ഹിഡിംഗ് റഷ്യ വിടുന്നു: റാഞ്ചാന്‍ ക്ലബ്ബുകള്‍

ഞായര്‍, 24 ജനുവരി 2010 (17:45 IST)
PRO
പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബുകളുടെ സ്വപ്ന പരിശീലകനായ ഗൂസ് ഹിഡിംഗ് റഷ്യന്‍ ദേശീയ ടീമിന്‍റെ പരിശീലക സ്ഥാനം ഉപേക്ഷിക്കുന്നു. ഹിഡിംഗിന്‍റെ നീക്കം മുന്നില്‍ കണ്ട് അദ്ദേഹത്തെ റാഞ്ചാനായി ലീഗ് ക്ലബ്ബുകള്‍ മത്സരം തുടങ്ങിയതായിട്ടാണ് വിവരം.

റഷ്യയുടെ പ്രത്യേക അനുവാദത്തോടെ ഹിഡിംഗ് ലീഗ് ക്ലബ്ബായ ചെല്‍‌സിയുടെ പരിശീലക സ്ഥാനം താല്‍ക്കാലികമായി ഏറ്റെടുത്തിരുന്നു. തുടര്‍പരാജയത്തിന്‍റെ പേരില്‍ ഫെലിപ്പെ സ്കൊളാരിയെ പരിശീലകസ്ഥാനത്തുനിന്നും പുറത്താക്കിയിട്ടാണ് ചെല്‍‌സി ഹിഡിംഗിന്‍റെ സേവനം തേടിയിരുന്നത്. പ്രതീക്ഷകള്‍ തെറ്റിക്കാതെ പരാജയത്തില്‍ നിന്നും ചെല്‍‌സിയെ ഹിംഡിംഗ് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഹിഡിംഗ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് പ്രിയങ്കരനായ പരിശീലകനാ‍യി മാറിയത്.

അടുത്ത ദിവസങ്ങളില്‍ റഷ്യയില്‍ തങ്ങുന്ന ഹിഡിംഗ് തന്‍റെ വിടുതല്‍ നടപടിയെക്കുറിച്ച് സംസാരിക്കുമെന്നാണ് വിവരം. ഈ ആഴ്ച തന്നെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് ഹിഡിംഗിന്‍റെ ഏജന്‍റ് സൂചന നല്‍കി. ചെല്‍‌സി, ലിവര്‍പൂള്‍, മാ‍ഞ്ചസ്റ്റര്‍ സിറ്റി എന്നീ മുന്‍‌നിര ക്ലബ്ബുകളാണ് ഹിഡിംഗിനെ പരിശീ‍ലകനായി റാ‍ഞ്ചാന്‍ മുന്‍‌പന്തിയില്‍ ഉള്ളത്.

എന്നാല്‍ 2011 ലോകകപ്പ് കഴിയാതെ ഹിഡിംഗിനെ വിട്ടയയ്ക്കില്ലെന്നായിരുന്നു നേരത്തെ റഷ്യന്‍ കായിക അധികൃതര്‍ സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ ലോകകപ്പിന് യോഗ്യത നേടാന്‍ റഷ്യയ്ക്കായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഹിഡിംഗ് റഷ്യയുടെ പരിശീലകവേഷം ഉപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നത്.

വെബ്ദുനിയ വായിക്കുക