കേന്ദ്ര ധനമന്ത്രി പി.ചിദംബരം 2008-09 ലെ പൊതു ബജറ്റില്‍ സ്‌ത്രീകളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് ആവശ്യമായ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്ന് യുപിഎ അദ്ധ്യക്ഷ സോണിയഗാന്ധി പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
‘ധനമന്ത്രി പി.ചിദംബരം സാധാരണക്കാരന്‍റെ ജീവിത പ്രയാസങ്ങള്‍ മാറ്റുന്നതിന് ആവശ്യമായ പദ്ധതികള്‍ ഇത്തവണത്തെ ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. ഇതിനു പുറമെ സ്‌ത്രീകളും കര്‍ഷകരും അനുഭവിക്കുന്ന വിഷമതകള്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മനസ്സിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'.
' എട്ടു മുതല്‍ ഒന്‍പതു ശതമാനം വരെ സാമ്പത്തിക വളര്‍ച്ച നേടിയെന്നത് കൊണ്ട് വികസനം കൈവരിച്ചുവെന്ന് അവകാശപ്പെടുവാന്‍ കഴിയുകയില്ല. രാജ്യത്ത് ഐശ്വര്യം ഉണ്ടാകണമെങ്കില്‍ സാധാരണക്കാരന്‍റെ കണ്ണുനീര്‍ തുടച്ചു നീക്കണം', സോണിയ പറഞ്ഞു.
ജനപ്രിയ ബജറ്റായിരിക്കും ചിദംബരം ഫെബ്രുവരി 29 ന് അവതരിപ്പിക്കുകയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. റെയില്‍വേ ബറ്റില്‍ യാത്രാക്കൂലി വര്‍ദ്ധനവ് ഉണ്ടാകുകയില്ലെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമായ സൂചന നല്‍കിയിരുന്നു.
ജനക്ഷേമപരമായ പദ്ധതികള്‍ ഉള്ള ബജറ്റായിരിക്കണം ഇത്തവണത്തേതെന്ന് ഇടതുപക്ഷ നേതാക്കള്‍ യുപിഎ ഇടത് ഏകോപന സമിതി യോഗത്തില്‍ ആവശ്യമുയര്‍ത്തിയിരുന്നു. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ അത് കൂട്ടുന്നതിന് ആവശ്യമായ പദ്ധതികള്‍ ചിദംബരം ബഡ്‌ജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.