സ്റ്റീവ് വോ കൊച്ചി ടീമിന്‍റെ പരിശീലകനായേക്കും

വ്യാഴം, 13 മെയ് 2010 (12:29 IST)
PRO
മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ ഐ പി എല്ലില്‍ കൊച്ചി ടീമിന്‍റെ മുഖ്യ പരിശീലകനായേക്കും. കൊച്ചി ടീമിന്‍റെ മുഖ്യ ഉപദേശകനും ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍റുമായി അദ്ദേഹത്തെ നിയമിക്കുന്നതിനെക്കുറിച്ച് കൊച്ചി ടീം ഉടമ ഹര്‍ഷദ് മേത്തയും വോയും തമ്മില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. സ്റ്റീവ് വോയ്ക്ക് ടീമിന്‍റെ മുഖ്യ പരിശീലകന്‍റെ ചുമതല നല്‍കാനും അദ്ദേഹത്തിനു കീഴില്‍ രണ്ട് പേരെ നിയമിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഹര്‍ഷദ് മേത്ത വ്യക്തമാക്കി.

ഇതിനു പുറമെ ഐ പി എല്ലില്‍ പഞ്ചാബ് കിംഗ്സ് ഇലവന്‍ താരമായിരുന്ന മഹേള ജയവര്‍ധനയെ ടീമില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ട്വന്‍റി-20 ലോകകപ്പിലെ ടോപ് സ്കോററാണ് മുന്‍ ലങ്കന്‍ നായകന്‍ കൂടിയായ ജയവര്‍ധനെ.

ജയവര്‍ധനെയുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം ഉപയോഗിച്ച് അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്ന് മേത്ത പറഞ്ഞു. ജയവര്‍ധനെയുമായി എനിക്ക് 20 വര്‍ഷത്തെ ബന്ധമുണ്ട്. അദ്ദേഹത്തെ ആദ്യമായി ലങ്കയ്ക്ക് പുറത്ത് (ദക്ഷിണാഫ്രിക്കയില്‍) കളിക്കാന്‍ കൊണ്ടുപോയത് ഞാനാണ്. ജയവര്‍ധനയ്ക്കും താല്‍‌പ്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തെ കൊച്ചി ടീമില്‍ ഉള്‍പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

അതേസമയം മലയാളി താരം ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മേത്ത പറഞ്ഞു. ശ്രീശാന്ത് ടീമില്‍ ചേരാന്‍ താല്‍‌പ്പര്യമുണ്ടെന്നോ ഇല്ലെന്നോ അറിയിച്ചിട്ടില്ല. അദ്ദേഹം മികച്ച ബൌളറാണ്. എന്നാല്‍ പെരുമാറ്റത്തില്‍ കുറച്ചു കൂടി പക്വത കാണിക്കേണ്ടതുണ്ട്. ഈ മാസം അവസാനത്തോടെ ടീമിന്‍റെ പേര് പരിശീ‍ലകന്‍, കളിക്കാരുടെ ഏകദേശ നിര എന്നിവ പുറത്തുവിടുമെന്നും മേത്ത പറഞ്ഞു.

വെബ്ദുനിയ വായിക്കുക