പ്രശസ്തരുടെ പ്രണയകാലങ്ങള്‍

പ്രണയത്തിന്‍റെ സാഫല്യം എവിടെയാണ്? വിവാഹത്തിലെന്ന് ചിലര്‍ .പ്രണയത്തില്‍ ഒരു ലൈസന്‍സിന്‍റെ സ്ഥാനം മാത്രമാണ് വിവാഹത്തിനുള്ളതെന്ന് മറ്റൊരു വാദം. ഡ്രൈവിംഗ് പഠിക്കുന്നതിന്‍റെ ലക്ഷ്യം ലൈസന്‍സ് എടുക്കുകയല്ലല്ലോ!

ഇഷ്ടപ്പെടുന്ന മനസ്സുകളുടെ കൂടിച്ചേരലിന്‍റെ ഔദ്യോഗിക അനുമതിയാണ് വിവാഹം. പ്രണയം വിവാഹത്തില്‍ സഫലമാക്കിയവരും വിവാഹത്തോടെ പ്രണയം അവസാനിപ്പിച്ചവരും വിവാഹത്തിനുശേഷം നിത്യ പ്രണയികളായി ജീവിക്കുന്നവരുമുണ്ട്.

അവരില്‍ ചിലരിലൂടെയുളള യാത്ര, ആ സ്നേഹകാലത്തിന്‍റെ ഓര്‍മ്മകള്‍, പലരെയും നഷ്ടസ്മൃതികളുടെയും മധുരനൊന്പരങ്ങളുടെയും ചിലരെയെങ്കിലും അഭിമാനപുളകങ്ങളുടെയും ലോകത്തേക്ക് നയിക്കും.

സാംസ്കാരിക കേരളത്തിലെ ചില അതികായരുടെ പ്രണയകാലങ്ങളിലൂടെ...



ജി.കാര്‍ത്തികേയന്‍-സുലേഖ

ജി. കാര്‍ത്തികേയനും സുലേഖയ്ക്കും പ്രണയകാലത്തെക്കുറിച്ചു പറയുന്പോള്‍ ആദ്യം ഓര്‍മ വരുന്നത് ഒരേ പേരാണ്-ജോണ്‍ ജോര്‍ജ്. സുഹൃത്തായ സുലേഖയെ സന്ദര്‍ശിക്കാന്‍ ജോണ്‍ സര്‍വകലാശാല ക്യാംപസിലെത്തി. അന്ന് അവര്‍ എം.എ മലയാളം വിദ്യാര്‍ത്ഥിനി. ജോണിനൊപ്പം ഒരിക്കല്‍ ലോ അക്കാദമിയിലെ സഹപാഠിയായ കാര്‍ത്തികേയനുമുണ്ടായിരുന്നു. ആദ്യത്തെ കൂടിക്കാഴ്ച! യൂണിവേഴ്സിറ്റിയിലും ലൈബ്രറിയിലും ആ കൂടിക്കാഴ്ചകള്‍ തുടര്‍ന്നു.

സുലേഖയ്ക്ക് ഇന്നും പരിഭവം ""എന്നെ ഇഷ്ടമാണെന്ന് കാര്‍ത്തികേയന്‍ ഇന്നുവരെ പറഞ്ഞിട്ടില്ല!'' പക്ഷേ ഹിദൂര്‍ മുഹമ്മദിനും പി.കെ. സഷീറിനുമൊപ്പം കാര്‍ത്തികേയന്‍ സുലേഖയുടെ വീട്ടിലെത്തി, 1979 ഏപ്രിലില്‍ തിരുവല്ലയില്‍ എക്സ് സര്‍വീസ് കാരന്‍ ജി. കൃഷ്ണപ്പണിക്കരോട് പെണ്ണു ചോദിക്കാനായിരുന്നു വരവ്. കെ. കരുണാകരന്‍റെ മകള്‍ പത്മജയുടെ വിവാഹം കഴിഞ്ഞു മടങ്ങും വഴിയായിരുന്നു സന്ദര്‍ശനം.

വര്‍ക്കല കണ്ണന്പയിലുള്ള കാര്‍ത്തികേയന്‍റെ വീടും ദരിദ്രമായ ചുറ്റുപാടും മനസ്സിലാക്കിയപ്പോഴേ കൃഷ്ണപ്പണിക്കരും മറ്റു ബന്ധുക്കളും തീരുമാനിച്ചു. ഈ ബന്ധം വേണ്ട. എട്ടുമക്കളില്‍ മൂത്തത് കാര്‍ത്തികേയന്‍. ആവശ്യത്തിന് ദാരിദ്യ്രം. ജോലി-കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ്. എം.എ. ഒന്നാം റാങ്ക് നേടിയ സുലേഖ അപ്പോഴേക്കും മഞ്ചേരി എന്‍.എസ്.എസ്. കോളജില്‍ അധ്യാപികയായി ജോലി നേടിയിരുന്നു.

കാര്‍ത്തികേയനുമായുള്ള ബന്ധത്തില്‍ ഉറച്ചുനിന്ന സുലേഖ വീട്ടുതടങ്കലിലായി.പഴയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ ഇന്‍ലന്‍റില്‍ മുന തേഞ്ഞ പെന്‍സില്‍ കൊണ്ട് കുളിമുറിയിലെ ഭിത്തിയില്‍ വച്ചെഴുതിയ കത്താണ് വഴിത്തിരിവായത്. വിലാസക്കാരനെ കണ്ടെത്താനാവതെ അലഞ്ഞ പോസ്റ്റുമാന്‍ കീറിക്കളയും മുന്പ് കത്തു വായിക്കാമെന്നു കരുതി. അവസാനം തന്പാനൂര്‍ സലാം ലോഡ്ജില്‍ കാര്‍ത്തികേയന്‍റെ കൈയില്‍ സന്ദേശമെത്തി.

ബന്ധം അവസാനിപ്പിച്ചെന്ന് വീട്ടുകാര്‍ക്ക് നല്‍കിയ ഉറപ്പോടെ സുലേഖ വീണ്ടും കോളജില്‍ പോയിത്തുടങ്ങി.കോളജിലെത്തിയ പി.എം. ബഷീര്‍ വൈകിട്ട് എം.പി. ഗംഗാധരന്‍റെ വീട്ടില്‍ കാര്‍ത്തികേയന്‍ കാത്തിരിക്കുമെന്നറിയിച്ചു.ഡി.സി.സി പ്രസിഡന്‍റ് ഹംസ കൊടുത്ത 50 രൂപയുമായി തിരുവനന്തപുരത്തേക്ക്. വിവാഹം രജിസ്റ്റര്‍ ചെയ്തശേഷം സുലേഖ കോളജിലേക്ക് തിരിച്ചുപോയി.തിരുവനന്തപുരം ബാങ്ക് എംപ്ളോയീസ് ഹാളില്‍ നാലാളറിയെ നടന്ന വിവാഹത്തില്‍ അപരിചിതരെപ്പോലെ അച്ഛനും അമ്മയും പങ്കെടുത്തത് സുലേഖ ഓര്‍ക്കുന്നു.

ആ വേദനകള്‍ക്കു പകരം കിട്ടിയത് നിതാന്തമായൊരു പ്രണയം. തുടങ്ങിയതെപ്പോഴെന്നറിയാതെ അവസാനമില്ലെന്നു മാത്രം അറിയുന്ന പ്രണയം.



എം.എ ബേബി-ബെറ്റി ബേബി

""തന്നൈയൊന്ന് കാണണം, മുകളിലേക്കു വരണം'', എം.എ ബേബി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ബെറ്റി ലൂയിസിനോടു പറഞ്ഞു, കോഴിക്കോട് പാര്‍ട്ടി ഓഫീസില്‍. ഭയത്തോടെ മുന്നിലെത്തിയ ബെറ്റിയോട് ബേബി പറഞ്ഞു. ""തന്നെ എനിക്ക് വിവാഹം ചെയ്താല്‍ കൊള്ളാമെന്നുണ്ട്, എന്തു പറയുന്നു? അവധാനതയോടെ ചിന്തിച്ചിട്ടു മറുപടി പറഞ്ഞാല്‍ മതി''. അവധാനതയുടെ അര്‍ത്ഥം കണ്ടെത്താനുള്ള പ്രയത്നമാണ് അവര്‍ക്കിന്നും പ്രണയത്തിന്‍റെ ആദ്യാക്ഷരങ്ങളിലെ ചിരിയുണര്‍ത്തുന്ന സാന്നിദ്ധ്യം.

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായ ബേബിയെ മോചിപ്പിക്കാന്‍ സമരം നടത്തിയതിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുന്പോഴാണ് ബെറ്റി ആദ്യമായി ബേബിയെ കാണുന്നത്.ബേബി അന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് - തമ്മില്‍ സംസാരിക്കുന്നത് പിന്നെയും രണ്ടു വര്‍ഷം കഴിഞ്ഞ്.

ബേബിയുടെ വിവാഹാഭ്യര്‍ത്ഥന ബെറ്റി വീട്ടിലെത്തിച്ചു. അച്ഛനനമ്മമാര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍. ബേബിയാണെങ്കില്‍ സ്വന്തമായി പാര്‍ട്ടി മാത്രമുള്ളവനും, എന്തായാലും ബെറ്റിയുടെ മാതാപിതാക്കള്‍ ബേബിയെക്കുറിച്ചന്വേഷിച്ചശേഷം അദ്ദേഹത്തിന് കത്തയച്ചു. ബേബിയുടെ ജ്യേഷ്ഠന്‍ ജോണ്‍സണും ഭാര്യയുമായി സംസാരിച്ച് വിവാഹവും ഉറപ്പിച്ചു.

ചില നിബന്ധനകളും ബേബി വിവാഹത്തിനു മുന്‍പ് വച്ചിരുന്നു. വിവാഹം പള്ളിയില്‍ വേണ്ട, സ്വത്ത് വേണ്ട, കുട്ടികള്‍ വേണ്ട, പഠനം പൂര്‍ത്തിയാക്കണം, കുട്ടികളുടെ കാര്യത്തിലൊഴികെ എല്ലാ നിബന്ധനകളും പാലിക്കപ്പെട്ടു. വേദിയിലെ ഗൗരവക്കാരനായ ബേബിയുടെ റൊമാന്‍റിക് മുഖം കാണാനായത് കത്തുകളിലൂടെയായിരുന്നു. കത്തുകളിലൂടെയും ഫോണിലൂടെയും വികസിച്ച ബന്ധം വിവാഹശേഷവും പ്രണയാതുരമായി തുടരുന്നു ഈ ദന്പതികള്‍.


ടി.കെ. രാജീവ് കുമാര്‍- ലതാ കുര്യന്‍ രാജീവ്

കൃത്യമായ പ്ളാനിങ്ങോടെ സിനിമയെടുക്കുന്ന അപൂര്‍വ്വം സംവിധായകരിലൊരാളായ ടി.കെ. രാജീവ്കുമാര്‍ പ്രണയത്തിന്‍റെ തിരക്കഥയില്‍ ഈ പ്ളാനിങ്ങില്ലാതെതന്നെ സൂപ്പര്‍ ഹിറ്റ്
സൃഷ്ടിച്ചു;തിരക്കഥ ഇല്ലാതെ

സൂ വാച്ച് എന്ന പരസ്യ ചിത്രത്തിന്‍റെ കോ-ഓര്‍ഡിനേറ്റര്‍ ലതാ കുര്യനും സംവിധായകന്‍ രാജീവ് കുമാറും അടുക്കുന്നത് തികച്ചും യാദൃച്ഛികമായിരുന്നു. തിരുവനന്തപുരം മ്യൂസിയത്തില്‍ ആദ്യത്തെ കൂടിക്കാഴ്ച.

ലതയും രാജീവും പ്രണയത്തിലാണ്. അവരെക്കാള്‍ മുന്‍പെ അറിഞ്ഞത് സുഹൃത്തുക്കളായിരുന്നു. എങ്കിലും രാജീവിന്‍റെ മൂക്ക് കണ്ടപ്പോഴേ ഇയാളെനിക്ക് ചേരുമെന്ന് തോന്നിയതായി ലത സാക്ഷ്യപ്പെടുത്തുന്നു.

മതവ്യത്യാസം രാജീവിന്‍റെ വീട്ടില്‍ എതിര്‍പ്പുണ്ടാക്കി. ലതയുടെ അച്ഛന്‍ സമ്മതിച്ചു. തിരുവനന്തപുരം പ്രീ മെയ്സണ്‍സ് ഹാളില്‍ വിവാഹം. പള്ളിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇവര്‍ ഇന്നും പള്ളിയിലും അന്പലത്തിലും പോകുന്നു, മതസ്ഥാപനങ്ങള്‍ എന്നും സ്നേഹത്തിനെതിരാണെന്ന കുറ്റപ്പെടുത്തലോടെ തന്നെ.



പി.ശങ്കരന്‍- സുധാ ശങ്കരന്‍

വീട്ടുകാരനുവദിച്ച പ്രണയം ഒരു അപൂര്‍വ്വാനുഭവം തന്നെ. പ്രണയത്തിനുവേണ്ടി പ്രിയപ്പെട്ട പലതും നഷ്ടമാക്കിയവരെ അപേക്ഷിച്ച് ഇവര്‍ ഭാഗ്യം ചെയ്തവര്‍. ഈ ഗണത്തില്‍പ്പെടുത്താം. പി. ശങ്കരന്‍-സുധാ ശങ്കരന്‍ ജോഡിയെ.

ശങ്കരന്‍റെ വീട്ടില്‍ നിന്ന് വിവാഹാലോചന വന്നപ്പോഴാണ് സുധയുടെ വീട്ടില്‍ വിവരമറിയുന്നത്. വാക്കാല്‍ വിവാഹവും ഉറപ്പിച്ചു. കല്യാണം ഉറച്ചതോടെ കൂടിക്കാഴ്ചയുടെ എണ്ണം കുറച്ചെന്ന് സുധയ്ക്ക് പരാതി.

തൃശൂര്‍ കേരളവര്‍മ കോളേജിലാണ് ഇവരുടെ ആദ്യ സംഗമം. കോളജ് യൂണിയന്‍ ചെയര്‍മാന്‍ കൂടിയായ എം.എ. ഇക്കണോമിക്സ് വിദ്യാര്‍ത്ഥി പി. ശങ്കരനും ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയായ സുധയും അടുക്കുന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്‍റെ പ്രണയമില്ലാ നിലങ്ങളില്‍.കലാലയം മുഴുവന്‍ തിരിച്ചറിഞ്ഞ പ്രണയം.

സുധ കോഴിക്കോട് സര്‍വകലാശാല ക്യാംപസിലും ശങ്കരന്‍ എറണാകുളം ലോ കോളേജിലുമായപ്പോഴേക്കും പ്രേമം അസ്ഥിയില്‍ പിടിച്ചു. ശങ്കരന്‍ അന്ന് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയായത് കൂടിക്കാഴ്ചകളെ എളുപ്പമാക്കി .

എം.എ രണ്ടാം റാങ്കോടെ ജയിച്ച സുധ ഗുരുവായൂരപ്പന്‍ കോളജില്‍ അധ്യാപികയായി ജോലി സ്വീകരിച്ചപ്പോഴും ശങ്കരന്‍റെ നിയമപഠനം അവസാനിച്ചിരുന്നില്ല. ആറു വര്‍ഷം നീണ്ട പ്രണയം (വിവാഹപൂര്‍വ്വ പ്രണയം) ഗുരുവായൂര്‍ അന്പലത്തില്‍ വിവാഹത്തോടെ പൂര്‍ണമായി.

കലഹിച്ചും കൂടുതല്‍ സ്നേഹിച്ചും ഇന്നും അവിരാമം തുടരുന്ന പ്രണയം.



വെബ്ദുനിയ വായിക്കുക