‘ആണ്‍ സുഹൃത്തുക്കളുമായി ശാരീരിക ബന്ധം വേണ്ട’

Webdunia
വെള്ളി, 14 മെയ് 2010 (16:52 IST)
PRO
നമ്മുടെ നാട്ടിലെ പ്രണയങ്ങള്‍ക്ക് അതിരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ആ‍ണ്‍-പെണ്‍ സൌഹൃദങ്ങള്‍ക്ക് അതിരുകള്‍ കല്‍പ്പിക്കാനാവില്ല എന്ന് മാത്രമല്ല അതിന്റെ പര്യവസാനം എന്താണെന്നും നിശ്ചയിക്കാനാവില്ല. ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ജീവനെടുക്കുന്ന കബളിപ്പിക്കലിലേക്ക് നീങ്ങിയപ്പോള്‍ ഒറീസ സംസ്ഥാന അധികൃതര്‍ പെണ്‍കുട്ടികള്‍ക്കായി പുറത്തിറക്കിയ നിര്‍ദ്ദേശമാണ് ‘ആണ്‍ സുഹ്രുത്തുക്കളുമായി ശാരീരിക ബന്ധം വേണ്ട’ എന്നത്.

ഒരു പുഞ്ചിരിയില്‍ തുടങ്ങി കണ്ടുമുട്ടലുകളിലൂടെ വളരുന്ന ആണ്‍-പെണ്‍ സൌഹൃദങ്ങള്‍ ശാരീരിക ബന്ധത്തിലേക്ക് എത്താന്‍ അധിക സമയം വേണ്ടെന്ന വാസ്തവം അധികൃതര്‍ മനസ്സിലാക്കി കഴിഞ്ഞു. ഇത്തരം ബന്ധപ്പെടലുകള്‍ നടന്നാല്‍ പിന്നെ അതിന്റെ വീഡിയോ പുറത്തിറങ്ങുകയും പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതാണ് അധികൃതരെ ഇത്തരം ഒരു മുന്നറിയിപ്പ് പുറത്തിറക്കാന്‍ നിര്‍ബന്ധിതരാക്കിയത്.

പെണ്‍കുട്ടികളെ വലയിലാക്കി ശാരീരിക ബന്ധം നടത്തുകയും ആ രംഗങ്ങള്‍ നെറ്റിലൂടെയും മൊബൈലിലൂടെയും പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ കേരളത്തിലും ധാരാളമുണ്ട്. ഇത്തരം രംഗങ്ങള്‍ കുറഞ്ഞ വിലയ്ക്ക് മൊബൈലുകളിലേക്ക് പകര്‍ത്തി നല്‍കാനും പല സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവരുടെ പ്രവര്‍ത്തന മേഖല ടൌണുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസര പ്രദേശങ്ങളുമായിട്ടും പൊലീസിനോ മറ്റ് അധികൃതര്‍ക്കോ ഇതു സംബന്ധിച്ച വലിയ തലവേദനയൊന്നും ഇല്ല എന്നത് ആശ്ചര്യജനകമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മൊബൈലുകളുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട് എങ്കിലും എല്ലായിടത്തും നിയന്ത്രണം പ്രാബല്യത്തിലാവുന്നുണ്ടോ? മിക്കപ്പോഴും സര്‍ക്കാര്‍ സ്കൂളുകളിലാണ് ഈ നിയന്ത്രണം കാറ്റില്‍ പറക്കുന്നത്. പഠന കാര്യങ്ങളിലും വിജയ ശതമാനം ഉയര്‍ത്തുന്നതിലും കാട്ടുന്ന ശുഷ്കാന്തി മാത്രമേ ഇക്കാര്യങ്ങളിലും ഇത്തരം സ്കൂളുകളില്‍ കാണാറുള്ളൂ എന്നത് ദു:ഖകരമായ ഒരു സത്യമാണ്.

പത്താം ക്ലാസിനോട് അടുക്കുമ്പോള്‍ തന്നെ ആണ്‍ സുഹ്രുത്തുക്കളുടെ ലൈംഗിക ചൂഷണത്തിന് പെണ്‍കുട്ടികള്‍ ഇരയാവുന്നു എന്ന് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. സ്കൂളുകള്‍ക്ക് സമീപമുള്ള ഷോപ്പുകളായിരിക്കും കണ്ടുമുട്ടലുകള്‍ക്ക് വേദിയൊരുക്കുന്നത്. ഈ സൌഹൃദത്തെ അതിരുവിടാന്‍ ഷോപ്പുകളിലെ ജോലിക്കാരായ ‘ചേച്ചിമാര്‍’ പ്രോത്സാഹനം നല്‍കുന്നുണ്ട് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല. അതിരുവിടുന്ന ബന്ധം ക്യാമറക്കണ്ണുകളില്‍ പതിഞ്ഞു കഴിയുമ്പോള്‍ മാത്രമാണ് പെണ്‍കുട്ടി യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വരിക. അപമാനം എന്ന പച്ചയായ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്തയാവും നാം പിന്നീട് കേള്‍ക്കുക.

ഇത്തരം കേസുകളില്‍ പലപ്പോഴും ക്യാമറ മൊബൈലുകളാണ് വില്ലന്‍‌മാരായി അവതരിക്കുന്നത്. ഇത്തരം മൊബൈലുകള്‍ അനാവശ്യമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ പൊതു സമൂഹം ജാഗ്രത പുലര്‍ത്തിത്തുടങ്ങി എന്നത് സത്യം. എന്നാല്‍, ഇത്തരം ക്യാമറകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയോ നിരോധിക്കുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചു എന്നാണ് ഭൂരിഭാഗം സ്ത്രീകളും പ്രതികരിക്കുന്നത്.

അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കും എതിരെ നിയമങ്ങള്‍ക്ക് പഞ്ഞമില്ല. എന്നാല്‍, നമ്മുടെ സംസ്ഥാനത്ത് ഇവ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്ക്, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാട്ടിയുള്ള ബ്ലാക്ക്മെയിലിംഗും നടക്കുന്നു എന്നത് വിസ്മരിക്കരുത്, എതിരെ പൊലീസും ഭരണകൂടവും എന്ത് ചെയ്തു അല്ലെങ്കില്‍ എന്തു ചെയ്യുന്നു? ദിവസേനയെന്നോണം ന്യൂ ജനറേഷന്‍ മൊബൈലുകളുടെ വിഡിയോ ഫോള്‍ഡറുകളില്‍ അശ്ലീല ചിത്രങ്ങള്‍ പെരുകുകയാണ്. ഇതോടൊപ്പം പല സ്ത്രീകളും അറിഞ്ഞോ അറിയാതെയോ ചൂഷണത്തിന് ഇരയാവുകയും ചെയ്യുന്നു. ഇതിനെതിരെ സംസ്ഥാന വനിതാ കമ്മീഷനെങ്കിലും ശക്തമായ നിലപാട് സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു.