കിണര്‍ നിര്‍മ്മാണത്തിന്റെ വാസ്തു

Webdunia
ഞായര്‍, 27 ജൂണ്‍ 2010 (17:15 IST)
PRO
വസ്തു കണ്ടെത്തി ശിലാസ്ഥാപനം നടത്തിക്കഴിഞ്ഞാല്‍ ഉടന്‍ കിണറിനെ കുറിച്ച് ചിന്തിക്കണമെന്നാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. കിണറിന്റെ ഉത്തമസ്ഥാനം ഈശാന കോണ്‍ അഥവാ വടക്ക് കിഴക്ക് ദിക്കാണ്.

വസ്തുവിന്റെ വടക്ക് കിഴക്ക് കിണര്‍ സ്ഥാപിച്ചാല്‍ സമ്പല്‍ സമൃദ്ധിയും കുടുംബത്തിന് അഭിവൃദ്ധിയും ഉണ്ടാവുമെന്നാണ് വാസ്തു ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം, വസ്തുവിന്റെ വായു കോണിലും തെക്ക് ദിക്കിലും കിണര്‍ പാടില്ല. ഇത് സര്‍വ നാശത്തിനു ഹേതുവാകും.

വടക്ക് ദിക്കിലും കിഴക്ക് ദിക്കിലും കിണര്‍ നിര്‍മ്മിക്കുന്നത് ദോഷകരമല്ല. എന്നാല്‍, തെക്ക് ദിക്കില്‍ കിണര്‍ നിര്‍മ്മിച്ചാല്‍ സ്ത്രീനാശവും സാമ്പത്തിക നഷ്ടവും ഉണ്ടാവും. തെക്ക് കിഴക്കാണ് എങ്കിലും സ്ത്രീദോഷവും അനാരോഗ്യവുമാണ് ഫലം.

പടിഞ്ഞാറ് ഭാഗത്തുള്ള കിണര്‍ കുടുംബത്തിലെ പുരുഷന്‍‌മാര്‍ക്ക് ദോഷകരമാണെന്നാണ് വിശ്വാസം. അതേപോലെ വടക്ക് പടിഞ്ഞാറുള്ള കിണറും ദോഷകരമാണ്.

കന്നിമൂല അഥവാ തെക്ക് പടിഞ്ഞാറ് മൂലയിലെ കിണറാണ് ഏറ്റവും ദോഷകരമെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക, സന്താന നാശവുമാണ് ഫലം.