അര്‍ജന്‍റീന ഹൃദയം കൊണ്ട് കളിക്കണമെന്ന് മറഡോണ

ശനി, 3 ജൂലൈ 2010 (13:34 IST)
PRO
ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ന് ജര്‍മനിയെ കീഴടക്കണമെങ്കില്‍ അര്‍ജന്‍റീനയുടെ കളിക്കാര്‍ ഹൃദയം കൊണ്ട് പന്ത് തട്ടണമെന്ന് പരിശീലകന്‍ ഡീഗൊ മറഡോണ. ഇന്ന് ജര്‍മനിയെ കീഴടക്കണമെങ്കില്‍ ജീവന്മരണ പോരാട്ടം തന്നെ കളിക്കാര്‍ കാഴ്ചവെയ്ക്കേണ്ടി വരുമെന്നും മറഡോണ പറഞ്ഞു. ഒരു രാജ്യംജ് മുഴുവന്‍ നിങ്ങള്‍ക്ക് പിന്നിലുണ്ട്. അവര്‍ നാളെ പുലരുമ്പോള്‍ പുഞ്ചിരിയോടെ ഉണരണമോയെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. അര്‍ജന്‍റീനയാണ് ഫേവറൈറ്റുകളെന്ന വാദം മറഡോണ തള്ളിക്കളഞ്ഞു.

പണ്ട് ദൈവത്തിന്‍റെ കൈ സഹായിച്ചതു പോലെ ജര്‍മനിയ്ക്കെതിരെയും ദൈവസഹായമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മറഡോണ പറഞ്ഞു. ഞങ്ങള്‍ ഫൈനല്‍ കളിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ ഞങ്ങള്‍ അവിടെയുണ്ടാവും. ദൈവം അതു തന്നെയാണ് ആഗ്രഹിക്കുന്നതെന്നും ഞങ്ങള്‍ക്കറിയാം.

പക്ഷെ ജര്‍മനിയെ കീഴടക്കാന്‍ ദൈവത്തിന്‍റെ കൈ വേണ്ടി വരില്ല. കാരണം ദൈവത്തിന്‍റെ അനുഗ്രഹം ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞാന്‍ കഴിഞ്ഞ ദിവസം എന്‍റെ പിതാവുമായി സംസാരിച്ചിരുന്നു. ഞങ്ങള്‍ ഫൈനലില്‍ എത്തുകയാണെങ്കില്‍ അസുഖ ബാധിതാനി കിടക്കുന്ന അദ്ദേഹം കളി കാണാനെത്തുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്.

ജര്‍മന്‍ മിഡ്‌ഫീല്‍ഡര്‍ ഷ്വൈന്‍സ്റ്റീഗര്‍ പറഞ്ഞതൊന്നും ഞങ്ങള്‍ മറന്നിട്ടില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജര്‍മന്‍ കളിക്കാര്‍ പറഞ്ഞു നടക്കുന്നതും മറന്നിട്ടില്ല. ഇതിനെല്ലാം കളിക്കളത്തില്‍ കളികൊണ്ട് മറുപടി പറയുമെന്നും മറഡോണ പറഞ്ഞു.

വെബ്ദുനിയ വായിക്കുക