കണ്‍‌മണി പോലെയുള്ള വീടിനെ കണ്ണുതട്ടാതെ നോക്കാം!

Webdunia
ശനി, 7 ഏപ്രില്‍ 2018 (15:52 IST)
ഒരു വ്യക്തിയുടെ നോട്ടത്തിലൂടെയുള്ള ദോഷം മറ്റൊരു വ്യക്തിക്കോ അയാളുടെ വീടിനോ അല്ലെങ്കില്‍ വാഹനത്തിനോ മറ്റോ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകളോ നാശങ്ങളോ സംഭവിക്കും എന്ന ഒരു നാടോടി വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണുദോഷം എന്ന് പൂര്‍വികര്‍ അഭിപ്രായപ്പെടുന്നത്. ഒരു അന്ധവിശ്വാസം മാത്രമാണ് ഇതെന്ന് തോന്നാമെങ്കിലും വാസ്തുശാസ്ത്രത്തില്‍ ഈ ദോഷത്തെക്കുറിച്ച് പറയുന്നുണ്ട്.
 
ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട്. വളരെക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി വളരെ ആഗ്രഹിച്ച് മനോഹരമായ വീട് വച്ചിട്ട് അതില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തു കാര്യം? ആയതിനാല്‍ വീടിന്റെ പണിപൂര്‍ത്തിയാകുന്നതിനു മുന്‍പ് ചില മുന്‍കരുതലുകളെടുക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 
 
വീടിന്റെ മുന്‍ഭാഗത്തെ അതിമനോഹരമായ എലിവേഷന്‍ ഏതൊരാളുടേയും ദൃഷ്ടിയെ ആകര്‍ഷിക്കും. 'കൊള്ളാം' എന്ന് മനസ്സിലെങ്കിലും അവര്‍ അഭിപ്രായം പറയും. ദോഷദൃഷ്ടിയുള്ള ഒരാളാണെങ്കില്‍ 'ഓഹോ ഇവന് ഇത്രയും വലിയ കൊട്ടാരം തന്നെ വേണമായിരുന്നോ' എന്നായിരിക്കും ചിന്തിക്കുക. അതോടെ ആ വീടിനേയും നമ്മളേയും ദോഷം ബാധിച്ചു തുടങ്ങും. അതുപോലെ വീടില്‍ അടിക്കുന്ന നിറങ്ങളും ദോഷദൃഷ്ടിയ്ക്ക് കാരണമായേക്കുമെന്നും പറയുന്നു.
 
ദൃഷ്ടിദോഷം ഏല്‍ക്കാതിരിക്കാനായി വീടിന്റെ മുന്‍ഭാഗത്ത്‌ ഒരു ദൃഷ്ടിഗണപതിയെ സ്ഥാപിക്കുന്നത് നല്ലതാണ്. വീടുപണി നടക്കുന്ന സമയത്ത് ഒരു കുമ്പളങ്ങയോ ചുരക്കയോ വീടിന് മുന്നില്‍ തൂക്കി ഇടാറുണ്ട്. തമിഴ്നാട്ടില്‍ രാക്ഷസമുഖങ്ങളാണ് ഇപ്രകാരം വയ്ക്കുന്നത്. വീടിന് മുന്നില്‍ ഭംഗിയുള്ള ഒരു പൂന്തോട്ടം ഉള്ളതും നല്ലതാണ്. അതല്ലെങ്കില്‍ മനോഹരമായ ചിത്രപ്പണികളുള്ള ഒരു പൂച്ചട്ടിയില്‍ നല്ലൊരു ചെടി വളര്‍ത്തി മുന്‍വശത്ത് വയ്ക്കണം.
 
മറ്റൊരു മാര്‍ഗ്ഗം എന്തെന്നാല്‍ വീടിന്റെ ഇരു വശങ്ങളിലുമുള്ള ജനാലകള്‍ക്ക് എന്തെങ്കിലും പ്രത്യേകത നല്‍കി നോട്ടം അതിലേക്കു തിരിച്ചു വിടുക എന്നതാണ്. ഇതൊന്നും സാധിക്കാത്ത വീടുകളാണെങ്കില്‍ ഒരു പഴയ ചെറിയ ചെമ്പുകുടത്തില്‍ ചീനക്കാരം, ഇരുമ്പ് പൊടി, ചവിട്ടടി മണ്ണ്, മഞ്ഞള്‍പൊടി, ഗുരുതി ഇവ നിറച്ച് മതിലിനുവെളിയില്‍ ഗേറ്റിനുമുന്നിലായി കുഴിച്ചിടുന്നതും ദൃഷ്ടിദോഷം ഏല്‍ക്കാതിരിക്കാന്‍ ഉത്തമമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article