ഏഷ്യാനെറ്റിലെ ‘നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍’ എന്ന ഗെയിം ഷോ മറ്റ് ചാനലുകളെയെല്ലാം ആശങ്കയിലാഴ്ത്തുകയാണ്. സുരേഷ്ഗോപി അവതരിപ്പിക്കുന്ന ഈ പരിപാടി നേടുന്ന വിജയം മറ്റ് ചാനലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. സംപ്രേക്ഷണം ആരംഭിച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ നമ്പര്‍ വണ്‍ പൊസിഷനിലാണ് കോടീശ്വരന്‍ എത്തിയത്. സുരേഷ്ഗോപിയുടെ അവതരണം തന്നെയാണ് ഈ ഗെയിം ഷോയുടെ പ്ലസ് പോയിന്‍റ്. മറ്റ് ഭാഷകളിലെല്ലാം കോടീശ്വരന്‍ ഉണ്ടെങ്കിലും സുരേഷ്ഗോപിയുടെ അവതരണത്തിന്‍റെയത്ര ജനപ്രീതി സമ്പാദിക്കാന്‍ മറ്റുള്ളവയ്ക്ക് കഴിഞ്ഞിട്ടില്ല.
പുതിയ വാര്‍ത്ത, ഈ ഗെയിം ഷോയിലൂടെ ലക്ഷാധിപതിയായ ഒരു പഞ്ചായത്ത് മെമ്പറെക്കുറിച്ചാണ്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗമായ ശിവപ്രിയാ സന്തോഷ് കോടീശ്വരന്‍ പരിപാടിയില്‍ നിന്ന് 12 ലക്ഷം രൂപയാണ് നേടിയത്. പണവും വാങ്ങി നേരെ വീട്ടില്‍ പോയി ഫിക്സഡ് ഡിപ്പോസിറ്റ് ഇടുകയല്ല ജനകീയയായ ഈ പൊതുപ്രവര്‍ത്തക ചെയ്തത്. തനിക്ക് ലഭിച്ച പണം അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്.
ലഭിച്ച 12 ലക്ഷം രൂപയില്‍ നിന്ന് പകുതിയിലേറെ തുക ഇതിനകം ശിവപ്രിയ ചെലവഴിച്ചുകഴിഞ്ഞു. മിണാലൂര്‍ വടക്കേക്കര പട്ടികജാതി കോളനിയുടെ കുടിവെള്ള പദ്ധതിയ്ക്കായാണ് കൂടുതല്‍ തുകയും ചെലവാക്കിയത്. ഗ്രാമപ്പഞ്ചായത്തിന്‍റെയും ബ്ലോക്ക് പഞ്ചായത്തിന്‍റെയും വിഹിതംകൊണ്ട് പദ്ധതി പൂര്‍ത്തിയാകാതെ വന്നപ്പോള്‍ കോടീശ്വരനിലൂടെ നേടിയ പണം ശിവപ്രിയ അതിനായി ചെലവാക്കുകയായിരുന്നു.
മാത്രമല്ല, കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കളായ 41 വീട്ടുകാര്‍ക്കും 500 ലിറ്റര്‍ സംഭരണശേഷിയുള്ള 41 ജലസംഭരണിയും ശിവപ്രിയ വാങ്ങിനല്‍കി. കൂടാതെ, ഒരു നിര്‍ധന കുടുംബത്തിന് വിവാഹ ധനസഹായവും ഭൂമി വാങ്ങാന്‍ സഹായവും നല്‍കി ശിവപ്രിയ ജനപ്രതിനിധികള്‍ക്ക് മാതൃകയായിരിക്കുകയാണ്.