മലയാള സിനിമയിലെ ചിരിയുടെ രാജാവ് എസ്.പി.പിള്ളയുടെ ചരമ വാര്‍ഷികമാണ് ജൂണ്‍ 12. അടൂര്‍ഭാസിയുടേയും മുതുകുളം രാഘവന്‍പിള്ളയുടേയും കാലത്ത് മലയാള സിനിമാവേദിയില്‍ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച പങ്കജാക്ഷന്‍ പിള്ള വെള്ളിത്തിരക്ക് അരങ്ങിന്‍റെ സംഭാവനയായിരുന്നു.
ഹാസ്യനടന്‍ എസ്. പങ്കജാക്ഷന്‍ പിള്ള പാമ്പാടിയില്‍ ജനിച്ചു. ബാല്യത്തില്‍ മാതാപിതാക്കള്‍ മരിച്ചതുമൂലം കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. പത്രവില്പനക്കാരനായി ജീവിതം ആരംഭിച്ചു.
പിന്നീട് കേരള കലാമണ്ഡലത്തിലെ അന്തേവാസിയായി ഓട്ടന്‍തുള്ളലും മറ്റും അഭ്യസിച്ചു. ഏറ്റുമാനൂരില്‍ കലാ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രഫഷണല്‍ നാടക കമ്പനികളില്‍ ചേര്‍ന്ന് ഹാസ്യനടന്‍ എന്ന പ്രശസ്തി നേടി.
നല്ലതങ്ക എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തു പ്രവേശിച്ചു. തുടര്‍ന്ന് 300 റോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ചെമ്മീനിലെ അഭിനയത്തിന് അവാര്‍ഡ് കിട്ടി.
1978-ല്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കലാരത്നം അവാര്‍ഡ്, മയൂര അവാര്‍ഡ് ഇവ ലഭിച്ചു. അവശ ചലച്ചിത്രകലാകാര യൂണിയന്‍റെ സ്ഥാപക പ്രസിഡന്‍റായിരുന്നു.
ഒരു കാലത്ത് എസ്.പി. - അടൂര്‍ പങ്കജം കൂട്ടുകെട്ട് മലയാള സിനിമയില്‍ ചിരിയുടെ വരപ്രസാദമായിരുന്നു. ചിരിയുടെ ജനിതക പ്രതിഭ ഏറ്റുവാങ്ങിയ പൗത്രി മഞ്ജുപിള്ളയിലൂടെ എസി.പി. ആശാന്‍ ഇന്നും ജീവിക്കുന്നു മലയാളിയുടെ ഹൃദയത്തില്‍.