ലോകവനിതാദിനാചരണം: നാടിന്റെ സുരക്ഷയ്ക്കായി സ്ത്രീ - പുരുഷ കൂട്ടായ്മ

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (20:49 IST)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിനും അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുന്നതിനും കേരള വനിതാ കമ്മിഷന്റെ അംഗീകാരത്തോടെ പൂവ്വാര്‍ ഗ്രാമപഞ്ചായത്ത് ജാഗ്രതാസമിതി മാതൃകാപരമായി പ്രവര്‍ത്തിച്ചുവരുന്നു. സന്നദ്ധസംഘടനയായ ശാന്തിഗ്രാമിന്റെ മാര്‍ഗനിര്‍ദേശങ്ങളും സഹായവും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചുവരുന്നു. 
 
പഞ്ചായത്തുകളില്‍ ജാഗ്രതാ സമിതി പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും, അയല്‍സഭകളും വാര്‍ഡ് വികസന സമിതികളും ഗ്രാമസഭകളും സജീവമാക്കുന്നതിനും ലോക വനിതാദിനം ആചരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതിനായി പൂവ്വാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടിയ പൗരസംഘടനകളുടെ യോഗം സ്ത്രീശാക്തീകരണത്തിനും മുന്നേറ്റത്തിനും സഹായകമായ രീതിയില്‍ മാതൃകാപരമായ കര്‍മ്മ പരിപാടികള്‍ ആവിഷ്കരിക്കുകയുണ്ടായി. നാടിന്റെ സുരക്ഷയ്ക്കായി സ്ത്രീ - പുരുഷ കൂട്ടായ്മ എന്ന പേരില്‍ ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് സമീപ ഗ്രാമപഞ്ചായത്തു‌കളുടെയും സന്നന്ധസംഘടനകളുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ്മയില്‍ മാര്‍ച്ച് 8ന് തുടക്കം കുറിയ്ക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.
 
സ്ത്രീ പുരുഷ സമത്വം, സ്ത്രീധന നിരോധനം, പ്രകൃതിസംരക്ഷണം, ലഹരി വിമുക്ത ആരോഗ്യഗ്രാമം, സാമൂഹ്യ പ്രതിബദ്ധതയും മൂല്യബോധവുമുള്ള യുവതലമുറ, മാലിന്യ വിമുക്ത ഗ്രാമം തുടങ്ങിയ ലക്‍ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആയിരിക്കും കൂട്ടായ പ്രവര്‍ത്തനം.
 
കില, സാമൂഹ്യനീതി വകുപ്പ്, കേരള വനിതാ കമ്മിഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍ ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തിരുവനന്തപുരം സോഷ്യല്‍ സ‌ര്‍വീസ് സൊസൈറ്റി, ശാന്തിഗ്രാം, ലയോള, സഖി, സേവാ യൂണിയന്‍, പൂവ്വാര്‍ മുസ്ലീം ജമാഅത്ത് കമ്മിറ്റി, അടിമലത്തുറ സോഷ്യല്‍വെല്‍ഫെയര്‍ അസോസിയേഷന്‍‍, അക്ഷയശ്രീ എന്നീ സംഘടനകളുടെ പൂര്‍ണ്ണ പിന്തുണയും സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
Next Article