എം എ ഫാരിസ് അബൂബക്കറിന്‍റെ പത്രത്തിനെതിരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ മകള്‍ ഡോ വി വി ആശ വക്കീല്‍ നോട്ടീസ് അയച്ചു. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍റെ പുത്രി ഡോ വി വി ആശയ്ക്ക് പൊതു ഖജനാവില്‍ നിന്നു ഗവേഷണത്തിന്‍റെ പേരില്‍ 35 ലക്ഷം രൂപ വഴിവിട്ട് അനുവദിക്കുന്നു എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
തന്‍റെ ഗവേഷണവുമായി വന്ന വാര്‍ത്ത അപകീര്‍ത്തിപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ചതാണെന്നും വാര്‍ത്തയിലെ പരാമര്‍ശങ്ങള്‍ മുഴുവനും അടിസ്ഥാനരഹിതമാണെന്നും ചൂണ്ടിക്കാട്ടി 50ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ടാണ് മന്ത്രിപുത്രി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
കേരള ബയോടെക്നോളജി മിഷന്‍റെ എല്ലാ നിബന്ധനകളെയും കാറ്റില്‍പ്പറത്തിയാണു മുഖ്യമന്ത്രിയുടെ പുത്രിക്കു നല്‍കാന്‍ 35 ലക്ഷത്തിലധികം രൂപ വകയിരുത്തിയിട്ടുള്ളതെന്നാണ് ഫാരിസിന്‍റെ പത്രമായ ‘മെട്രോ’കണ്ടെത്തിയത്. ഡോ ആശയ്ക്കു ബോട്ടണിയില്‍ ആണ് ബിരുദവും യോഗ്യതയും ഉള്ളത്. എന്നാല്‍, മറൈന്‍ ബയോടെക്നോളജിയില്‍ നിര്‍ദിഷ്ട യോഗ്യതകളുള്ള നിരവധി ഗവേഷകരെ തന്ത്രപൂര്‍വം ഒഴിവാക്കി മതിയായ യോഗ്യതകളില്ലാത്ത ഡോ ആശയുടെ ഗവേഷണ പ്രോജക്റ്റിനു അംഗീകാരം നല്‍കിയിരിക്കുകയാണെന്നും പത്രം ആരോപിക്കുന്നു.
മറൈന്‍ ബയോടെക്നോളജി സംബന്ധിച്ചു പ്രസിദ്ധീകൃതമായ ഗവേഷണപ്രബന്ധങ്ങളും മതിയായ ഗവേഷണ പരിചയവും ഉള്ളവരെ മാത്രമാണു ഗവേഷണം നടത്താന്‍ രൂപീകൃതമായ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാല്‍, മറൈന്‍ ബയോടെക്നോളജിയില്‍ ഒരു ദിവസത്തെയെങ്കിലും ഗവേഷണ പരിചയമോ പ്രസിദ്ധീകൃത പ്രബന്ധമോ ഇല്ലാത്ത ഡോ ആശയെ, മുഖ്യമന്ത്രിയുടെ മകളായതിനാല്‍, മുന്‍കൂട്ടി ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഇപ്പോള്‍ വഴിവിട്ടു തുക അനുവദിക്കുന്നതിന് കളമൊരുക്കിയിരിക്കുന്നതെന്നും ഫാരിസിന്‍റെ പത്രം ആരോപിക്കുന്നു.
എന്നാല്‍, ബയോ ടെക്‌നോളജി കമ്മിഷനു ലഭിച്ച പ്രൊജക്‌ടുകളെപ്പറ്റി അന്തിമ തീരുമാനമെടുത്തിട്ടില്ലന്ന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ ഇ പി യശോധരന്‍ പറഞ്ഞു. കൌണ്‍സിലിനെക്കുറിച്ചും ഡോ ആശയെക്കുറിച്ചും വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രോജക്‌ട് സമര്‍പ്പിച്ചതിന്‍റെ പേരിലാണ് വിവാദം. യാഥാര്‍ത്ഥ്യവുമായി ഇതിനു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.