ആര്യയുടെ യഥാര്‍ത്ഥ പേര് ജംഷാദ്, വിവാഹ റിയാലിറ്റി ഷോ ലൗ ജിഹാദെന്ന് ബിജെപി

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (20:02 IST)
ഇപ്പോള്‍ തമിഴില്‍ എറ്റവും ശ്രദ്ധിക്കപ്പെടുന്ന ടിവി പരിപാടികളിലൊന്നാണ് എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ. ചലച്ചിത്രതാരം ആര്യ തനിക്കു വിവാഹം കഴിക്കാനായി നടത്തുന്ന റിയാലിറ്റി ഷോയാണിത്. എന്നാല്‍, കളേഴ്സ് തമിഴ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടി ലൗ ജിഹാദാണെന്ന കടുത്ത ആരോപണവുമായി ബി ജെ പി തമിഴ്നാട് നേതൃത്വം രംഗത്തെത്തി. പരിപാടിയില്‍ അതിഥിയായി എത്തിയ വരലക്ഷ്മി ശരത്കുമാറിന്റെ ചില ചോദ്യങ്ങളാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
 
ആര്യ മുസ്ലിമാണെന്നും താരത്തിന്റെ യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണെന്നും വരലക്ഷ്മി ഷോയില്‍ പറഞ്ഞു. ആര്യ ഇത് ഒരിക്കലും പറയില്ലാ എന്നും, എന്നാല്‍ അദ്ദേഹം ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ മതം മാറുമോ എന്നും വരലക്ഷ്മി മത്സരാര്‍ത്ഥികളോട് ചോദിച്ചു. ഈ ചോദ്യത്തോട് ചിലര്‍ അനുകൂലമായി പ്രതികരിച്ചതാണ് ബി ജെ പി നേതൃത്വത്തെ ചൊടിപ്പിച്ചത്. 
 
ഈ ചോദ്യം ഹിന്ദു യുവാവിനു വേണ്ടി ചോദിച്ചാല്‍ അവന്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കപ്പെടുമെന്നായിരുന്നു ബി ജെ പി  ദേശീയ സെക്രട്ടറി എച്ച് രാജയുടെ പ്രതികരണം. നാണംകെട്ട പരിപാടിയാണ് കളേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 
 
ആര്യയെ വിവാഹം ചെയ്യാനാഗ്രഹിച്ച് ഒരു ലക്ഷം ഫോണ്‍കോളുകളും ഏഴായിരം അപേക്ഷകളും വന്നിരുന്നു.  ഇതില്‍ നിന്നുമാണ് പതിനാറ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. മത്സരത്തില്‍ വിജയിയാവുന്ന യുവതിയെ ആര്യ വിവാഹം ചെയ്യും. എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പരിഹാസമാണെന്നും വിവാഹവും സ്നേഹവും കച്ചവടമാക്കാനുള്ളതല്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഫ്ലവേഴ്സ് ടിവി ‘ആര്യക്ക് പരിണയ’മെന്ന പേരില്‍ ഈ പരിപാടി മലയാളത്തിലും സംപ്രേക്ഷണം ചെയുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article