്ടുവരുവാന്‍ വിജയകൃഷ്ണന് കഴിഞ്ഞിരിക്കുന്നു.

അഭിമുഖം ആരംഭിക്കുന്നതിനു മുമ്പ് നല്‍കിയിരിക്കുന്ന ആമുഖം സരളമായ ഭാഷയിലുള്ളതാണ്. അതേ സമയം ആ കലാകാരന്‍റെ പ്രതിഭയ്ക്ക് തിലകക്കുറിയേകുന്നതുമാണ്. 14 അഭിമുഖങ്ങളില്‍ എല്ലായിടത്തും ഒരു കാര്യം കാണുവാന്‍ കഴിയും വിജയകൃഷ്‌ണനെന്ന കലാ ആസ്വാദകന്‍റെ എളിമ. വളരെ താഴ്‌മയോടെയാണ് കലാരംഗത്തെ കുലപതികളോട് വിജയകൃഷ്‌ണന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത്. അതേ സമയം വിജയകൃഷ്ണന്‍റെ ഓരോ ചോദ്യത്തിനും സൂക്ഷ്‌മ നിരീക്ഷണത്തിന്‍റെ ചൈതന്യം ദര്‍ശിക്കുവാന്‍ കഴിയും.

കുലപതികളുടെ വാക്കുകള്‍ വായിച്ചു കഴിയുമ്പോള്‍ കേരളീയ കലകളിലൂടെ പ്രദക്ഷിണം നടത്തിയ അനുഭൂതിയാണ് വായനക്കാരന് ലഭിക്കുക. അതേ സമയം ഒരു വ്യക്തിയെ അഭിമുഖം നടത്തേണ്ടത് എങ്ങനെയാണെന്നും.