ദേവീക്ഷേത്രങ്ങളിലെ കുത്തിയോട്ടം

Webdunia
ദക്ഷിണ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ വഴിപാടെന്ന നിലയില്‍ ഇന്നും നടത്തുന്ന അനുഷ് ഠാനാത്മകമായ നാടന്‍ നൃത്തകലാരൂപമാണ് കുത്തിയോട്ടം. മാരക രോഗങ്ങളായ വസൂരി, വിഷൂചിക എന്നിവയുടെ ദേവതയായ കാളിയെ പ്രീതിപ്പെടുത്തുന്നതിനാണ് ഈ അനുഷ്ഠാനം നടത്തുന്നത്.

കുത്തുക ഓടുക എന്നീ രണ്ട് ക്രിയകളില്‍ നിന്നാണ് കുത്തിയോട്ടം എന്ന പദമുണ്ടായത്. കുത്തുക എന്നാല്‍ കുത്തിയോട്ടത്തിനുള്ള കുട്ടിയുടെ വയറിന്‍റെ വശങ്ങളില്‍ നൂല്‍ക്കമ്പി കുത്തുക എന്നതാണ്. കുത്തിയ സ്ഥലത്ത് നിന്നും കുട്ടിയെ ക്ഷേത്രത്തിലേക്ക് എത്തിക്കുന്ന യാത്രയാണ് ഓട്ടം.

മുന്‍പൊക്കെ കീറിയെടുത്ത ചൂരലാണ് നൂല്‍ക്കമ്പിക്ക് പകരം ഉപയോഗിച്ചിരുന്നത്. അതുകൊണ്ടിതിനെ ചൂരല്‍കുത്ത് എന്നും അറിയപ്പെടുന്നു. ആറ്റുകാല്‍, ചെട്ടികുളങ്ങര തുടങ്ങിയ ക്ഷേത്രങ്ങളിലെ കുത്തിയോട്ടം പ്രസിദ്ധമാണ്.

കുത്തിയോട്ടം കുംഭമാസത്തിലാണ്. വഴിപാട് കുട്ടിയെക്കൊണ്ട് കുത്തിയോട്ടം നടത്തുമെന്ന് നേരുന്നയാള്‍ ബന്ധുക്കളെയും സമീപ വാസികളെയും അറിയിക്കും. പാട്ടുകാരെയും മറ്റും ഏര്‍പ്പെടുത്തുന്നു. സ്വന്തം കുട്ടികളെയാണ് കുത്തിയോട്ടത്തിന് നിയോഗിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ മാത്രം കുട്ടികളെ കുത്തിയോട്ടത്തിന് വില കൊടുക്കുന്ന ഏര്‍പ്പാടുണ്ട്.

ദേവിക്ക് കുട്ടികളെ ബലി നല്‍കുന്നു എന്ന വിശ്വാസമാണ് കുട്ടികളെ വില കൊടുത്ത് വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ദേവിക്ക് ദാസന്മാരായി തങ്ങളുടെ കുട്ടികളെ നല്‍കുന്നു എന്ന വിശ്വാസമാണ് മറ്റിടങ്ങളിലുള്ളത്.


കുത്തിയോട്ട വ്രതാനുഷ്ഠാനം

കുത്തിയോട്ടത്തിന് തയ്യാറായ കുട്ടികള്‍ ഏഴു ദിവസം വ്രതമെടുക്കണം. ഒരിക്കല്‍ കുത്തിയ കുട്ടിയെ വീണ്ടും കുത്താറില്ല. കാരണം കുത്തിയോട്ടത്തോടെ അവനെ ബലി നല്‍കിക്കഴിഞ്ഞുവെന്നാണ് കരുതുന്നത്. ഈ വിശ്വാസം ചെട്ടികുളങ്ങരയിലും ആലപ്പുഴയിലും മാത്രമേ ഉള്ളു.

വ്രതമെടുക്കുന്ന കുട്ടികളെ ദേവീ സ്ഥാനത്തിന് മുന്നില്‍ അഞ്ച് ദിവസം നൃത്തം പഠിപ്പിക്കും. ആറാം ദിവസം കുട്ടികളെ ഒരുക്കും. അന്ന് കരയിലുള്ള എല്ലാവര്‍ക്കും സദ്യ ഉണ്ടായിരിക്കും.

തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ കുട്ടികളെ ഏഴ് ദിവസത്തിന് മുന്‍പ് ക്ഷേത്രത്തിലെത്തിക്കും. ഇവര്‍ മൂന്നു നേരവും കുളിച്ച് തൊഴുത് ക്ഷേത്രത്തിലെ ഭക്ഷണവും കഴിച്ച് അവിടെത്തന്നെ കഴിഞ്ഞുകൂടും

കുത്തിയോട്ട ദിവസം കുട്ടികളെ കുളിപ്പിച്ച് അലങ്കരിച്ചതിന് ശേഷം ചൂരല്‍ കുത്തുന്നു. ഇതിന് വേണ്ടി വയറിന്‍റെ ഇരുവശങ്ങളിലെയും തൊലിയെ ഭസ്മമിട്ട് തിരുമി മാംസത്തില്‍ നിന്ന് വേര്‍പെടുത്തുന്നു. ഈ തൊലികള്‍ക്കിടയിലൂടെ നൂല്‍ക്കമ്പി കൊരുത്തുകയറ്റുന്നു. കുത്തുന്ന സമയത്ത് ആര്‍പ്പും കുരവയുമായി കൂടെയുള്ളവര്‍ കുട്ടിക്ക് വേദന അറിയാതെയാക്കുന്നു.

ക്ഷേത്രത്തിന് മൂന്ന് വലം വച്ച് ദേവിയുടെ മുന്‍പില്‍ താളവട്ടങ്ങള്‍ ചവുട്ടി ചൂരലൂരി ദേവിക്ക് സമര്‍പ്പിക്കുന്നു. ഇതോടെ ചടങ്ങുകള്‍ തീരുന്നു.


കുത്തിയോട്ടത്തിലെ ചമയങ്ങള്‍

ദേവീ ക്ഷേത്രങ്ങളിലെ കുത്തിയോട്ട വഴിപാടിനായി വ്രതമെടുക്കുന്ന ബാലന്മാരുടെ മുഖത്ത് മനയോലയിട്ട് അരിമാവുകൊണ്ട് വെളുത്ത പുള്ളി കുത്തുന്നു. ശരീരത്തിലും പുള്ളി കുത്തുന്നു. വസൂരിയെയാണ് ഇത് സൂചിപ്പിക്കുന്നത്. തലയില്‍ മുകള്‍ വശം പരന്നതും സ്വര്‍ണ്ണനിറത്തിലുള്ളതുമായ ഒരു തൊപ്പി വച്ചിരിക്കും. അരയില്‍ ചല്ലടം എന്ന വസ്ത്രം ധരിക്കുന്നു. ഇതിനു മുകളില്‍ വാഴയിലയും പിന്നെ കച്ചപ്പുറം എന്ന അരത്താലിയും അണിയുന്നു.

കാലില്‍ ചിലങ്കയോ കാല്‍ത്തളയോ ഉണ്ടാകും. കഴുത്തില്‍ തെച്ചിപ്പൂ മാലയും സ്വര്‍ണ്ണമാലയും അണിയുന്നു. ചിലയിടങ്ങളില്‍ കൃഷ്ണന്‍റെ രൂപത്തിലും കുട്ടിയെ ഒരുക്കാറുണ്ട്.

മറ്റു കലകളുമായുള്ള ബന്ധം

പല നാടന്‍ കലകളുമായും കുത്തിയോട്ടത്തിന് ബന്ധമുണ്ട്. പടയണി, ചാവര്‍കളി, പരിചമുട്ടുകളി എന്നിവയുമായുള്ള ബന്ധമാണ് പ്രധാനം. ഇവയുടെ ചുവടുകള്‍ക്ക് കുത്തിയോട്ടത്തിനോട് സാദൃശ്യമുണ്ട്. കളരിപ്പയറ്റിന്‍റെ അഭ്യാസ മുറകളോടും സാമ്യം കാണാം.


നരബലിയുമായുള്ള ബന്ധം

കുത്തിയോട്ടത്തിന്‍റെ അനുഷ്ഠാനങ്ങള്‍ക്ക് നരബലിയോട് സാദൃശ്യമുണ്ട്. രോഗ ദേവതകള്‍ക്ക് നരബലിയിലൂടെ മനുഷ്യ രക്തം നല്‍കി പ്രീതിപ്പെടുത്തുന്ന സമ്പ്രദായം പണ്ടു മുതല്‍ക്കേ ഉണ്ടായിരുന്നതാണ്. അതിന്‍റെ തുടര്‍ച്ചയാണ് കുത്തിയോട്ടം. ഇവിടെ നരബലി നടക്കുന്നില്ല എന്ന് മാത്രം. ചൂരല്‍ കുത്തിലൂടെ രക്തം കൊടുത്ത് ദേവിയെ പ്രീതിപ്പെടുത്തുന്നുണ്ട്.

കുത്തിയോട്ടത്തിന് തയ്യാറാവുന്ന കുട്ടിയുടെ കഴുത്തില്‍ അണിയിക്കുന്ന ചുവന്ന മാല, ഘോഷയാത്രയോടൊപ്പം കൊണ്ടു പോകുന്ന മഞ്ഞളും ചുണ്ണാമ്പും കലക്കിയ ചുവന്ന വെള്ളം (ഇത് രക്തത്തെ സൂചിപ്പിക്കുന്നു) എന്നിവയും കുത്തിയോട്ടത്തിന് നരബലിയോടുള്ള സാദൃശ്യം ബലപ്പെടുത്തുന്നു.

മനുഷ്യന് സാംസ്കാരികവും ബുദ്ധിപരവുമായി ഉണ്ടായ ഉയര്‍ച്ച നരബലി പോലുള്ള അനാചാരങ്ങള്‍ ഇല്ലാതാക്കി. എന്നാലും സമൂഹത്തിലും മനസ്സിലും ഉറച്ചുപോയ ഇതിന്‍റെ ശേഷിപ്പുകള്‍ അനുഷ്ഠാനങ്ങളിലൂടെ ഇന്നും തുടര്‍ന്ന് പോരുന്നു.



ആറ്റുകാല്‍ ക്ഷേത്രത്തിലെ മുഖ്യ നേര്‍ച്ചയായ കുത്തിയോട്ടം ആണ്‍കുട്ടികള്‍ക്കുള്ള വഴിപാടാണ്. ആറ്റുകാലമ്മയുടെ അനുചരന്‍മാരായി ബാലകരെ നിര്‍ത്തുന്ന ചടങ്ങാണ് കുത്തിയോട്ടം. ബാലകര്‍ ക്ഷേത്രാങ്കണത്തിലെത്തിയാല്‍ പിന്നെ അവര്‍ അമ്മയുടെ അനുഗ്രഹിക്കപ്പെട്ട സന്താനങ്ങളാണ്. താമസവും ഭക്ഷണവുമൊക്കെ ക്ഷേത്രത്തില്‍ തന്നെ.

മൂന്നാം ഉത്സവ ദിവസമാണ് കുത്തിയോട്ടമാരംഭിക്കുക. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും കുളിച്ചീറനോടെ തിരുനടയിലെത്തി നമസ്കരിക്കണം. ഒരു നേര്‍ച്ചക്കാരന്‍ ഏഴുദിവസം കൊണ്ട് ആയിരത്തെട്ടു നമസ്കാരം ചെയ്യണമെന്നാണു കണക്ക്. രാത്രിയില്‍ ക്ഷേത്രത്തിനകത്ത് മെടഞ്ഞ ഓല വിരിച്ച് അതിലാണ് കുത്തിയോട്ടക്കാരാന്‍റെ ഉറക്കം.

പൊങ്കാലദിവസം രാത്രി ദേവിയുടെ എഴുന്നള്ളത്തിന് അകന്പടി സേവിക്കുന്നത് കുത്തിയോട്ടക്കാരാണ്. അന്നവര്‍ക്ക് ഭക്ഷണം കൊടുക്കില്ല. രാത്രി അണിയിച്ചൊരുക്കി തലയില്‍ കിരീടവും കയ്യില്‍ പൂച്ചെണ്ടുമണിഞ്ഞ് തിരുനടയില്‍ കൊണ്ടുവന്നു ചൂരല്‍ കുത്തുന്നു.

( ശരീരത്തിന്‍റെ ഇരുവശങ്ങളിലുമായി വാരിയെല്ലിനു താഴെ തൊലി വേര്‍പെടുത്തി ചൂണ്ടുകൊണ്ടു കന്പികൊരുത്ത് ഭസ്മവും വെറ്റിലയും ചേര്‍ത്തുവെച്ചു കെട്ടുന്നതാണ് ചൂരല്‍കുത്ത്) ഇതു കഴിഞ്ഞാല്‍ എഴുന്നള്ളത്തിന് അകന്പടി സേവിക്കാന്‍ കുത്തിയോട്ടക്കാര്‍ തയ്യാറാവുകയായി