ഫുള്‍ വോയ്‌സില്‍ ആണോ പാട്ട് കേള്‍ക്കുന്നത്? ഒഴിവാക്കേണ്ട ശീലം

രേണുക വേണു

വ്യാഴം, 31 ഒക്‌ടോബര്‍ 2024 (15:35 IST)
ഇലക്ട്രോണിക് യുഗത്തില്‍ മനുഷ്യന്റെ സന്തതസഹചാരിയാണ് ഇയര്‍ഫോണ്‍ അഥവാ ഇയര്‍ ബഡ്‌സ്. യാത്രയിലും പഠിക്കുമ്പോഴും എന്തിന് ജോലി ചെയ്യുമ്പോള്‍ പോലും ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവര്‍ നമുക്ക് ചുറ്റിലുമുണ്ട്. നമുക്കിടയില്‍ പലരും ഇയര്‍ഫോണ്‍ ഉപയോഗത്തിനു അടിമകളുമാണ്. മണിക്കൂറുകളോളം ഇയര്‍ഫോണ്‍ ചെവിയില്‍ വെച്ച് പാട്ടുകേട്ടാണ് പലരും ഉറങ്ങുന്നത് തന്നെ. ഇതെല്ലാം എത്രത്തോളം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ? നിങ്ങളുടെ കേള്‍വിയെ സാരമായി ബാധിക്കുന്നതാണ് അമിതമായ ഇയര്‍ഫോണ്‍ ഉപയോഗം. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കേള്‍വി ശക്തി ക്രമമായി കുറഞ്ഞുവരികയും ചെയ്യും.
 
തുടര്‍ച്ചയായി കുറേ സമയം ഉയര്‍ന്ന ശബ്ദത്തില്‍ ഇയര്‍ഫോണ്‍ പ്രവര്‍ത്തിപ്പിച്ചാല്‍ അത് കേള്‍വി ശക്തിയെ സാരമായി ബാധിക്കും. ചെവിയുടെ ആന്തരിക ഭാഗത്ത് കേള്‍വിശക്തിയെ നിയന്ത്രിക്കുന്ന വളരെ നേര്‍ത്ത ഒരു സ്ഥലമുണ്ട്. കൊക്ലിയ എന്നാണ് ഇതിന്റെ പേര്. ഇയര്‍ഫോണിലൂടെയുള്ള ഉയര്‍ന്ന ശബ്ദം ചെവിയിലേക്ക് എത്തുമ്പോള്‍ അത് മര്‍ദ്ദം കൂടാന്‍ കാരണമാകുന്നു. നേര്‍ത്ത ഫ്ളൂയിഡ് അടങ്ങിയ കൊക്ലിയയെ ഇത് സാരമായി ബാധിക്കും. ഇയര്‍ഫോണിലെ ഉയര്‍ന്ന ശബ്ദം വളരെ സാരമായി തന്നെ കേള്‍വി ശക്തിയെ ബാധിക്കും. 
 
ഇയര്‍ ബഡ്‌സ് ഉപയോഗിക്കുമ്പോള്‍ 60 ശതമാനത്തില്‍ അധികം ശബ്ദം വയ്ക്കരുത്. വലിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ശരാശരി ശബ്ദത്തില്‍ മാത്രമായിരിക്കണം ഇയര്‍ഫോണില്‍ പാട്ട് കേള്‍ക്കേണ്ടത്. മാത്രമല്ല ഇയര്‍ഫോണിനേക്കാള്‍ ഹെഡ്ഫോണ്‍ ഉപയോഗിക്കുന്നതാണ് ചെവിയുടെ ആരോഗ്യത്തിനു നല്ലത്. 
 
ഒരാള്‍ ഉപയോഗിച്ച ഇയര്‍ഫോണ്‍ മാറിമാറി ഉപയോഗിക്കുന്ന ശീലവും നമുക്കിടയിലുണ്ട്. എന്നാല്‍ ഇതും ആരോഗ്യത്തിനു ദോഷം ചെയ്യും. ഒരാളുടെ ചെവിക്കുള്ളിലെ ബാക്ടീരിയ മറ്റൊരാളിലേക്ക് പകരാന്‍ ഇത് കാരണമാകും. അതിലൂടെ നിരവധി രോഗങ്ങള്‍ ഉണ്ടാകും. 
 
തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. ഓരോ 30 മിനിറ്റ് കഴിയുമ്പോഴും ചെവിക്ക് അഞ്ച് മിനിറ്റ് വിശ്രമം കൊടുക്കണം. അല്ലെങ്കില്‍ അത് കേള്‍വിശക്തിക്ക് ദോഷം ചെയ്യും. ഇയര്‍ ബഡ്‌സുകളും ഹെഡ് ഫോണുകളും വൃത്തിയുള്ള കോട്ടന്‍ പാഡ് ഉപയോഗിച്ച് ക്ലീന്‍ ചെയ്യണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍