പ്രസവ സമയത്ത് രക്തം നഷ്ടപ്പെട്ട് ഗർഭിണികൾ മരിക്കാൻ കാരണം ഈ അസുഖം ?

എസ് ഹർഷ

വ്യാഴം, 26 സെപ്‌റ്റംബര്‍ 2019 (15:50 IST)
കേരളത്തിലെ മൂന്നിലൊന്ന് പെൺകുട്ടികളും അനീമിയ ബാധിതരാണെന്നാണ് റിപ്പോർട്ടുകൾ. വിളർച്ചയെന്നും രക്തക്കുറവെന്നും പറയാവുന്ന ഈ അസുഖത്തിന്റെ പ്രധാന കാരണം, ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതില്‍ വരുത്തുന്ന ശ്രദ്ധക്കുറവാണെന്നാണ് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.  
 
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ അനീമിയ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഐ എഫ് എ ടാബ്‌ലറ്റുകള്‍ കഴിച്ചാല്‍ ഗര്‍ഭിണികളിലെ അനീമിയ ഒഴിവാക്കാന്‍ കഴിയും. 
 
ഹീമോഗ്ലോബിന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നീ ഘടകങ്ങള്‍ രക്തത്തില്‍ കുറയുന്നതും ചുവന്ന രക്തകോശങ്ങളുടെ കുറവുമെല്ലാം അനീമിയയ്ക്ക് കാരണമാകുന്നു.
 
പ്രസവസമയത്തെ 20 ശതമാനം മാതൃമരണവും സംഭവിക്കുന്നത് അനീമിയ മൂലമാണ്. പ്രസവ സമയത്ത് രക്തം നഷ്ടമാകുന്നതിനു പിന്നിലെ പ്രധാന കാരണം അനീമിയ ആണ്. സമയമെത്താതെയുള്ള പ്രസവവും നവജാതശിശുവിന്റെ തൂക്കക്കുറവും കുഞ്ഞിന്റെ മരണത്തിന് കാരണമായേക്കാം. അനീമിയ ബാധിച്ച അമ്മമാരില്‍ ഇത് രണ്ടിനുമുള്ള സാധ്യത വളരെ കൂടുതലാണ്.
 
ഇരുമ്പ് അടങ്ങിയ ഭക്‌ഷ്യവസ്തുക്കള്‍ ധാരാളമായി കഴിക്കുന്നതിലൂടെ അനീമിയ തടയാന്‍ കഴിയും. ഇറച്ചി (ആട്, കോഴി, പന്നി, കക്ക), കരള്‍, മുട്ട, ചെമ്മീന്‍, കടല്‍ മീനുകള്‍, സോയാബീന്‍, പരിപ്പ്, ഉഴുന്നുപരിപ്പ്, കടല, ഇലക്കറികള്‍, പച്ചക്കായ, തണ്ണിമത്തങ്ങ, ഗ്രീന്‍ പീസ്, ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്‌സ്, ധാന്യങ്ങള്‍, ചോളം, റാഗി, തവിട് നീക്കാത്ത അരി എന്നിവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍