വിജയം താരങ്ങള്‍ക്കു മാത്രം

മലയാള സിനിമയില്‍ താരാധിപത്യം അരക്കിട്ടുറപ്പിച്ചാണ് 2008 കടന്നുപോകുന്നത്. 100 കോടിയില്‍ അധികം രൂപയുടെ ബിസിനസാണ് ഇത്തവണ മലയാള സിനിമയില്‍ ഉണ്ടായത്. അതില്‍ എഴുപത് ശതമാനവും നഷ്ടമായെന്ന് സിനിമാ വിദഗ്ധര്‍ പറയുന്നു. ചില പരാജയങ്ങള്‍ വിജയങ്ങളാക്കി മാറ്റാനായി അമ്പതും നൂറും ദിവസത്തെ പോസ്റ്ററുകള്‍ പതിച്ച് ചിലര്‍ മുഖം രക്ഷിക്കുന്നു. സാമ്പത്തിക നഷ്ടം സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കും എന്നതിനേക്കാള്‍, പ്രതിഭാദാരിദ്ര്യമാണ് മലയാള സിനിമയുടെ ഭാവി ആശങ്കയിലാഴ്ത്തുന്നത്.

2008ലെ ഏറ്റവും സന്തോഷകരമായ കാര്യം താര സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ദിലീപ് നിര്‍മ്മിച്ച ‘ട്വന്‍റി20’ നേടിയ ചരിത്രവിജയമാണ്. ആ സിനിമയുടെ വിജയം മലയാള സിനിമയ്ക്കാകെ ഉണര്‍വു നല്‍കി. സൌഹൃദത്തിന്‍റെയും താര കൂട്ടായ്മയുടെയും വിജയമായിരുന്നു ട്വന്‍റി20. കഴിഞ്ഞ കുറേ മാസങ്ങളായി ഈ സിനിമയുടെ പിന്നാലെയായിരുന്ന ദിലീപിന് കോടികളുടെ ലാഭമാണ് ട്വന്‍റി 20 നേടിക്കൊടുത്തത്. മറ്റൊരു പ്രധാന സംഭവം ജയറാമിന്‍റെ അതിശക്തമായ തിരിച്ചുവരവാണ്.

അണ്ണന്‍ തമ്പി, വെറുതെ ഒരു ഭാര്യ, സൈക്കിള്‍, മാടമ്പി, രൌദ്രം, കുരുക്ഷേത്ര, ഇന്നത്തെ ചിന്താവിഷയം, ഷേക്സ്‌പിയര്‍ എം എ മലയാളം, ക്രേസി ഗോപാലന്‍ എന്നിവയാണ് ട്വന്‍റി20യെ കൂടാതെ മലയാളത്തില്‍ ഹിറ്റിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രങ്ങള്‍. ഇതില്‍ കുരുക്ഷേത്ര മുടക്കുമുതല്‍ കൂടുതലായതു കാരണം കഷ്ടിച്ചു മാത്രം രക്ഷപെട്ട ചിത്രമാണ്.


അണ്ണന്‍ തമ്പി, മാടമ്പി, വെറുതെ ഒരു ഭാര്യ എന്നിവയെ സൂപ്പര്‍ഹിറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താം. വൈഡ് റിലീസ് എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കിയ അണ്ണന്‍ തമ്പി കോടികളാണ് വാരിയത്. അന്‍‌വര്‍ റഷീദിന്‍റെ ഹാട്രിക് വിജയമായിരുന്നു അണ്ണന്‍ തമ്പി. മമ്മൂട്ടി ആദ്യമായി ഊമയായ കഥാപാത്രമായതും അണ്ണന്‍ തമ്പിയിലാണ്.

മോഹന്‍‌ലാലിന് അഭിമാനിക്കാവുന്ന വിജയമായിരുന്നു മാടമ്പിയുടേത്. പലിശക്കാരന്‍ ഗോപാലകൃഷ്ണപിള്ള എന്ന കഥാപാത്രത്തെ ലാല്‍ അനശ്വരമാക്കി. മോഹന്‍ലാലിന്‍റെ മാടമ്പിയും മമ്മൂട്ടിയുടെ പരുന്തും ഒരേ സമയം റിലീസ് ചെയ്തത് ഫാന്‍സ് അസോസിയേഷനുകള്‍ തമ്മിലുള്ള യുദ്ധത്തിന് കാരണമായി. എന്തായാലും പരുന്തിനെ മറി കടന്ന് മാടമ്പി വിജയം രചിച്ചു.

സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളുടെ കഥ പറഞ്ഞ രൌദ്രം ഒരു പതിവ് രണ്‍ജി പണിക്കര്‍ ചിത്രമായിരുന്നു. തകര്‍പ്പന്‍ ഡയലോഗുകളും സൂപ്പര്‍ ആക്ഷന്‍ രംഗങ്ങളും ചിത്രത്തെ ഹിറ്റാക്കി മാറ്റി. രൌദ്രത്തോട് ഏറ്റുമുട്ടിയ മോഹന്‍‌ലാലിന്‍റെ കോളജു കുമാരന്‍ ബോക്സോഫീസില്‍ തകര്‍ന്നടിഞ്ഞു.

ജോണി ആന്‍റണി സംവിധാനം ചെയ്ത സൈക്കിള്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായി മാറി. ക്ലാസ്മേറ്റ്സിന് ശേഷം ജയിംസ് ആല്‍‌ബര്‍ട്ട് തിരക്കഥ രചിച്ച ചിത്രമായിരുന്നു സൈക്കിള്‍. വിനീത് ശ്രീനിവാസന്‍ ആദ്യമായി അഭിനയിച്ച ഈ ചിത്രം ഒരു ബാങ്ക് കൊള്ളയുടെ കഥ പറഞ്ഞ ത്രില്ലറായിരുന്നു.


സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഇന്നത്തെ ചിന്താവിഷയം വന്‍ പ്രതീക്ഷയുണര്‍ത്തിയ ശേഷം ശരാശരി വിജയത്തിലൊതുങ്ങിപ്പോയ ചിത്രമാണ്. മീരാജാസ്മിനായിരുന്നു ചിത്രത്തിലെ നായിക. സുകന്യ, മോഹിനി തുടങ്ങിയവരുടെ മടങ്ങിവരവിനും ചിന്താവിഷയം കാരണമായി.

വെറുതെ ഒരു ഭാര്യ എന്ന സിനിമ അക്ഷരാര്‍ത്ഥത്തില്‍ ജയറാമിന് ഒരു പുനര്‍‌ജന്‍‌മമാണ് നല്‍കിയത്. അക്കു അക്ബര്‍ സംവിധാനം ചെയ്ത ആ ചിത്രം കോടികള്‍ ലാഭം നേടി. കെ ഗിരീഷ്കുമാറായിരുന്നു ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. ബിന്ദു എന്ന കഥാപാത്രത്തിലൂടെ ഗോപികയും കയ്യടി നേടിയ ചിത്രമായിരുന്നു അത്. ഈ സിനിമയുടെ വിജയത്തോടെ ജയറാമിനെ നായകനാക്കി വമ്പന്‍ സംവിധായകര്‍ പുതിയ ചിത്രങ്ങള്‍ പദ്ധതിയിട്ടു തുടങ്ങിയിട്ടുണ്ട്.

കീര്‍ത്തിചക്രയുടെ രണ്ടാം ഭാഗമായ കുരുക്ഷേത്ര ആദ്യ ദിനങ്ങളില്‍ വന്‍ കളക്ഷനാണ് നേടിയത്. എന്നാല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്‍റി20യുടെ വരവ് കുരുക്ഷേത്രയുടെ കളക്ഷനെ സാരമായി ബാധിച്ചു. വന്‍ മുടക്കുമുതലും ചിത്രത്തിന് ക്ഷീണമായി. അനുകൂലമായ സാഹചര്യമില്ലാത്തതു കൊണ്ടു മാത്രം മികച്ച വിജയം നേടാനാകാതെ പോയ ചിത്രമായിരുന്നു കുരുക്ഷേത്ര.


നവാഗതരായ ഷൈജുവും ഷാജിയും സംവിധാനം ചെയ്ത ഷേക്സ്പിയര്‍ എം എ മലയാളം എന്ന സിനിമയും ഹിറ്റുകളുടെ പട്ടികയില്‍ ഇടം പിടിച്ചു. നാടകക്കാരുടെ കഥ പറഞ്ഞ സിനിമ നിഷ്കളങ്കമായ ഹാസ്യചിത്രം എന്ന ലേബല്‍ നേടി. വര്‍ഷാവസാനം റിലീസ് ചെയ്ത ദിലീപ് ചിത്രമായ ക്രേസി ഗോപാലനും വന്‍ വിജയം നേടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കല്‍ക്കട്ടാ ന്യൂസ്, മുല്ല, കോളജുകുമാരന്‍, സൌണ്ട് ഓഫ് ബൂട്ട്, ദേ ഇങ്ങോട്ടു നോക്ക്യേ, പച്ചമരത്തണലില്‍, വണ്‍വേ ടിക്കറ്റ്, മിന്നാമിന്നിക്കൂട്ടം, പരുന്ത്, മലബാര്‍ വെഡ്ഡിംഗ്, മായാബസാര്‍, ലോലിപോപ്പ് എന്നിവയാണ് 2008ല്‍ ബോക്സോഫീസ് ദുരന്തങ്ങളായ പ്രധാന ചിത്രങ്ങള്‍.

തിരക്കഥ, തലപ്പാവ്, അടയാളങ്ങള്‍, ആകാശഗോപുരം, മിഴികള്‍ സാക്ഷി, പകല്‍ നക്ഷത്രങ്ങള്‍, ഗുല്‍‌മോഹര്‍, രാത്രിമഴ എന്നിവ മികച്ച ചിത്രങ്ങളെന്ന പേര് നേടിയിട്ടും ഇവ കാണാന്‍ തിയേറ്ററുകളില്‍ ജനമെത്തിയില്ല.

ട്വന്‍റി20 ഒഴിച്ചു നിര്‍ത്തിയാല്‍ രൌദ്രവും അണ്ണന്‍ തമ്പിയുമാണ് മമ്മൂട്ടിക്ക് പേര് നേടിക്കൊടുത്തത്. മാടമ്പിയും കുരുക്ഷേത്രയും ഇന്നത്തെ ചിന്താവിഷയവും മോഹന്‍ലാലിന് തുണയായി. സുരേഷ്‌ഗോപിക്ക് ഹിറ്റുകളൊന്നും പേരിലില്ല. ദിലീപിന്‍റെ ക്രേസി ഗോപാലന്‍ മാത്രമാണ് വിജയപ്പട്ടികയില്‍ ഇടം നേടിയത്. വെറുതെ ഒരു ഭാര്യ ജയറാമിനെ ഹിറ്റ് നായകനാക്കി. തിരക്കഥയിലെയും തലപ്പാവിലെ വേഷങ്ങള്‍ പൃഥ്വിരാജിന് നടന്‍ എന്ന നിലയില്‍ ഗുണം ചെയ്തു.


വെബ്ദുനിയ വായിക്കുക