പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി

Webdunia
തിങ്കള്‍, 30 ജനുവരി 2012 (13:09 IST)
PRO
PRO
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണ് പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികള്‍. വാഗ്ദാനങ്ങളുടെ പെരുമഴയാണ് അവര്‍ വോട്ടര്‍മാര്‍ക്ക് സമ്മാനിക്കുന്നത്. തങ്ങളെ വിജയിപ്പിച്ചാല്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കും എന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ പറയുന്നത്.

മായവതി സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് പീഡനത്തിനിരയായവര്‍ നിരവധിയാണെന്നും ഈ പെണ്‍കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും സമാജ്‌വാദി പ്രസിഡന്റ് മുലായാം സിംഗ് യാദവ് ആണ് അറിയിച്ചത്. പീഡിപ്പിക്കപ്പെട്ട സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലേറിയാല്‍ പീഡനവീരന്മാരെയും കൊലയാളികളെയും വെറുതെ വിടില്ല. ദരിദ്രരായ സ്ത്രീകള്‍ക്ക് രണ്ട് സാരികളും പുതപ്പും നല്‍കുമെന്നും പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്.