ചില സ്ത്രീപക്ഷ ചിന്തകള്‍ !

PTIPTI
വീണ്ടുമൊരു കേരളപ്പിറവി ദിനം കൂടി. കേരളമെന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. മറ്റേതൊരു നൂറ്റാണ്ടിന്‍റെ പാതി പരിശോധിച്ചാലും കണ്ടെത്താന്‍ കഴിയാത്തത്ര മാറ്റങ്ങള്‍ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ ഉണ്ടായിട്ടുണ്ടെന്നത് നിസ്സംശയം പറയാം.

സമൂഹത്തിന്‍റെ മൂലക്കല്ല് കുടുംബവും അതിന് അടിസ്ഥാനം സ്ത്രീയുമാണെന്നിരിക്കെ സ്ത്രീ സമൂഹത്തിന് കൈവന്ന മാറ്റങ്ങളും നേട്ടങ്ങളും സാമൂഹിക പരിണാമത്തിന്‍റെയും ചരിത്രത്തിന്‍റെയും കാതലാ‍യ ഭാ‍ഗമാണ്. അരനൂറ്റാണ്ട് കേരളത്തിന് ഈ തലത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ അത്രതന്നെ നിരാശാജനകമല്ലെങ്കിലും തീര്‍ത്തും ശുഭസൂചകമല്ല എന്നു പറയേണ്ടതുണ്ട്.

ആരെയും കൂസാതെ ജീവിക്കുന്ന പെണ്‍‌വര്‍ഗ്ഗത്തിന്‍റെ ഒരു മുഖ്യധാരയേയോ, ചെറിയ വിഭാഗത്തെയോ ചൂണ്ടിക്കാണിച്ച് ഇതു വിശദീകരിക്കുന്നതില്‍ അര്‍ത്ഥമില്ല തന്നെ. വിദ്യാഭ്യാസ- തൊഴില്‍ രംഗങ്ങളില്‍ സ്ത്രീയെ മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നത് വാസ്തവം. എന്നാല്‍ കുടുംബാന്തരീക്ഷം മുതല്‍ തൊഴില്‍ മേഖല വരെയുള്ള ഇടങ്ങളില്‍ അസമത്വം നിലനില്‍ക്കുന്നുണ്ട്.

'എവിടെയാണോ സ്ത്രീ ആദരിക്കപ്പെടുന്നത്, അവിടെ ഐശ്വര്യമുണ്ടാകുന്നു'വെന്ന് മനുവും 'മാന്യന്മാരല്ലാതെ സ്‌ത്രീകളെ മാനിക്കുകയില്ല, നീചനല്ലാതെ അവളെ നിന്ദിക്കുകയുമില്ല എന്ന് നബിയും പറഞ്ഞിട്ടുണ്ട്. എന്നാലും പരമ്പരാഗതമായി ചാര്‍ത്തിക്കിട്ടിയ ആ ‘ഇരവേഷം’ അഴിച്ചുവയ്ക്കാന്‍ സ്ത്രീക്കു കഴിഞ്ഞിട്ടില്ല.

സാമൂഹികമായ പൊതു ചിന്താധാരയില്‍ നിന്നു മുക്തമായി സ്ത്രീക്കു മാത്രം വിഭിന്ന പാതയിലൂടെ മുന്നേറാന്‍ കഴിയില്ല എന്ന വാദം വാസ്തവമാണ്. സ്ത്രീശാക്തീകരണത്തിന്‍റെ തുടക്കം സ്ത്രീ സ്വന്തം ശക്തിദൌര്‍ബ്ബല്യങ്ങള്‍ തിരിച്ചറിയുന്നയിടത്താണ് എന്ന വാദത്തിലും കഴമ്പുണ്ട്. സ്ത്രീ പുരുഷനാ‍കാന്‍ ശ്രമിക്കേണ്ടതില്ല. സ്ത്രീവാദമെന്നത് പുരുഷന് എതിരാണെന്ന് ധരിക്കേണ്ടതുമില്ല.

PTIPTI
മറിച്ച് പുരുഷന് ഒരിക്കലുമൊരു സ്ത്രീയാകാന്‍ കഴിയില്ല തന്നെ. ഫെമിനിസത്തെ വ്യാഖ്യാനിക്കുന്നതില്‍ വന്ന അപാകതകള്‍ സ്ത്രീയുടെ അന്തസ്സും മാന്യതയും തകര്‍ക്കുകയും കുടുംബത്തിന്‍റെ വൈവാഹിക ബന്ധത്തിന്‍റേയും കെട്ടുറപ്പിനേയും ഉലയ്ക്കുകയും ചെയ്തിട്ടുണ്ട്.

മാതൃദായക്രമത്തിന് ഒട്ടേറെ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും അണുകുടുംബം എന്ന ഒറ്റപ്പെടലിലേക്കുള്ള പ്രയാണം കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളില്‍ നടന്ന പ്രധാന മാറ്റമാണ്. കുട്ടികളുടെ വളര്‍ച്ച, സംരക്ഷണം തുടങ്ങിയ വലിയ ഉത്തരവാദിത്വങ്ങള്‍ ഒരു സ്ത്രീയിലേക്കു ചുരുങ്ങിയതും ഇവിടെനിന്നു തന്നെ.

പണ്ട് ഒരു കുടുംബത്തിലെ കുട്ടികള്‍ അവിടെയുള്ള എല്ലാ സ്ത്രീകളുടെയും ഉത്തരവാദിത്വമായിരുന്നു. തൊഴില്‍ മേഖലയില്‍ ഉയരുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഈ അണുകുടുംബസംവിധാനം സ്ത്രീക്ക് എത്രകണ്ട് സഹായകമാണെന്നത് പരിശോധിക്കേണ്ടതുണ്ട്.

ആര്‍ത്തവകാല വിശ്രമവും, ഗര്‍ഭകാല സംരക്ഷണവുമൊക്കെ ഉദ്യോഗസ്ഥയായ സ്ത്രീക്ക് നഷ്ടപ്പെട്ടു. എന്നാല്‍ പുരോഗമിച്ചു എന്ന് അവകാശപ്പെടുന്ന സമൂഹമോ, തൊഴിലിടങ്ങളോ ഒന്നും ഇക്കാര്യങ്ങള്‍ കണ്ടതുമില്ല. സ്ത്രീയുടെ അവഗണിക്കപ്പെടുന്നതോ, അല്ലെങ്കിലും സ്വയമെങ്കിലും ആശങ്കപ്പെടാന്‍ മറന്നുപോകുന്നതോ ആയ ആരോഗ്യപ്രശ്നങ്ങള്‍ പരിഷ്കൃത സമൂഹത്തിന്‍റെ ഉത്തരവാദിത്വമല്ലാതെ മാറി.

പെണ്‍കുഞ്ഞിനോട് കേരളത്തിന് അയിത്തമില്ലെന്ന് ദത്തെടുപ്പു കണക്കുകള്‍ പറയുമ്പോഴും ആണ്‍കുഞ്ഞിന് പ്രാമുഖ്യമുള്ള സമൂഹമാണ് കേരളം. സമൂഹം മാറിയപ്പോഴും പുരോഗതി പ്രാപിച്ചപ്പോഴും സ്ത്രീധനം പോലെയുള്ള ഏര്‍പ്പാടുകള്‍ മാന്യമായ നാട്ടുനടപ്പാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ഡോക്ടറാകട്ടെ, എഞ്ചിനീയറാകട്ടെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകട്ടെ തൊഴിലിന്‍റെ അന്തസ്സനുസരിച്ച് സ്ത്രീധനത്തട്ടിന് ഘനം കൂടുന്നു.

മേലുനിറയെ പൊന്നിടാതെ പെണ്‍കുട്ടിയെ പന്തലിലിറക്കിയാല്‍ അന്തസ്സിനു കുറവാകുമെന്നത് വെറും ധാ‍രണയല്ല യാഥാര്‍ത്ഥ്യമായിരിക്കുന്നു. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ ഭീമമായ തുകയാണ് ഈ ഇനത്തില്‍ കുടുംബങ്ങള്‍ക്ക് ഉണ്ടാക്കേണ്ടിവരുന്നത്.

PTIPTI
ആവര്‍ത്തിച്ചു കാണുന്ന ആഡംബര കല്യാണങ്ങളും ഒരുക്കങ്ങളും പെണ്ണിന്‍റെ രക്ഷിതാക്കളുടെ ദുഃസ്വപ്നമായി മാറുന്ന സ്ഥിതിയാണ് ഇന്ന്. എല്ലാ അവകാശവാദങ്ങള്‍ക്കും ആവേശ പ്രഖ്യാപനങ്ങള്‍ക്കും മീതെ ഈ സുഖകരമല്ലാത്ത സത്യങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടില്‍ പുരുഷനെ ഒളികണ്ണിട്ടുനോക്കി മുഖംകുനിച്ചു നടന്ന പെണ്‍കുട്ടി ഇന്നു ജീന്‍സും ഷര്‍ട്ടുമിട്ട് സ്കൂട്ടറില്‍ ചെത്തുന്നതും, ഫാഷന്‍ ഷോയില്‍ മേനി പ്രദര്‍ശിപ്പിക്കുന്നതും അത്ര വലിയ നേട്ടങ്ങളായി കാണേണ്ടതില്ലെന്ന യാഥാര്‍ത്ഥ്യം അവശേഷിക്കുന്നു. അവളുടെ വിധിയും തൂങ്ങുന്നത് ഇതേ സ്ത്രീധന തുലാസിലും, സാമൂഹിക സാഹചര്യങ്ങളിലുമാണ് എന്നതു മറന്നുകളയാന്‍ കഴിയില്ല.

പാടത്തു പണിയെടുക്കുന്ന അടിസ്ഥാന വിഭാഗത്തിലെ സ്ത്രീകള്‍ക്കിടയില്‍ എത്ര വലിയ സാമൂഹിക മാറ്റങ്ങള്‍ സംഭവിച്ചു എന്നത് നിരീക്ഷണ വിധേയമാക്കേണ്ടതുണ്ട്. പാര്‍ട്ടിയും യൂണിയനും പൊതുവായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്ക് ഉപരി, വേതന സംവിധാനത്തില്‍ ഇപ്പോഴും അസമത്വം നിലനില്‍ക്കുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം വന്നപ്പോള്‍ സ്വാഭാവികമായും അതിനു മേധാവിയായത് പുരുഷനാണ്.

കുനിഞ്ഞും നിവര്‍ന്നും ജോലി ചെയ്യേണ്ടത് ആവശ്യമായി വരുന്ന കളപറിക്കലും ഞാറുനടലുമൊക്കെ സ്ത്രീയുടെ ‘കുത്തക’യായി അവശേഷിക്കുന്നു. കാര്‍ഷിക രംഗം ഇന്നും ബഹുഭൂരിപക്ഷം പേര്‍ ആശ്രയിക്കുന്ന ഒരു തൊഴില്‍ മേഖലയാണ്. പുരുഷനു നല്‍കുന്നതിന്‍റെ നേര്‍ പകുതിയാണ് സ്ത്രീക്ക് പലയിടത്തും വേതനം.

സ്ത്രീശാക്തീകരണത്തിനുള്ള സര്‍ക്കാര്‍ പദ്ധതി ‘കുടുംബശ്രീ‘ക്ക് കേരളത്തില്‍ നല്ല പ്രതികരണം ഉണ്ടാക്കാന്‍ സാധിച്ചു എന്നത് തെളിയിക്കുന്നത് അനുകൂല സാഹചര്യങ്ങളുടെ പ്രോത്സാഹനം ലഭിച്ചാല്‍ സ്ത്രീകള്‍ക്ക് വളരെയധികം നേട്ടമുണ്ടാക്കാന്‍ കഴിയും എന്നതാണ്. പുരുഷനെ അപേക്ഷിച്ച് സ്ത്രീയുടെ വരുമാനം കൂടുതലായി കുടുംബത്തില്‍ എത്തുന്നു. അതുവഴി സമൂഹത്തിനും രാഷ്ട്രത്തിനും നേട്ടമുണ്ടാക്കുന്നു.