സഹിക്കുക, ഇതും സിനിമ!

ബുധന്‍, 27 ജനുവരി 2010 (18:26 IST)
PRO
മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ സംവിധായകരുടെ ഗണത്തിലാണ് ഷാജി കൈലാസിനെയും പരിഗണിക്കുക. സാങ്കേതികമായി ബ്രില്യന്‍റായ ഈ സംവിധായകന്‍ ബോളിവുഡിലെ രാം ഗോപാല്‍ വര്‍മയെയും വെല്ലുന്ന പെര്‍ഫെക്ഷന്‍ കാത്തുസൂക്ഷിക്കുന്നയാളാണ്. തിരക്കഥ മോശമായാലും തന്‍റെ സിനിമകള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി നല്‍കാന്‍ സംവിധാനമികവിലൂടെ ഷാജിക്ക് കഴിയാറുണ്ട്.

ഈ പ്രതീക്ഷയാണ് ‘ദ്രോണ 2010’ എന്ന സിനിമ കാണാനെത്തുമ്പോള്‍ ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. സംവിധായകന്‍ എന്ന നിലയില്‍ ഷാജി തന്‍റെ മികവ് വീണ്ടും തെളിയിച്ചു. പക്ഷേ അടിത്തറ ബലമില്ലാത്ത കെട്ടിടത്തിനു മുകളിലെ അലങ്കാരച്ചമയങ്ങള്‍ക്ക് എന്തു മൂല്യം? പൊളിഞ്ഞു മണ്ണിലടിയാനുള്ള വിധിയാണ് അതിനുള്ളത്. ഈ മമ്മൂട്ടി സിനിമയ്ക്കും സംഭവിച്ചത് അതാണ്.

ഷാജി കൈലാസ് - മമ്മൂട്ടി - എ കെ സാജന്‍ ടീമിന്‍റെ ‘ദ്രോണ 2010’ ഒരു സിനിമ എന്ന നിലയില്‍ സമ്പൂര്‍ണ പരാജയമാണ്. ഷാജിച്ചിത്രങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തമായ ത്രില്‍ + എന്‍റര്‍ടെയ്ന്‍‌മെന്‍റ്‌ സമവാക്യത്തെ പാടേ തച്ചുടയ്ക്കുന്ന സിനിമ. എ കെ സാജന്‍റെ തിരക്കഥാ രചനാപാടവത്തിന്‍റെ വളര്‍ച്ച പടവലങ്ങ പോലെയാണ്. ഈ തിരക്കഥ വിശ്വസിച്ച് പണമിറക്കിയയാളിന്‍റെ നല്ല മനസിനെ പടം തീര്‍ന്നയുടന്‍ ചില പ്രേക്ഷകര്‍ സ്തുതിക്കുന്നതു കണ്ടു!

നൂറ്റാണ്ട് 21 ആയി. എ കെ സാജന്‍റെ ചിന്തകള്‍ പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പടിപ്പുര കടന്നിട്ടേയുള്ളൂ എന്ന് വേണം കരുതാന്‍. അല്ലെങ്കില്‍ ഇമ്മട്ടിലൊരു സാധനം പടച്ചുണ്ടാക്കുമോ? പ്രേക്ഷകന്‍റെ ക്ഷമയെ പരമാവധി പരീക്ഷിക്കുകയാണ് ദ്രോണയിലൂടെ ഈ തിരക്കഥാകൃത്ത്. അഭിനയിക്കാന്‍ മമ്മൂട്ടിയും ഫ്രെയിം വയ്ക്കാന്‍ ഷാജി കൈലാസും സമ്മതിച്ചതെങ്ങനെ? ഇതേക്കുറിച്ച് എസ് എന്‍ സ്വാമിക്ക് ഒരു ഇന്‍വെസ്റ്റിഗേഷന്‍ സ്റ്റോറിക്ക് വകുപ്പുണ്ട്.

പാലേരിമാണിക്യം പോലെ ഈ സിനിമയിലും മമ്മൂട്ടി ഒരു സസ്പെന്‍സ് നല്‍കുന്നുണ്ട്. ഇരട്ട വേഷമാണ് മലയാളത്തിന്‍റെ അഭിമാന താരത്തിന്. ജ്യേഷ്ഠനും അനുജനും. ഒരു തറവാടും അതിലെ പ്രേതബാധയുമൊക്കെ മലയാള സിനിമ ഉണ്ടായ കാലം മുതല്‍ പറഞ്ഞു പഴകിയ സബ്ജക്ടാണ്. അനുജനായ കുഞ്ഞുണ്ണിയുടെ മരണം അന്വേഷിക്കുക എന്ന ചുമതല കൂടിയുണ്ട് മന്ത്ര - തന്ത്രജ്ഞനായ പട്ടാഴി മാധവന്‍ നമ്പൂതിരിക്ക്. പ്രേതങ്ങളുമായുള്ള ഏറ്റുമുട്ടലുകളും അന്ധവിശ്വാസവും ദുരാചാരങ്ങളും ഒരിക്കല്‍ കൂടി സിനിമയുടെ കവാടം കടന്നെത്തുകയാണ്.

ആദ്യ ഒരു മണിക്കൂര്‍ നേരം പ്രേക്ഷകന്‍ നട്ടം തിരിയുക തന്നെയാണ്. അതിനു ശേഷം സിനിമ ട്രാക്കിലേക്ക് വീഴുന്നു. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കവും ഇഴച്ചില്‍ തന്നെ. ക്ലൈമാക്സ് നനഞ്ഞ പടക്കം പോലെയാവുകയും ചെയ്തു.

അടുത്ത പേജില്‍ - മാധവന്‍ നമ്പൂതിരിയും മമ്മൂട്ടിയും

PRO
രണ്ടു കഥാപാത്രങ്ങളില്‍ ജ്യേഷ്ഠന്‍ കഥാപാത്രം തന്നെ മെച്ചം. രണ്ടു തറവാടുകള്‍ തമ്മിലുള്ള(പട്ടാഴിയും നെല്ലൂര്‍ മഠവും) പകയുടെ കഥ കൂടിയാണ് ദ്രോണ. തന്‍റെ കാമുകി(തുളസീമണി - കനിഹ)യെ അപമാനിച്ച സൂരി(ഉണ്ണി ശിവപാല്‍)യെ കെട്ടിടത്തിനു മുകളില്‍ നിന്ന് തറയില്‍ വീഴ്ത്തി മരണതുല്യമാക്കുകയാണ് കുഞ്ഞുണ്ണി. കുഞ്ഞുണ്ണിയെ വധിച്ചാണ് മണിയമ്പ്ര ഗിരീശന്‍(മനോജ് കെ ജയന്‍) ഇതിന് പകരം വീട്ടുന്നത്. എന്നാല്‍ കുഞ്ഞുണ്ണിയുടെ മരണത്തിന്‍റെ കാരണം സാവിത്രി എന്ന രക്ഷസാണെന്ന് വരുത്തിത്തീര്‍ക്കുന്നു. ഈ ചിത്രം മുന്നോട്ടു വയ്ക്കുന്ന ‘പക.. വീട്ടാനുള്ളതാണ്’ എന്ന തത്വം സൃഷ്ടിച്ചേക്കാവുന്ന നെഗറ്റീവ് ഇം‌പാക്ടിനെപ്പറ്റി സംവിധായകനും തിരക്കഥാകൃത്തും ആലോചിക്കാത്തതെന്തുകൊണ്ട്? കച്ചവട സിനിമയില്‍ എന്ത് സാമൂഹിക പ്രതിബദ്ധത അല്ലേ?

പട്ടണത്തില്‍ ഭൂതമോ, തുറുപ്പുഗുലാനോ ഒക്കെ സൃഷ്ടിച്ച കഥാപാത്ര നിസാരവത്കരണം ഈ ചിത്രത്തിലും സംഭവിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഉള്‍ക്കാമ്പുള്ള ഒരു കഥാപാത്രത്തിനായി മോഹിച്ചെത്തുന്നവരെ നിരാശയുടെ പടുകുഴിയിലിടുകയാണ് ദ്രോണ. കോമഡിച്ചിത്രങ്ങളെന്ന പേരില്‍ അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടിസിനിമകളുടെ ചേരിയില്‍ പെടുന്ന ശരാശരിയിലും താഴ്ന്ന സൃഷ്ടിയാണ് ഈ ഷാജി കൈലാസ് ചിത്രമെന്ന് സഹതാപത്തോടെയേ പറയാനാകൂ.

എന്നാല്‍ മമ്മൂട്ടിയുടെ അഭിനയനൈപുണ്യം വെളിവാകുന്ന ചില ദൃശ്യങ്ങളെങ്കിലുമുണ്ട് സിനിമയിലെന്നതും മറക്കുന്നില്ല. ഫ്ലാഷ്ബാക്ക് രംഗങ്ങള്‍ ഉദാഹരണം. നായികമാരുടെ കാര്യം പറയുകയാണെങ്കില്‍ - കനിഹയും നവ്യാ നായരും ധന്യ മേരി വര്‍ഗീസും ലക്ഷ്മി ശര്‍മയും- ഒരു ഷാജി ചിത്രത്തില്‍ നായികയ്ക്ക് ലഭിക്കാവുന്ന അവഗണനകള്‍ ഈ സിനിമയും തുടരുന്നു. പ്രേതബാധയ്ക്കു ശേഷമുള്ള തുളസീമണി(കനിഹ)യുടെ പ്രകടനം കൊള്ളാം. മണിയങ്കോട്ടു സാവിത്രി എന്ന യക്ഷിക്കഥാപാത്രത്തെ ധന്യ മേരി വര്‍ഗീസ് ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിട്ടുണ്ട്. ദീപക് ദേവിന്‍റെ സംഗീതം ആവറേജാണ്. ‘ദ്രോണ..ദ്രോണ’ എന്ന തീം സോംഗ് പ്രത്യേകിച്ച് ഒരു വികാരവും സൃഷ്ടിക്കുന്നതല്ല.

പട്ടാഴി നമ്പൂതിരിയുടെ ശിഷ്യഗണങ്ങളെല്ലാം ശരാശരിയില്‍ താഴെ പ്രകടനം മാത്രമാണ്. മഹാനടനായ തിലകനു പോലും ആവര്‍ത്തനവിരസമായ കഥാപാത്രത്തെ തുന്നി നല്‍കിയിരിക്കുന്നു. മനോജ് കെ ജയന്‍ മികച്ചു നില്‍ക്കുന്നു. ഉണ്ണി ശിവപാല്‍, ജയന്‍, കെ പി എ സി ലളിത, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവരുടെ കഥാപാത്രങ്ങളും സിനിമയില്‍ വന്നുപോകുന്നു. കൊല്ലം തുളസി അവതരിപ്പിച്ച വിഷഹാരി അദ്ദേഹത്തിന് ലഭിച്ച മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.

കരുത്തില്ലാത്ത മുഹൂര്‍ത്തങ്ങളും കഴമ്പില്ലാത്ത സംഭാഷണങ്ങളും നിറച്ചു വച്ച സിനിമയില്‍ ‘കഥയെവിടെ?’ എന്ന അന്വേഷണത്തിനും സ്കോപ്പുണ്ട്. സിനിമയ്ക്ക് കഥയെന്തിന് എന്ന് ഒരു വാദത്തിനു വേണ്ടി പറയാമെങ്കിലും, കാഴ്ചക്കാരുടെ ഹൃദയത്തില്‍ തൊടുന്ന ഒരു മുഹൂര്‍ത്തമെങ്കിലും സൃഷ്ടിക്കാന്‍ കഴിയാത്ത സിനിമയാണ് ദ്രോണ എന്ന് പറയാതെ പോയാല്‍ അത് പ്രേക്ഷകരോടുള്ള വഞ്ചനയാണ്.

80 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ദ്രോണയ്ക്ക് ആദ്യ ദിവസം നല്ല തിരക്കനുഭവപ്പെടുന്നു. ഇനിഷ്യല്‍ കളക്ഷന്‍ ഈ ചിത്രത്തിന് ഗുണം ചെയ്തേക്കും. 35 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമയുടെ എഡിറ്റിംഗ് ഡോണ്‍ മാക്സും റീ റെക്കോര്‍ഡിംഗ് രാജാമണിയുമാണ്. രണ്ടും മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നു. പ്രേതഭവനത്തിന്‍റെ കലാസംവിധാന മികവും എടുത്തുപറയണം.

വെബ്ദുനിയ വായിക്കുക