കുഞ്ഞുവാവയ്ക്കായി ഒരു കുഞ്ഞുമുറി, പക്ഷേ വാസ്തു പ്രധാനമാണ് !

Webdunia
ബുധന്‍, 2 മെയ് 2018 (13:53 IST)
വാസ്തു ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഗൃഹ വാസ്തു. പ്രപഞ്ചത്തില്‍ നിന്നും പ്രസരിക്കുന്ന വിവിധ തരംഗങ്ങള്‍ വീട്ടില്‍ ഉള്ളവരെ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ പല നിയമങ്ങളും തയ്യാറാക്കിയിരിക്കുന്നത്. വീടുകളിലെ എല്ലാ മുറികളും പ്രത്യേകിച്ചും നവജാത ശിശുക്കളുടെ മുറികള്‍ വാസ്തു ശാസ്ത്രത്തിലെ ആയാദി ഷഡ്വര്‍ഗ നിയമം അനുസരിച്ചായിരിക്കണം തയ്യാറാക്കേണ്ടത്.  
 
വായു സഞ്ചാരമുള്ള മുറികളിലായിരിക്കണം നവജാത ശിശുക്കളെ കിടത്തേണ്ടത്. പ്രകൃതിയില്‍ നിന്നുള്ള വായും വെളിച്ചവും അവര്‍ക്ക് കിട്ടത്തക്ക രീതിയിലായിരിക്കണം മുറിയുടെ സ്ഥാനം. എല്ലാ സമയത്തും ആ മുറി വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. വൃത്തിയുള്ള മുറികള്‍ കുഞ്ഞുങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം എത്തിക്കുമെന്നും വാസ്തു വിദഗ്ദര്‍ പറയുന്നു. തെക്കു പടിഞ്ഞാറ് ദിക്കിലായിരിക്കണം കുഞ്ഞുങ്ങള്‍ക്ക് കിടക്കാനുള്ള ബെഡ് ഇടേണ്ടത്.
 
മുറിയുടെ തെക്കു കിഴക്ക് ഭാഗത്തായിരിക്കണം നൈറ്റ് ലാമ്പ് വെക്കേണ്ടത്. ഇത്തരത്തില്‍ ചെയ്യുന്നത് കുഞ്ഞുങ്ങള്‍ക്ക് നല്ല രീതിയിലുള്ള കാഴ്ച പ്രധാനം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. മുറിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ചുമരില്‍ ഫാമിലി ഫോട്ടോകള്‍ തൂക്കിയിടണം. ഇത്തരത്തില്‍ ചെയ്യുന്നത് കുട്ടിയും കുടുംബവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും വാസ്തു ശാസ്ത്രം പറയുന്നു. 
 
കുഞ്ഞുവാവ കിടക്കുന്ന കിടക്കയുടെ മുന്നിലായി കണ്ണാടി വയ്ക്കാന്‍ പാടില്ല. ഇത്തരത്തില്‍ ചെയ്യുന്നത് അവര്‍ പേടിക്കുന്ന രീതിയിലുള്ള സ്വപ്നങ്ങള്‍ കാണുന്നതിന് ഇടയാക്കുമെന്ന് പറയപ്പെടുന്നു. ഇത്തരം മുറികളില്‍ ആവശ്യത്തിനുള്ള ഫര്‍ണീച്ചറുകള്‍ മാത്രം ഇടുന്നതിനും ശ്രദ്ധിക്കണം. തെക്കു പടിഞ്ഞാറ്‌ ഭാഗത്തായി കുട്ടിയുടെ വസ്ത്രങ്ങള്‍ സൂക്ഷിച്ചുവയ്ക്കരുതെന്നും വാസ്തു ശാസ്ത്രം പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article