തൃക്കാക്കരയപ്പന്‍

തൃക്കാക്കരയപ്പന്‍ കേരളത്തില്‍ മാത്രമുള്ള വിഷ്ണുസങ്കല്‍പ്പമാണ്. ഓണവുമായി ബന്ധപ്പെട്ട ക്ഷേത്രമാണ് തൃക്കാക്കര. ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായ വാമനമൂര്‍ത്തിയാണ് മലയാളികളുടെ പ്രിയദേവനായ തൃക്കാക്കരയപ്പന്‍.

ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയായ സ്വയം ഭൂശിവനെ മഹാബലി പൂജിച്ചിരുന്നതായി വിശ്വസിക്കുന്നു.

പണ്ട് കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍, പ്രജാക്ഷേത തല്പരനായിരുന്ന മഹാബലിയെയായിരുന്നു മാതൃകാപുരുഷനായി കണ്ടിരുന്നത്. തൃക്കാക്കരയില്‍ വാമനമൂര്‍ത്തി പ്രതിഷ്ഠയാകയാല്‍ ഓണത്തിന് അവിടെ പ്രത്യേക ഒരുക്കങ്ങള്‍ നടത്തിയിരുന്നു.

കര്‍ക്കടകമാസത്തിലെ തിരുവോണനാളിലാരംഭിച്ച്, മഹാബലിക്ക് മോക്ഷം സിദ്ധിച്ച ചിങ്ങത്തിലെ തിരുവോണനാളിലവസാനിക്കുന്ന ചടങ്ങുകളായിരുന്നു പണ്ടിവിടെ.

ഇതിന്‍റെ തുടര്‍ച്ചയായാണ് മണ്ണു കൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്‍റെ വിഗ്രഹങ്ങള്‍ ഇന്നും കേരളീയ ഗൃഹങ്ങളില്‍ പൂജിക്കുന്നത്.

രാജഭരണകാലത്ത് തൃക്കാക്കരയപ്പന് 56 രാജാക്കന്മാരുടെ മേല്‍ക്കോയ്മയുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 26 ദിവസം നീണ്ടുനിന്നിരുന്ന ഓണം നടത്തിയിരുന്നത് ഓരോ ദിവസവും ഈരണ്ട് രാജാക്കന്മാര്‍ ചേര്‍ന്നായിരുന്നു.

ചിങ്ങമാസത്തിലെ അത്തം നാളില്‍ കൊച്ചി പെരുന്പടപ്പു സ്വരൂപവും സാമൂതിരിയുടെ നെടിയിരിപ്പ് സ്വരൂപവും കൂടിയായിരുന്നു അത് നടത്തിയിരുന്നത്. തൃക്കാക്കരയപ്പന് നേര്‍മുന്‍പിലുള്ള മുഖമണ്ഡപത്തിലാണ് ഓണാഘോഷത്തിലെ പ്രധാന ഇനമായ പൂക്കളമിടല്‍.

വെബ്ദുനിയ വായിക്കുക