എല്ലാം ആഘോഷമാക്കുന്ന പുതുതലമുറ പ്രണയവും ആഘോഷമാക്കിയിരിക്കുന്നു. കൈമാറുന്ന ആശംസാ സന്ദേശത്തിലൂടെ, വാക്കുകളിലൂടെ, സമ്മാനങ്ങളിലൂടെ അവര്‍ അതാസ്വദിക്കുന്നു. കാല്‍പനിക കവികള്‍ വാഴ്ത്തിപ്പാടിയ ആര്‍ദ്ര പ്രണയം പോയ് മറഞ്ഞതുപോലെ. പ്രണയ തീവ്രത കാലപ്രവാഹത്തില്‍ ചോര്‍ന്നു പോയതു പോലെ.... പ്രണയ ഊഷ്മളത, വിശ്വാസം, ദൃഢത..... എല്ലാമെല്ലാം പ്രണയികളില്‍ നിന്നും നഷ്ടമാകുന്നുവോ?
പുതുതലമുറയ്ക്ക് ഒരേ സ്വരം,കണ്ണൂം മൂക്കുമൊന്നുമില്ലാത്ത പ്രണയം ഇന്നാര്‍ക്കുമില്ല. ജാതിയും, മതവും, പണവും, സ്റ്റാറ്റസുമൊക്കെ, പറ്റു മെങ്കില്‍ ജാതകം വരെ നോക്കി മാത്രമേ ഞങ്ങള്‍ പ്രേമിക്കൂ. എന്തിനാ വെറുതേ. മേല്‍ പറഞ്ഞതെല്ലാം ഒത്തുവരുന്ന പയ്യന്‍സിനെയോ പെണ്ണിനെയോ ആണെങ്കില്‍ വീട്ടുകാര്‍ക്ക് സന്തോഷം. പ്രണയികള്‍ക്ക് അതിനേക്കാള്‍ സന്തോഷം.
പ്രണയിച്ച് അടിപൊളിയായ് കറങ്ങി മടുക്കുന്പോള്‍ വീട്ടുകാര്‍ തന്നെ ആശീര്‍വദിച്ച് നാലാളറിയെ കെട്ട് നടത്തി തരുന്നതിന്‍റെ സുഖമൊന്നു വേറെ. മറ്റേതോ? ജാതിയും മതവും വിട്ടുള്ള ഞാണിന്‍മേല്‍ കളിയാണ് . പിന്നെ വീട്ടുകാരുടെ എതിര്‍പ്പ് തുടങ്ങിയ എടാകൂടങ്ങള്‍.
ഇതൊക്കെ കഴിഞ്ഞ് കെട്ടിയാലോ സാന്പത്തികമെന്നും, സംശയമെന്നുമൊക്കെപ്പറഞ്ഞ് പ്രശ്നങ്ങളുടെ ഘോഷയാത്ര എല്ലാം നോക്കി, വിജയിക്കുമെന്നുറപ്പുള്ള പ്രേമമല്ലേ ഇതിലൊക്കെ ഭേദം. ഒരേയൊരു ജീവിതമല്ലേയുള്ളൂ എന്തിനാ വെറുതേ സ്പോയില്‍ ചെയ്യുന്നത്. കാര്യകാരണസഹിതം പുതുതലമുറ വാദിക്കുന്നു.
എന്നാല്‍ പ്രണയത്തെ മയില്‍പീലിയായ് മനസ്സില്‍ സൂക്ഷിച്ച, ആര്‍ദ്ര പ്രണയ വക്താക്കളായ പഴയ തലമുറ ഇതിനെതിരെ ചൊടിക്കുന്നു. ഇപ്പോഴത്തെ കുട്ടികള്‍ക്ക് പ്രണയമെന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ശരിക്കറിയുമോ ? ഓണവും, വിഷുവും ആഘോഷിക്കുന്നതു പോലെ വര്‍ഷത്തിലൊരിക്കല്‍ അവര്‍ പ്രണയദിനം ( വാലന്‍റയ്് ന്‍സ് ഡേ) ആഘോഷിക്കുന്നു. എന്തൊരു കാലമാണിത് ?
ഞങ്ങളുടെ കാലത്ത് പ്രണയത്തിന് നിത്യവസന്തമായിരുന്നു. കോരിച്ചൊരിയുന്ന മഴയുടെ താളം പോലെ, നേര്‍ത്ത മഞ്ഞുപോലെ അതെന്നും ഞങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രണയം ഒരു ദിവസത്തെ മാത്രം ആഘോഷമായിരുന്നില്ല. അന്ന് കടക്കണ്ണിലൂടെ എറിയുന്ന നോട്ടത്തിലൂടെ, ഒരു മൃദു മന്ദഹാസത്തിലൂടെ, അവിചാരിതമായ കണ്ടുമുട്ടലിലൂടെ അത് പൂത്തുതളിര്‍ത്തു നിന്നു.
ഇന്നത്തെ പ്രണയമെന്താണ് ? വസ്ത്രം മാറുന്ന ലാഘവത്തോടെയല്ലേ ബന്ധങ്ങളെ കൈകാര്യം ചെയ്യുന്നത്. ഇന്‍റര്‍നെറ്റിലൂടെ രണ്ട് വാക്ക് കൈമാറിയാല്‍ പ്രണയമായി, സെല്‍ഫോണിലൂടെ ശബ്ദത്തെ പ്രണയിച്ച് ജീവിതംതന്നെ കുട്ടികള്‍ ഹോമിക്കുന്നു. ഇതാണോ യഥാര്‍ത്ഥ പ്രണയം
ക്യാംപസ്സിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രണയത്തിന്‍റെ വീറും വാശിയുമെല്ലാം എങ്ങോ മറഞ്ഞതു പോലെ. വല്യേട്ടന്മാരും, വല്യേച്ചികളും തന്നെയിത് സ്വകാര്യമായി സമ്മതിക്കുന്നു. പ്രണയ തീവ്രത മൂത്ത് വിവാഹത്തില്‍ കലാശിക്കുന്ന ബന്ധങ്ങള്‍ തീരെ ഇല്ലെന്നു തന്നെ പറയാം. പിന്നെയുള്ളത് ഫോര്‍ പീപ്പിള്‍സിനിടയില്‍ സ്റ്റാറ്റസിനു വേണ്ടിയുള്ള ബന്ധങ്ങള്‍ മാത്രം.
ഐസ് ക്രീം പാര്‍ലറില്‍ സൊറ പറഞ്ഞിരിക്കാനും, കാശ് കൊടുക്കാനും, ഇഷ്ട സിനിമകള്‍ കാണാന്‍ കൊണ്ടുപോകാനും, അറുബോറന്‍ ക്ളാസ്സുകളില്‍ നിന്ന് രക്ഷപ്പെടാനും രണ്ട് പഞ്ചാരയടിക്കാനുമൊക്കെ ഒരു കന്പനി... തീര്‍ന്നു ക്യാന്പസ് പ്രണയം.
സെന്‍റിയായി രണ്ട് ഡയലോഗൊക്കെ കാച്ചി പ്രണയം പ്രകടിപ്പിക്കാമെന്നു കരുതിയാലോ. കൂവലിന്‍റെ അകന്പടിയാവും ഫലം. ആകെ ചമ്മി നാറും. അപ്പോള്‍ പിന്നെ മനസ്സില്‍ തട്ടാതെ ചുണ്ടില്‍ മാത്രം തത്തിക്കളിക്കുന്ന ഐ ലവ് യു ഡാ.. ഐ മിസ് യു ഡാ. എന്നീ വാക്കുകള്‍ തട്ടി മൂളിക്കാതെ മറ്റെന്തോന്ന് ചെയ്യാന്‍ ? ക്യാന്പസ് ആത്മാര്‍ത്ഥതയോടെ ചോദിക്കുന്പോള്‍ എന്തോ തൊണ്ടയില്‍ തടഞ്ഞ പോലെ.
'' രാഗം മാംസനിബിഡമാകരുതു പോലും' കാവ്യ ശകലത്തിന്‍റെ അര്‍ത്ഥാന്തരങ്ങളിലേയ്ക്ക് മനസ് വ്യാപരിക്കവേ, ഇന്നത്തെ സാമൂഹ്യ ദു:സ്ഥിതികള്‍ മനസ്സിനെ കലുഷമാക്കാറുണ്ടെന്ന് മലയാളം അദ്ധ്യാപിക പറഞ്ഞത് ഓര്‍മ്മയില്‍ വരുന്നു. ശരിയാണ് പ്രേമത്തിനു പിന്നില്‍ എത്ര ചതിക്കുഴികള്‍. സൂര്യനെല്ലി, വിതുര... പട്ടിക അനന്തമായി നീളുന്നു, അറിയപ്പെടുന്നവയും അറിയപ്പെടത്തവയുമായി.
ആത്മാര്‍ത്ഥ സ്നേഹത്തിന്‍റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന പ്രേമച്ചതിയ്ക്ക് ഇരുതല മൂര്‍ച്ചയാണുള്ളത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിന് അവസാനം വീട്ടുകാര്‍ പച്ചക്കൊടി കാട്ടി, വിവാഹനിശ്ഛയവും തീരുമാനിച്ചു. നിശ്ഛയത്തലേന്ന് പെണ്‍കുട്ടി മറ്റൊ രു കാമുകനോടൊപ്പം ഒളിച്ചോടിയതും കാമുകന്‍റെ ചിലവില്‍ പഠിച്ച് ജോലികിട്ടിയപ്പോള്‍ മറ്റൊരാളെ പ്രണയിച്ച് കെട്ടിയതുമൊക്കെ പ്രേമച്ചതിയുടെ പെണ്‍മുഖമാണ്.
അതൊക്കെപ്പോട്ടെ ആത്മാര്‍ത്ഥ പ്രണയത്തിന്‍റെ പുതുനാന്പുകള്‍ കൂന്പടഞ്ഞുപോയി എന്ന പരിദേവനവുമായി ആരെങ്കിലും മുന്നോട്ട് വന്നെന്നിരിക്കട്ടെ അപ്പോഴുമുണ്ടാകും പുതുതലമുറയുടെ ഹൈടെക്ക് മറുപടി. കാല്‍പനിക പ്രണയം എന്തൊരു അറുബോറാണ് .ആര്‍ക്കാണ് ഇതിനൊക്കെ സമയം. ജീവിതമിങ്ങനെ കുതിച്ചു പായുകയല്ലേ ഹൈടെക്ക് യുഗത്തില്‍ ഞങ്ങള്‍ നെറ്റിലൂടെയും, സെല്‍ഫോണിലൂടെയും സല്ലപിക്കുകയല്ലേ?