മുംബൈക്കെതിരായ തോല്‍‌വി; സഹതാരങ്ങള്‍ക്കെതിരെ തുറന്നടിച്ച് ധോണി

വെള്ളി, 5 ഏപ്രില്‍ 2019 (16:09 IST)
കുതിച്ചുപാഞ്ഞ പടക്കുതിരയെ പിടിച്ചു കെട്ടിയതിന് തുല്യമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിനെ രോഹിത് ശര്‍മ്മയുടെ മുബൈ ഇന്ത്യന്‍സ് കീഴടക്കിയ നിമിഷം. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ തോൽവിയാണ് മഞ്ഞപ്പടയ്‌ക്ക് നേരിടേണ്ടി വന്നത്.

ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് 37 റൺസിന്റെ തോല്‍‌വി മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ചെന്നൈയുടെ നിയന്ത്രണത്തിലായിരുന്ന മത്സരം മുംബൈ പിടിച്ചെടുക്കാന്‍ നിരവധി കാരണങ്ങള്‍ നിലനില്‍ക്കെ സഹതാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ധോണി രംഗത്തെത്തി.

നിര്‍ണായക ക്യാച്ചുകള്‍ നഷ്‌ടമാക്കിയതും ഡെത്ത് ഓവറുകളില്‍ മികച്ച ബോളിംഗ് പുറത്തെടുക്കാത്തതുമാണ് തോല്‍‌വിക്ക് കാരണമായതെന്ന് ധോണി തുറന്നടിച്ചു.

മികച്ച രീതിയിലാണ് തങ്ങള്‍ തുടങ്ങിയത്. പത്തോ പന്ത്രണ്ടോ ഓവര്‍ വരെ എല്ലാം ശരിയായി നടന്നു. എന്നാല്‍, ഫീല്‍ഡിങിലെ മോശം പ്രകടനവും, അവസാന ഓവറുകളില്‍ ബോളര്‍മാര്‍ അനാവശ്യമായി റണ്‍ വഴങ്ങിയതും തോല്‍‌വിക്ക് കാരണമായി.

എതിര്‍ ടീമിലെ കളിക്കാര്‍ക്കെതിരെ വ്യക്തമായ പദ്ധതികളോടെടെയാണ് ഇറങ്ങിയത്. ബൗണ്ടറികള്‍ തടയുക എന്നതായിരുന്നു പ്രധാന തന്ത്രം. പക്ഷേ, മറിച്ചാണ് സംഭവിച്ചത്. മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ ഇല്ലാത്തത് തിരിച്ചടിയായെന്നും ധോണി പറഞ്ഞു.

അവാസാന രണ്ട് ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യയയും പൊള്ളാർഡുമാണ് ധോണിയുടെ പ്ലാനിംഗ് തകര്‍ത്തത്. ഇരുവരും ചേര്‍ന്ന് 45 റണ്‍സാണ് അടിച്ചു കൂട്ടിയത്. ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ 29 റൺസാണ് പിറന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍