കവിതാദിനത്തില്‍ അറബി കവിത ചൊല്ലി മലയാളി

വ്യാഴം, 25 മാര്‍ച്ച് 2010 (18:45 IST)
PRO
PRO
യുഎഇയിലെ കവിതാ സ്നേഹികള്‍ കോഴിക്കോട്ടുക്കാരനായ കവി ഇസ്മായീലിനെ ഒരിക്കലും മറക്കില്ല. മലയാളികള്‍ക്ക് മാത്രമല്ല ഇന്ത്യക്കാര്‍ക്ക്‌ മൊത്തം അഭിമാനം നേടിക്കൊടുക്കാന്‍ ഈ കവിക്ക് സാധിച്ചു. ഈ വര്‍ഷത്തെ ലോക കവിതാ ദിനത്തില്‍ യു എ ഇയില്‍ അറബി കവിത അവതരിപ്പിച്ചു കൊണ്ടാണ് സാഹിത്യപ്രേമികളുടെ പ്രശംസ പിടിച്ചുപ്പറ്റിയത്.

എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ അറബിക്‌ കവിത അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത്. അറബി ഭാഷയില്‍ കവിത എഴുതി വലിയൊരു സദശ്ശിന് മുന്നില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുന്നത് വലിയ അംഗീകാരമാണത്രെ. ഷാര്‍ജ അല്‍ ഖസബിലെ പോയട്രി ക്ലബിലാണ് കവിയരങ്ങ് നടന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ കവികള്‍ക്ക് മുന്നില്‍ ഇസ്മായീലിന്റെ കവിതയും ഏറെ ശ്രദ്ധപിടിച്ചുപ്പറ്റി.

ദുബായ്‌ മുനിസിപ്പാലിറ്റി തൊഴിലാളിയായ കവി ഇസ്മായീല്‍ കോഴിക്കോട്‌ മേലടി സ്വദേശിയാണ്. കവിയരങ്ങില്‍ ആദ്യം കവിത അവതരിപ്പിച്ചതും ഇസ്മായീലായിരുന്നു‌. അല്‍ ബൈത്തുല്‍ അസ്‌രി (ഉത്തരാധുനിക വീട്‌), അല്‍ ജിദാര്‍ (മതില്‍) എന്നീ രണ്ട് കവിതകളാണ് ഇസ്മായീല്‍ അവതരിപ്പിച്ചത്‌.

കവിത അവതരിപ്പിക്കാനെത്തിയ അറബി കവികളൊക്കെ ഇസ്മായീലിനെ പ്രശംസിച്ചാണ് സംസാരിച്ചത്. കവിയരങ്ങിന്റെ മുഖ്യ സംഘാടകനും കവിയുമായ ഡോ. ഇബ്രാഹിം അല്‍ വഹ്സ് മലയാളിയായ അറബി കവിയെ വിളിച്ച് പ്രത്യേകം അഭിനന്ദിച്ചാണ് യാത്രയാക്കിയത്. എമിറേറ്റ്സ്‌ റൈറ്റേഴ്സ്‌ യൂണിയന്‍ പുറത്തിറക്കുന്ന മാസികയില്‍ ഇസ്മായീലിന്റെ രണ്ട് കവിതകളും പ്രസിദ്ധീകരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു‌.

റുബാ അല്‍ അസ്‌അദ്‌, അല്‍ സയ്യദ്‌ റമദാന്‍, മുഹമ്മദ്‌ ഇദ്‌രീസ്‌, നാദിയ അലീഫ്‌, വിസാം ശയ്യ, അക്രം ഖുന്‍ബുസ്‌, നസ്ര് ബദ്രാന്‍, അവിര്‍ ഫദ്‌ത്‌, സമീര്‍ ശറഫുദ്ദീന്‍ എന്നിവരാണ് കവിതകള്‍ അവതരിപ്പിച്ചത്. ജോര്‍ദാന്‍, യു എ ഇ, സിറിയ, സുഡാന്‍, ലബനാന്‍, ഈജിപ്‌ത്‌ എന്നിവിടങ്ങളില്‍ നിന്നുള്ള കവികളാണ് പ്രധാനമായും കവിയരങ്ങില്‍ പങ്കെടുത്തത്.

വെബ്ദുനിയ വായിക്കുക