വീട് നിര്‍മ്മിക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കൂ

Webdunia
പുതിയതായി ഗൃഹ നിര്‍മ്മാണത്തിന് ഒരുങ്ങുന്നവര്‍ക്ക് വാസ്തു നിയമങ്ങളെ കുറിച്ച് ഏകദേശ ധാരണയുണ്ടാവുന്നത് നല്ലതാണ്. വാസ്തു നിയമങ്ങള്‍ അനുസരിക്കുന്നതിലൂടെ പ്രാപഞ്ചിക ശക്തികളുമായുള്ള ഒരു സമന്വയമാണ് സാധ്യമാവുന്നത്.

പ്രധാന വാതിലുകളിലും മുറിയുടെ മൂലകളിലും പ്രകാശമെത്തും വിധത്തിലായിരിക്കണം വീട് നിര്‍മ്മിക്കേണ്ടത്. സ്വീകരണ മുറിയില്‍ ഫര്‍ണിച്ചര്‍ ക്രമീകരിക്കുമ്പോള്‍ അത് വൃത്താകൃതിയിലോ സമചതുരാകൃതിയിലോ അഷ്ടഭുജാകൃതിയിലോ ആവണം.

സ്വീ‍കരണ മുറിയുടെ തെക്കേ ഭിത്തിയില്‍ സൂര്യന്റെ ചിത്രം തൂക്കുന്നത് നന്നായിരിക്കും. തെക്ക് കിഴക്കെ മൂലയില്‍ അക്വേറിയം വയ്ക്കുന്നതും നല്ലതാണ്. സ്വീകരണ മുറിയില്‍ കുടുംബ ഫോട്ടോ തൂക്കുന്നതും നന്നായിരിക്കും.

തെക്ക് നിന്ന് പടിഞ്ഞാറേക്ക് കാറ്റ് വീശുന്നയിടത്താവണം കിടപ്പുമുറി. കിടക്കയും ബെഡ് ഷീറ്റുകളും രണ്ടായി പകുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കിടപ്പ് മുറിയില്‍ ജല സാന്നിധ്യവും ചെടികളും പാടില്ല.

മുറികള്‍ ഒരിക്കലും ഓവല്‍ ആകൃതിയിലോ വൃത്താകൃതിയിലോ ത്രികോണാകൃതിയിലോ നിര്‍മ്മിക്കരുത്. ജനാലകള്‍ പുറത്തേക്ക് തുറക്കുന്നരീതിയിലാവണം. അടുക്കളയില്‍ കണ്ണാടി വയ്ക്കരുത്.

പടിഞ്ഞാറോട്ടോ വടക്കോട്ടോ അഭിമുഖമായി ഏണിയോ പടിക്കെട്ടോ ഇല്ലാതിരിക്കുന്നതാണ് അഭികാമ്യം. ഇത് ധന നാശത്തിന് വഴിവച്ചേക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതേപോലെ, കീറിയ വസ്ത്രം ധരിക്കുന്നതും വാടിയ പൂവ് ചൂടുന്നതും സൂക്ഷിക്കുന്നതും ഗൃഹത്തില്‍ മഹാലക്ഷ്മിയുടെ സാന്നിധ്യത്തിന് എതിരാണെന്നാണ് വിശ്വസിക്കുന്നത്.