ആനകളെ എഴുന്നള്ളിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ കേരള ഹൈക്കോടതി നീക്കം നടത്തുന്നുണ്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ബ്രൂണോ എന്ന വളര്‍ത്തുനായയുടെ മരണത്തെത്തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആനകളുടെ എഴുന്നള്ളവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടി, കേസില്‍ കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.
ആനകളുടെ സര്‍വേ നടത്തണമെന്ന നിര്‍ദ്ദേശവും സ്റ്റേയില്‍ ഉള്‍പ്പെടുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതി സുപ്രീം കോടതിയെ സമീപിച്ചു. സംഘടനയ്ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വികാസ് സിംഗ് ഹാജരായി. എന്നാല്‍ ഡിവിഷന്‍ ബെഞ്ചിന്റെ നടപടികള്‍ പൂര്‍ണ്ണമായും സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പിഇടിഎ ഉള്‍പ്പെടെയുള്ള മൃഗസംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും കേസില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം ആവശ്യമാണെന്നും ആരോപിച്ച് വിശ്വഗജസേവാ സമിതി സുപ്രീം കോടതിയെ സമീപിച്ചു.
അതേസമയം, ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചില്ല. നിലവില്‍ ഹര്‍ജിയില്‍ ഇടപെടില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കാനും അനുമതി നല്‍കി. തുടര്‍ന്ന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ട്രാന്‍സ്ഫര്‍ ഹര്‍ജികള്‍ ദേവസ്വങ്ങള്‍ പിന്‍വലിച്ചു.