ചിക്കന്‍ വിഹാര്‍

ഒന്നര വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ എത്തിയത്. ഒരു ക്രിസ്തുമസ് അവധിക്കാലം. ഉദ്യോഗത്തിന്‍റെ പിരിമുറുക്കങ്ങളൊഴിഞ്ഞ് അങ്ങനെ ഉല്ലസിച്ചിരിക്കെ പൊടുന്നനെ ഇളയകുട്ടിക്ക് ഒരു ശാഠ്യം; ചില്ലിചിക്കന്‍ വേണം. അവനെ പിന്താങ്ങാന്‍ മറ്റു കുട്ടികളും നിരന്നു.

തങ്ങള്‍ എന്തിനും തയ്യാര്‍ എന്ന് അടുക്കളവിഭാഗവും നിലപാടുകൊണ്ടു.
അവരുടെ ആവശ്യത്തിന് വഴങ്ങുന്പോള്‍ എന്‍റെ മനസ്സിലുയര്‍ന്നത് രണ്ടു കിലോമീറ്റര്‍ വടക്കുള്ള ചിക്കന്‍ വിഹാര്‍ എന്ന വിശാലമായ ഇറച്ചിക്കോഴി വളര്‍ത്തല്‍ കേന്ദ്രമത്രെ.
കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ അവിടം ഒന്നു സന്ദര്‍ശിച്ചതാണ്.

ജൂബയ്ക്കു മീതെ നാടന്‍ കൈലിയും ചുറ്റി, തോളില്‍ കറ്റാലം ടൗവലുമായി എന്നെ എതിരേറ്റ കുഞ്ഞുവര്‍ക്കിയുടെ മധുരപ്പുഞ്ചിരി ഇപ്പോഴും മനസ്സില്‍ മായാതെ നിലാവുതൂവി നില്ക്കുന്നു.
കുഞ്ഞുവര്‍ക്കി. പഴയ സഹപാഠി.മൂന്നില്‍ തോറ്റ് നാലില്‍ പയറ്റി പിരിഞ്ഞവന്‍. നേരില്‍ക്കണ്ടപ്പോള്‍ വര്‍ക്കിയുടെ കണ്ണില്‍ ആനന്ദാശ്രുക്കള്‍.

സ്വന്തം സ്ഥാപനത്തെക്കുറിച്ചുള്ള അഭിമാനം അവന്‍റെ വാക്കുകളില്‍ നുരഞ്ഞു നുരഞ്ഞു പൊന്തി. ഭദ്രമായി ചിക്കന്‍ നെറ്റടിച്ച നൂറ്റന്പതടി നീളമുള്ള രണ്ട് ഓലപ്പുരകള്‍. പുര നിറഞ്ഞ് വെളുത്ത മാലാഖമാര്‍ ചിക്കിയും ചിനക്കിയും ചലിക്കുന്നു.

പാലാഴിത്തിരമാലകള്‍ ഒഴുകും പോലെ; ചുവന്ന പൂക്കള്‍ ചിതറിവീണുകിടക്കുന്ന തിരകള്‍. പല പരുവത്തിലായി ആയിരത്തിയെഴുന്നൂറിലധികം ഉണ്ടത്രേ. നിത്യം ശരാശരി എഴുപതു കിലോ പോകും. ബ്രോയിലര്‍ കോഴിവളര്‍ത്തലിന്‍റെ ശാസ്ത്രീയ വശത്തെക്കുറിച്ചും മായം ചേര്‍ക്കലിന്‍റെ സാദ്ധ്യതകളെപ്പറ്റിയും കുഞ്ഞുവര്‍ക്കി ലഖുവായൊന്നുപന്യസിച്ചു.

പിരിയും നേരം ഒരു ബെഞ്ചിലിരുന്നു പഠിച്ചതിന്‍റെ വറ്റാത്ത കൂറ് അവന്‍ കാണിക്കുകയും ചെയ്തു. വിലയില്‍ ഇരുപതു രൂപയുടെ കിഴിവ്.

ഇന്ന് ചിക്കന്‍ വിഹാറിലേക്ക് യാത്ര തിരിക്കുന്പോള്‍ മനസ്സില്‍ ഉയര്‍ന്നു വരുന്നത് അന്ന് കുഞ്ഞുവര്‍ക്കി സസ്നേഹം പറഞ്ഞ യാത്രാവചനമാണ്.
""ഇന്നാട്ടില്‍ വരുന്പോ വര്‍ക്കീന്‍റെ സ്ഥാപനത്തിലൊന്നു വരണം.മറക്കരുത്. ''

കുട്ടികളുടെ മോഹം അതിനൊരു നിമിത്തമായല്ലോ എന്നോര്‍ത്തുകൊണ്ട് ഞാന്‍ എന്‍റെ കുഞ്ഞുസഖാവിനെ കാണാന്‍ ഉത്തരസ്യാംദിശി യാത്രയായി. ഇത്തിരി നേരം കൊണ്ട് ഈ ദുനിയാവില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടാവുന്നത്. ചിക്കന്‍ വിഹാര്‍ എന്ന ബോര്‍ഡിന് വലിപ്പം വച്ചിട്ടുണ്ട്. ഷെഡ്ഡുകള്‍ക്ക് ലേശം ഉയരം കൂടിയിട്ടുണ്ടെന്നു തോന്നി. അന്തസ്സുള്ള ഒരു ചുറ്റുമതിലുമുണ്ടായിരിക്കുന്നു.

ഇപ്പോള്‍ സൗഹൃദവും കൂകി കുഞ്ഞുവര്‍ക്കി ഓടിവരുമെന്ന പ്രതീക്ഷയില്‍ ഞാന്‍ ഗേറ്റു കടന്നു.

പഴയ ഓഫീസ് മുറിയും പരിഷ്കരിച്ചിരിക്കുന്നു. അതിനുള്ളില്‍ നിന്ന് ഒരു ഒച്ചയെത്തി.
""കേറി വാ ആശാനെ ഞാനിവിടെയുണ്ട്''.

ഹായ്!കുഞ്ഞു വര്‍ക്കി തന്നെ; ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സ്റ്റൈലന്‍ മേശയ്ക്കു പുറകില്‍ സില്ക്ക് ജൂബയും നേര്യതുമായി സാക്ഷാല്‍ കുഞ്ഞു വര്‍ക്കി!

""നമസ്കാരമുണ്ടേ,ദാ,അങ്ങോട്ടിരി''-കുഞ്ഞുവര്‍ക്കി ഒരു ഇരിപ്പിടം ചൂണ്ടിക്കാട്ടി. ആകെയൊരു പന്തിയില്ലായ്മ തോന്നി. ഇതു പഴയ കോഴി ഓഫീസല്ല. നാലു മേശകള്‍. അഞ്ചാറു കസേരകള്‍ .മേശപ്പുറത്ത് ഒക്കെ നോട്ടുബുക്കിന്‍റെ അട്ടികള്‍.

ഏന്തി വലിഞ്ഞൊന്നു നോക്കിയപ്പോഴാണ് കണ്ടത്. - രണ്ടു ഷെഡ്ഡും കാലി. ഒരു കോഴിക്കുഞ്ഞു പോലുമില്ലിവിടെ. പകരം ചിന്നചിന്ന കസേരകള്‍. ചായം തേച്ച കളിപ്പാട്ടങ്ങള്‍. ഒട്ടകം, കുതിര, അരയന്നം, സൈക്കിള്‍...

എന്‍റെ പരിഭ്രമം കണ്ട് കുഞ്ഞു വര്‍ക്കി പറഞ്ഞു -

""ആശാനെന്നാത്തിനാ വെരളുന്നേ? ഞാന്‍ പഴയ കോഴി ബെസനസു നിര്‍ത്തി. വലിയ നഷ്ടമാന്നേ. തമിഴ്നാട്ടീന്ന് ചീപ് വിലയ്ക്ക് കോഴിപ്പട വന്നിറങ്ങുകയല്യോ. പോരെങ്കില് അടിക്കടി ഓരോ പുതിയ സൂക്കേട് വരും, തൂത്തുവാരിക്കൊണ്ടു പോവാന്‍. കോഴിത്തീറ്റയുടെ വിലയോ! മനുഷ്യത്തീറ്റയേക്കാള്‍ കടുപ്പമല്യോ''.

ശരിയാ എന്നു ഞാന്‍ തല കുലുക്കി.

""അങ്ങനെ വെഷമിച്ചിരിക്കുന്പളാ ഈ പുതിയ ബെസനസ് പറന്നുവീണത്. സി.ബി.എസ്.സി. ഒരു വടക്കന്‍ പറഞ്ഞുതന്നതാ. ആര്‍ക്കും തൊടങ്ങാം. ഫീസ്സും പാസ്സും കിട്ടുന്പോലെ വാങ്ങാം. ഉടനെ വലിയ മുടക്ക് വന്നില്ലാന്നു കണ്ടോ''. അന്നേരം ഒരു ചെറിയ വാന്‍ ഗേറ്റു കടന്ന് മുറ്റത്തെത്തി. അതില്‍ നിന്ന് തൂവെള്ള യൂണിഫോമും ചുവന്ന ടൈയും കെട്ടിയ പൈതങ്ങള്‍ ഷെഡ്ഡുകളിലേക്ക് ഓടിക്കയറി.

""കോഴി ട്രാന്‍സ്പോര്‍ട്ടിന് വിട്ടിരുന്ന വാനാ. അതിനെ ഒന്നു ഡ്രസ്സ് ചെയ്തെടുത്തു. '' ""നന്നായി ''
""ഇപ്പൊ എല്‍.കെ.ജി യും ഒന്നാം ക്ളാസ്സും. അടുത്ത കൊല്ലം രണ്ടു പെര കൂടി കെട്ടണം''. പിഞ്ചുകിടാങ്ങള്‍ ഷെഡ്ഡില്‍ നിരന്നു. ഞാന്‍ എന്‍റെ സഹപാഠിയുടെ ബുദ്ധിയെ അഭിനന്ദിച്ചൊന്നു ചിരിച്ചു.

""കുഞ്ഞു വര്‍ക്കിക്ക് ആ ബോര്‍ഡ് മാറ്റാമായിരുന്നു. ശിശു വിഹാര്‍ എന്നോ മറ്റോ''
""ഓ അതിനെന്താ? രണ്ടും ഒന്നു തന്നെ. അങ്ങോട്ടൊന്നു നോക്കിയേ''
ഞാന്‍ചിക്കന്‍ നെറ്റുകള്‍ക്കിടയിലൂടെ കണ്ണോടിച്ചു. അന്നു കണ്ട അതേ പാലാഴിത്തിരയിളക്കം തന്നെ. ചുമന്ന പൂക്കള്‍ ചിതറിവീണു കിടക്കുന്ന തിരകള്‍

വെബ്ദുനിയ വായിക്കുക