കളിക്കാര്‍ക്കെതിരെ കിര്‍സ്റ്റണും

വ്യാഴം, 13 മെയ് 2010 (19:01 IST)
PRO
ഇന്ത്യന്‍ ടീമിലെ സീനിയര്‍ കളിക്കാര്‍ക്കെതിരെ കോച്ച് ഗാരി കിര്‍സ്റ്റണ്‍ രംഗത്ത്. ട്വന്‍റി-20 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലെ പല താരങ്ങളും പൂര്‍ണ ശാരീരികക്ഷമത ഉള്ളവരല്ലെന്നും പലരും അമിത ഭാരമുള്ളവരായിരുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ ആരും തയ്യാറായില്ലെന്നും ലോകകപ്പിലെ ദയനീയ പ്രകടനത്തെക്കുറിച്ച് ബി സി സി ഐയ്ക്ക് നല്‍കാനായി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കിര്‍സ്റ്റണ്‍ വ്യക്തമാക്കി.

യുവരാജ് സിംഗിന്‍റെയും രോഹിത് ശര്‍മയുടെയും പ്രതിബദ്ധതയെയും കിര്‍സ്റ്റണ്‍ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സംഘത്തിലെ എട്ട് കളിക്കാര്‍ അമിത ഭാരമുള്ളവരായിരുന്നുവെന്നും മൂന്നു പേര്‍ ശാരീരികക്ഷമത ഇല്ലാത്തവരായിരുന്നുവെന്നുമാണ് കിര്‍സ്റ്റണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് സൂചന. ഇക്കാര്യം കളിക്കാരെ ബോധ്യപ്പെടുത്തിയെങ്കിലും തെറ്റ് തിരുത്താന്‍ പലരും തയ്യാറായില്ലെന്നും കിര്‍സ്റ്റന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 42കാരനായ താന്‍ ടീമിലെ പല താരങ്ങളേക്കാളും ശാരീകക്ഷമതയുള്ളവനാണെന്നും കിര്‍സ്റ്റണ്‍ പറഞ്ഞു.

ശാരീരികക്ഷമത ഇല്ലാത്ത ടീമിലെ മൂന്നു കളിക്കാര്‍ ഒരു തരത്തിലും ഏതെങ്കിലും അന്താരാഷ്ട്ര കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ടീ മാനേജ്‌മെന്‍റ് ഓരോ കളിക്കാരനെയും വ്യക്തിപരമായി കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. എന്നാല്‍ ടീം അച്ചടക്കം പാലിക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്ന് പലതാരങ്ങളും മാനേജ്‌മെന്‍റിനോട് വ്യക്തമാക്കുകയാണ് ചെയ്തത്. പാര്‍ട്ടികളില്‍ പങ്കെടുക്കരുത്, മദ്യപിക്കരുത്, പബ്ബുകളില്‍ പോകരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അപ്രായോഗികമാണെന്നും പലതാരങ്ങളും അഭിപ്രായപ്പെട്ടു.

പാര്‍ട്ടികളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കുമ്പോള്‍ തങ്ങള്‍ക്ക് സ്വയം നിയന്ത്രണം നഷ്ടമാവുന്നുണ്ടെന്ന് പല താരങ്ങളും സമ്മതിച്ചു. കളിക്കളത്തിന് പുറത്ത് തങ്ങള്‍ക്ക് എന്തു ചെയ്യാനും പൂര്‍ണ സ്വാതന്ത്ര്യം വേണമെന്നും കളിക്കാര്‍ ആവശ്യപ്പെട്ടു. അച്ചടക്കം ലംഘിക്കുകയാണെങ്കില്‍ പിഴ ഈടാക്കിക്കൊള്ളാനായിരുന്നു ചില താരങ്ങളുടെ നിര്‍ദേശം. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ തന്നോട് ആലോച്ചിച്ചിട്ടില്ലെന്നും കിര്‍സറ്റണ്‍ പറഞ്ഞു.

സിംബാബ്‌വെ പര്യടനത്തിനുളള ടീമില്‍ ഇഷാന്ത് ശര്‍മയെ കൂടി ഉള്‍പ്പെടുത്തണമെന്നും ഫോമിലേയ്ക്ക് തിരിച്ചെത്താന്‍ ഇഷാന്തിന് ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇതെന്നും സെലക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍ ശ്രീകാന്തിന്‍റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തന്‍റെ അഭിപ്രായത്തിന് പുല്ലുവിലയാണ് കല്‍‌പ്പിച്ചതെന്നും കിര്‍സ്റ്റണ്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് സൂചന.

ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിലെ തോല്‍വി‌യ്ക്ക് ശേഷം കിര്‍സ്റ്റണ്‍ കളിക്കാരെ തനിയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷം നടന്ന ടീം മീറ്റിംഗിലും കിര്‍സ്റ്റണ്‍ ഓരോ കളിക്കാരന്‍റെയും പേരെടുത്ത് പറഞ്ഞ് കുറവുകള്‍ ചൂണ്ടിക്കാട്ടി. ഇത്രയും കാലം താന്‍ സൌമ്യനായിരുന്നെന്നും ഇനി അങ്ങനെ ആയിരിക്കില്ലെന്നും കിര്‍സ്റ്റണ്‍ കളിക്കാര്‍ക്ക് മുന്നറിപ്പി നല്‍കിയിട്ടുണ്ട്. മോശമായി കളിച്ചാല്‍ അത് തുറന്നു പറയുമെന്നും കിര്‍സ്റ്റണ്‍ കളിക്കാരെ ഓര്‍മിപ്പിച്ചു.

അതേസമയം ബുധനാഴ്ച ശ്രീലങ്കയ്ക്കെതിരായ തോല്‍‌വിയ്ക്ക് ശേഷം സെന്‍റ്‌ലൂസിയയിലെ പബ്ബിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ വഴക്കുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പബ്ബിലുള്ള ചില ആരാധകര്‍ ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ താരങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ച് അധിക്ഷേപിച്ചപ്പോഴാണ് സഹീര്‍ ഖാനും ആശിഷ് നെഹ്‌റയും ആരാധകര്‍ക്ക് നേരെ തിരിഞ്ഞത്. ഒടുവില്‍ യുവരാജ് സിംഗ് ഇടപെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിംഗ്, രോഹിത് ശര്‍മ എന്നിവരും ഈ സമയം പബ്ബിലുണ്ടായിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും വാര്‍ത്തയ്ക്ക് വേണ്ടി വാര്‍ത്ത ഉണ്ടാക്കരുതെന്നുമാണ് സംഭവത്തെക്കുറിച്ച് യുവരാജ് ട്വീറ്റ് ചെയ്തത്.

വെബ്ദുനിയ വായിക്കുക