ഒബാമ തിളങ്ങി, മുഷാറഫ് പടിയിറങ്ങി

ലോകം പോയവര്‍ഷം ഏറ്റവും അധികം ചര്‍ച്ചചെയ്തത് ഒബാമയെക്കുറിച്ചായിരിക്കും. ലോകമെങ്ങുമുള്ള പത്രത്താളുകളിലും ചാനലുകളിലും നാളുകളോളം ഒബാമ തിളങ്ങിനില്‍ക്കുകയായിരുന്നു. ചരിത്രത്തില്‍ അത്രത്തോളം പ്രധാന്യം ഒബാമയുടെ വിജയത്തിനുണ്ട്. കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ അമേരിക്കന്‍ പ്രസിഡന്‍റായാണ് ഒബാമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വെളുത്ത വര്‍ഗ്ഗക്കാരുടെ അധീശത്തിനുമേല്‍ വന്ന് പതിച്ച കൊടുങ്കാറ്റായിരുന്നു ഒബാമയുടെ വിജയം. അമേരിക്കയുടെ നാല്‍‌പ്പത്തിനാലാമത് പ്രസിഡന്‍റായി 2009 ജനുവരി 20നാണ് ഒബാമ അധികാരമേല്‍ക്കുന്നത്. മാറ്റത്തിനായുള്ള അമേരിക്കന്‍ ജനതയുടെ അടങ്ങാ‍ത്ത ദാഹമാണ് ഒബാമയെ പ്രസിഡന്‍റ്‌ സ്ഥാനത്തെത്തിച്ചത്.

മുഷാറഫിന്‍റെ പടിയിറക്കം

വര്‍ഷങ്ങളോളം അധികാരക്കസേരയില്‍ അള്ളിപ്പിടിച്ചിരുന്ന മുഷാറഫിന്‍റെ പടിയിറക്കം കാണാന്‍ കഴിഞ്ഞവര്‍ഷം ലോകത്തിനായി. മതാതിഷ്ഠിത അധികാരമുള്ള രാഷ്ട്രങ്ങളില്‍ അധികാര അട്ടിമറിയുണ്ടാകുന്നത് ഒരു പുതിയ സംഭവമല്ല. പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും രാഷ്ട്രീയ അട്ടിമറി ഇതിന് ചെറിയ ഉദാഹരണം മാത്രം. 2008ല്‍ പാക്കിസ്ഥാനിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ലോകം ആകാംക്ഷയോടെയാണ് വീക്ഷിച്ചത്. 1999 മുതല്‍ പാക്കിസ്ഥാന്‍റെ അധികാരം കയ്യാളിയിരുന്ന പര്‍വേസ് മുഷാറഫിന്‍റെ വിടവാങ്ങലിനും ആസിഫ് അലി സര്‍ദാരിയുടെ അധികാരമേല്‍ക്കലിനും 2008 സാക്‍ഷ്യം വഹിച്ചു.

ബുഷിന് ചെരിപ്പേറ്

യുദ്ധ വെറിയനായ ബുഷിന് ഏറ്റവും നല്ല സ്വീകരണം നല്‍കിയാണ് 2008 അവസാനിക്കുന്നത്. വിടവാങ്ങുന്നതിന് തൊട്ടു മുമ്പ് ഇറാഖ് സന്ദര്‍ശിച്ച ബുഷിന് നേരെ ഒരു പത്രപ്രവര്‍ത്തകന്‍ ചെരിപ്പെറിഞ്ഞത് അമേരിക്കന്‍ അധിനിവേശത്തിനെതിരെ ഇറാഖ് ജനതയുടെ ഏറ്റവും മികച്ച പ്രതികരണമായിരുന്നു. അപ്രതീക്ഷിതമായ ചെരിപ്പേറില്‍ നിന്ന് സമര്‍ത്ഥമായി രണ്ടുവട്ടവും ബുഷ് ഒഴിഞ്ഞുമാറിയെങ്കിലും ഏറുകിട്ടിയെന്ന പേരുദോഷം കാലങ്ങളോളം ബുഷിനൊപ്പമുണ്ടാകും.


ലങ്കയില്‍ പുലികള്‍ക്ക് പ്രഹരം

പുലികള്‍ക്ക് കനത്ത തിരിച്ചടിയുടേതായിരുന്നു പോയവര്‍ഷം. പുലിമടയില്‍ പോലും കയറി ആക്രമിക്കാന്‍ ലങ്കന്‍ സൈന്യത്തിനായി. എല്‍ടിടിഇയ്ക്കെതിരെ ലങ്കന്‍ സൈന്യം വിജയം നേടുന്നതാണ് ലോകം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പുലിത്താവളങ്ങള്‍ ഓരോന്നായി തകര്‍ത്തുകൊണ്ട് ലങ്കന്‍ സൈന്യം പൂര്‍ണ്ണ ആധിപത്യം ഉറപ്പിക്കുന്നതിന് 2008 സാക്‍ഷ്യം വഹിച്ചു.

ഗാസ കരയുന്നു

ഇസ്രായേല്‍ ആക്രമണത്തില്‍ കരയുന്ന ഗാസയുടെ ചിത്രം 2008-ന് മറക്കാനാവില്ല. അമേരിക്കന്‍ പിന്തുണയോടെയുള്ള ഇസ്രായേല്‍ അധിനിവേശത്തിന്‍റെ ഏറ്റവും നിഷ്ഠൂരമായ ചെയ്തികളാണ് ഡിസംബറിന്‍റെ അവസാനം ഗാസയില്‍ ഇസ്രായേല്‍ കാട്ടിക്കൂട്ടിയത്. നിന്നെപ്പോലെ നിന്‍റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന് പഠിപ്പിക്കുന്ന ബൈബിളില്‍ വിശ്വസിക്കുന്നവര്‍ പാവപ്പെട്ട ഹമാസിനു മേല്‍ നടത്തിയ പേക്കൂത്ത് ലോകമനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 400ലധികം പേരാണ് കൊല്ലപ്പെട്ടത്. അതിന്‍റെ ഇരട്ടിയോളം ആളുകള്‍ മരണത്തോട് മല്ലടിച്ച് ഇപ്പോഴും ആശുപത്രിയിലുമാണ്.

സാമ്പത്തികമാന്ദ്യം

ലോകത്തെ ഒരുപോലെ പട്ടിണിപിടികൂടിയ വര്‍ഷം കൂടിയാണ് കഴിഞ്ഞുപോയത്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടമായി, ധനകാര്യസ്ഥാപനങ്ങള്‍ പലതും തകര്‍ന്നു, റിയല്‍ എസ്റ്റേറ്റ് വ്യവസായം മന്ദഗതിയിലായി... എന്നിട്ടും പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് ലോകം. ആര്‍ക്കും എന്നുവേണമെങ്കിലും ജോലിനഷ്ടപ്പെടാവുന്ന അവസ്ഥയും ഏതു സ്ഥാപനവും എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന അവസ്ഥയുമെല്ലാം ഇത്രയും തീവ്രമായി ലോകം ആദ്യമായാണ് കാണുന്നത്. എങ്കിലും പഞ്ഞകാലം കഴിഞ്ഞുപോകുമെന്ന ശുഭപ്രതീക്ഷയില്ലാണ് ഏവരും.

വെബ്ദുനിയ വായിക്കുക