ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത് ഹിന്ദുത്വ അജണ്ട; അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യം - വെള്ളാപ്പള്ളി

Webdunia
തിങ്കള്‍, 21 ജനുവരി 2019 (14:01 IST)
അയ്യപ്പ ഭക്ത സംഗമം സവർണ കൂട്ടായ്മയായി മാറിയെന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് ആത്മീയതയുടെ മറവിൽ നടന്നതെല്ലാം രാഷ്ട്രീയ നാടകങ്ങളാണ്. ബിജെപിയാണ് ഇതുവരെ നേട്ടമുണ്ടാക്കിയത്. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയം ലോക്‌‌സഭാ തെരഞ്ഞെടുപ്പ് വരെ തുടരും. ലഭിച്ച അവസരങ്ങളെല്ലാം രാഷ്‌ട്രീയക്കാര്‍ നേട്ടത്തിനായി ഉപയോഗിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ല. എന്നാല്‍ ശരിയായ വസ്തുത പറഞ്ഞ് ധരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ ഹിന്ദുത്വ അജണ്ട മുന്നോട്ടുവെച്ച് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. അയ്യപ്പനെ വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയ്യപ്പ ഭക്ത സംഗമത്തില്‍ ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമായി കരുതുന്നു. പങ്കെടുത്തിരുന്നെങ്കില്‍ അതു തന്റെ നിലപാടിനു വിരുദ്ധമാകുമായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമൊന്നും ഉണ്ടായില്ല. അവർണരെയും പിന്നാക്കക്കാരെയും ആ വേദിയിൽ കണ്ടില്ലെന്നും യോഗം സെക്രട്ടറി തുറന്നടിച്ചു.

വനിതാ മതിലിന്റെ ആശയങ്ങളൊക്കെ നല്ലതായിരുന്നു. എന്നാൽ അത് കഴിഞ്ഞതിന്റെ പിറ്റേന്ന് യുവതികളെ ശബരിമലയിൽ കയറ്റാൻ പൊലീസ് ശ്രമിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article