പരിസ്ഥിതി കാര്‍: തായ്‌ലാന്‍ഡിലേക്കില്ലെന്ന് ടാറ്റ

ശനി, 15 മെയ് 2010 (15:59 IST)
PRO
തായ്‌ലാന്‍ഡ് കേന്ദ്രമാക്കി ആരംഭിക്കാനിരുന്ന പരിസ്ഥിതി സൌഹൃദ കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍‌മാറുന്നതായി ടാറ്റ മോട്ടോര്‍സ് വ്യക്തമാക്കി. എക്സൈസ് നികുതി സംബന്ധിച്ച അതൃപ്തിയാണ് ടാറ്റയുടെ പിന്‍‌മാറ്റത്തിന് കാരണമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍ പദ്ധതി ഉപേക്ഷിക്കാനുള്ള കൃത്യമായ കാരണം ടാ‍റ്റ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2008 ലാണ് പരിസ്ഥിതി സൌഹൃദ കാറുകളുടെ നിര്‍മ്മാണത്തിനായി ഒരു കൂട്ടം കമ്പനികള്‍ക്കൊപ്പം ടാറ്റയും തയ്യാറായത്. കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കളിലെത്തിക്കാവുന്ന പരിസ്ഥിതി സൌഹൃദ കാറുകള്‍ പുറത്തിറക്കുകയായിരുന്നു ലക്‍ഷ്യം. തായ്‌ലാന്‍ഡിനെ വ്യാവസാ‍യികമായി മുന്നിലെത്തിക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍‌കൈയ്യെടുത്ത് പദ്ധതിക്ക് രൂ‍പം നല്‍കീരുന്നത്.

സുസുക്കി‍, മിസ്തുബിഷി‍, നിസാന്‍, ഹോണ്ട, ടൊയോട്ട തുടങ്ങി ആഗോള തലത്തിലെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനികളെ പങ്കെടുപ്പിച്ചായിരുന്നു പദ്ധതിക്ക് തായ് സര്‍ക്കാര്‍ രൂപം നല്‍കിയത്. പരിസ്ഥിതി സൌഹൃദ കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍‌മാറിയെങ്കിലും തായ്‌ലാന്‍ഡിലെ ഉപഭോക്താക്കള്‍ക്ക് ഉചിതമായ യാത്രാക്കാര്‍ പുറത്തിറക്കുമെന്ന് ടാറ്റ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക