അന്തര്‍ദ്ദേശീയ വനിതാദിനം കേരളത്തില്‍

Webdunia
WD
2008 മാര്‍ച്ച് എട്ടാം തീയതി ലോകമെമ്പാടും ആചരിക്കുന്ന അന്തര്‍ദ്ദേശീയ വനിതാ ദിനാചരണത്തിന്‍റെ ഭാഗമായി കേരളത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ കേരളം ഐശ്വര്യ കേരളം എന്ന മുദ്രാവാക്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പാണ് ഇതിനു മുന്‍‌കൈ എടുത്തിരിക്കുന്നത്.

ഈ വര്‍ഷത്തെ അന്തര്‍ദ്ദേശീയ വനിതാ ദിനാചരണത്തിന്‍റെ വിഷയം’ലിംഗപദവി തുല്യതയ്ക്കും ശാക്തീകരണത്തിനുംവേണ്ടി ധനസഹായം’ എന്നാണ്.

അന്തര്‍ദ്ദേശീയ വനിതാദിനാചരണത്തിന്‍റെ ഭാഗമായി സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 60 സര്‍ക്കാര്‍ ആശുപത്രികളിലും റയില്‍‌വേ ആശുപത്രികളിലും ആയുര്‍‌വേദ ആശുപത്രികളിലും സ്ത്രീകള്‍ക്കായി പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

ഇത് കൂടാതെ താഴെപ്പറയുന്ന വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട് :

* തിരുവനന്തപുരത്ത് പൂജപ്പുരയില്‍ സ്ത്രീകള്‍ക്കായി വണ്‍ ഡേ ഹോം ഉദ്ഘാടനം
* അംഗന്‍‌വാടി ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള ധനസഹായ വിതരണം
* അം‌ഗന്‍വാടി പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ് വിതരണം
* സെമിനാറുകള്‍, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവ സംഘടിപ്പിക്കും.

വിവിധ ആശുപത്രികളില്‍ ആരംഭിക്കുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ ശനിയാഴ്ച രാവിലെ 8 മണിക്ക് തുടങ്ങും. ഇതില്‍ 15 നും 45 നും മധ്യേ പ്രായമുള്ള സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കും.

ഈ ക്യാമ്പുകള്‍ക്ക് ഗൈനക്കോളജി, മെഡിക്കല്‍, സര്‍ജറി, ഇ.എന്‍.ടി., നേത്രരോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്‍ടര്‍മാര്‍ നേതൃത്വം നല്‍കും.