മണിയന്‍പിള്ള എന്ന സുധീര്‍കുമാര്‍

WDWD
അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിന്‍റെ പേര്‌ സ്വന്തം പേരാവുക. തന്‍റെ യഥാര്‍ത്ഥ പേര്‌ ആരെന്ന്‌ അറിയാതെ പോവുക. ഈയ൹ഭവം ലോകത്ത്‌ ഒരു നടനേ ഉണ്ടാവാനിടയുള്ളൂ - മണിയന്‍പിള്ള രാജുവിന്‌.

മണിയന്‍പിള്ള രാജു മണിയന്‍പിള്ളയോ രാജുവോ അല്ല. സുധീര്‍കുമാറാണ്‌. ശേഖരപിള്ളയുടെയും സരസ്വതിയമ്മയുടെയും മകന്‍ സുധീര്‍കുമാര്‍.

1955 ഏപ്രില്‍ 19ന്‌ തിരുവനന്തപുരത്താണ്‌ ജനനം. രാജു വിളിപ്പേര്‌ മാത്രമാണ്‌. അറിയപ്പെടുന്നത്‌ മണിയന്‍പിള്ള എന്ന്‌. സുധീര്‍കുമാര്‍ എന്ന നടനെ ഇന്നാരുമറിയില്ല.

ബാലചന്ദ്രമേനോന്‍റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ്‌ മണിയന്‍പിള്ള രാജു ആയത്‌. പിന്നീട്‌ എത്രയോ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പക്ഷേ ഈ പേര്‌ മാത്രം മാറിയില്ല.

ഇതൊരു ദുഷ്‌പേരല്ല. അത്രയും മികച്ച അഭിനയമായിരുന്നു രാജു ആ ചിത്രത്തില്‍ കാഴ്ചവച്ചത്‌. പിന്നീട്‌ നായക നടനാവാന്‍ കഴിഞ്ഞില്ലെങ്കിലും മുപ്പത്‌ കൊല്ലത്തോളം മലയാള സിനിമയില്‍ നിലനില്‍ക്കാന്‍ രാജുവിന്‌ കഴിഞ്ഞു.

മോഹന്‍ലാല്‍ എന്ന നടനെ കുട്ടിക്കാലത്ത്‌ മെരുക്കിക്കൊണ്ട്‌ നടന്ന സംവിധായകനാണ്‌ രാജു - സ്കൂളിലെ നാടക സംവിധായകന്‍ പിന്നീട്‌ ലാലിന്‍റെ സിനിമകളില്‍ ലാലിനോടൊപ്പം എന്നും രാജുവും ഉണ്ടായിരുന്നു.

WDWD
ശ്രീകുമാരന്‍ തമ്പിയുടെ മോഹിനിയാട്ടമാണ്‌ രാജുവിന്‍റെ ആദ്യത്തെ സിനിമ. ധീം തരികിട തോം, വെള്ളാനകളുടെ നാട്‌, താളവട്ടം, കുറുക്കന്‍ രാജാവായി, ഏയ്‌ ഓട്ടോ, കട്ടുറുമ്പിനു കാതുകുത്ത്‌, സയാമീസ്‌ ഇരട്ടകള്‍, അഭിഭാഷകന്റെ ഡയറിക്കുറിപ്പ്‌ തുടങ്ങി നൂറ്റമ്പതിലേറെ സിനിമകളില്‍ രാജു അഭിനയിച്ചിട്ടുണ്ട്‌.

ഏയ്‌ ഓട്ടോ, വെള്ളാനകളുടെ നാട്‌, അനശ്വരം എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്‌. ഒട്ടേറെ ടി.വി. സീരിയലുകളിലും ടി.വി. ഷോകളിലും രാജു പങ്കെടുക്കുന്നുണ്ട്‌. ഇന്ദിരയാണ്‌ ഭാര്യ. സച്ചിന്‍ മകന്‍.