മലയാളം വിക്കിപീഡിയയില്‍ 15,000 ലേഖനങ്ങള്‍!

ബുധന്‍, 10 നവം‌ബര്‍ 2010 (18:40 IST)
PRO
PRO
സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ മലയാളം വിക്കീപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 15000 കടന്നു. 2010 നവംബര്‍ പത്തിന് ലഭ്യമായ കണക്കുകള്‍ പ്രകാരം മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങളുണ്ട്. അഭിമാനാര്‍ഹമായ നേട്ടമാണ് മലയാളം വിക്കിപീഡിയ കൈവരിച്ചിരിക്കുന്നത്.

ലോകത്തെ സര്‍വ്വ വിജ്ഞാനങ്ങളും പങ്കുവെക്കുന്ന വിക്കിപീഡിയ മലയാളത്തിലും ജനപ്രിയമാണ്. മലയാള ഭാഷയെ സ്നേഹിക്കുന്ന നിരവധി എഴുത്തുകാരുടെ നിരന്തര പരിശ്രമത്തിലൂടെയാണ് മലയാള ലേഖനങ്ങളുടെ എണ്ണം 15000 തികച്ചത്. ഇന്ത്യന്‍ ഭാഷകളിലെ വിക്കിപീഡിയകളില്‍ 15000 ലേഖനം എന്ന കടമ്പ കടക്കുന്ന എട്ടാമത്തെ വിക്കിപീഡിയ ആണ് മലയാളം. ഇതിന് മുമ്പ് തെലുങ്ക്‌, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴ്, ഗുജറാത്തി വിക്കിപീഡിയകള്‍ 15000 ലേഖനം എന്ന നേട്ടം കൈവരിച്ചിരുന്നു.

ഏറ്റവും അവസാനത്തെ കണക്കുകള്‍ പ്രകാരം മലയാളം വിക്കിപീഡിയയില്‍ 21000-ത്തിലധികം പേര്‍ ലേഖനം നല്‍കാനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സ്ഥിരമായി പ്രവര്‍ത്തിക്കുന്നത് ഏകദേശം 280 പേര്‍ മാത്രമാണ്. ഇതില്‍ 19 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും നാലു പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.

2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കിപീഡിയ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. അമേരിക്കന്‍ സര്‍വ്വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് മേനോന്‍ എം പിയാണ് 2002 ഡിസംബര്‍ 21ന് മലയാളം വിക്കിപീഡിയയ്ക്കു ജന്മം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് വിക്കിപീഡിയ ലേഖനങ്ങള്‍ പതിനായിരം തികച്ചത്. പിന്നീട് ഒരു വര്‍ഷത്തിനിടെയാണ് അയ്യായിരം ലേഖനങ്ങള്‍ അധികമായി ചേര്‍ക്കപ്പെട്ടിരിക്കുന്നത്

2009 മെയ് മാസത്തില്‍ മാത്രം അഞ്ഞൂറോളം പുതിയ താളുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. പേജ് ഡെപ്ത്ത് (വിക്കിപീഡിയയിലെ ലേഖനങ്ങളുടെ ഗുണമേന്മ നിര്‍ണയിക്കാനുള്ള മാര്‍ഗം) അനുസരിച്ച് മലയാളം പതിപ്പാണ് ഇന്ത്യന്‍ ഭാഷകളില്‍ ഒന്നാമത്. ലോകത്തെ മൊത്തം വിക്കിപീഡിയാ പതിപ്പുകള്‍ എടുത്താല്‍ മലയാളത്തിന് ഗുണമേന്മയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനമുണ്ട്.

ഇന്ത്യന്‍ വിക്കിപീഡിയകളില്‍ പേജ് ഡെപ്ത്ത് 100 കടന്ന ആദ്യ വിക്കിപീഡിയയാണ്‌ മലയാളം. മറ്റ് ഇന്ത്യന്‍ ഭാഷകളൊന്നും തന്നെ മലയാളത്തിന്റെ സമീപത്തു പോലുമില്ല. ഏറ്റവും അടുത്തുള്ള വിക്കി ബംഗാളി വിക്കിയാണ്‌.

അറിവിന്‍റെ ജനകീയവല്‍‌ക്കരണം ലക്‌ഷ്യമിട്ടുകൊണ്ട് ജിമ്മി വെയില്‍‌സ്, ലാറി സാംഗര്‍ എന്നിവര്‍ 2001 ജനുവരി 15നാണ്‌ വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്‌. വിവിധ വിഷയങ്ങളെ പറ്റി ആധികാരികവും സൌജന്യവുമായ വിവരങ്ങള്‍ നല്‍കുന്ന ഈ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം വളരെ പെട്ടെന്ന് ജനകീയമാകുകയായിരുന്നു.

വെബ്ദുനിയ വായിക്കുക