ലഘുലേഖകള്‍ എവിടെ, എടുത്തില്ലെന്ന് നേതാക്കള്‍; ബിജെപി പ്രവര്‍ത്തകരോട് ഇടഞ്ഞ് സുരേഷ് ഗോപി - കാറില്‍ കയറിയ എംപിയെ ശാന്തമാക്കിയത് ജില്ലാ നേതൃത്വം
ഗൃഹസമ്പര്‍ക്ക പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തരോട് ക്ഷോഭിച്ച് സുരേഷ് ഗോപി എംപി. ശനിയാഴ്‌ച മാവേലിക്കര കോളാറ്റ് കോളനിയില്‍ വെച്ചാണ് സംഭവം. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ഇടഞ്ഞത്.
ഗൃഹസമ്പര്‍ക്കത്തിന്റെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴാണ് സുരേഷ് ഗോപി ലഘുലേഖകള്‍ ആവശ്യപ്പെട്ടത്. വിതരണം ചെയ്യാനുള്ള ലഘുലേഖകള്‍ എടുത്തില്ല എന്ന മറുപടിയാണ് പ്രാദേശിക നേതാക്കള്‍ നല്‍കിയത്. ഇതോടെയാണ് അദ്ദേഹം പ്രവര്‍ത്തകരോട് തട്ടിക്കയറിയത്.
ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ എന്തിനാണ് ക്ഷണിച്ചതെന്നും, തന്നെ ഇവിടെ വരേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ എന്നും സുരേഷ് ഗോപി ചോദിച്ചു. ഇതിനു ശേഷം കാറില്‍ കയറി മടങ്ങാന്‍ തുടങ്ങിയ അദ്ദേഹത്തെ നിയോജകമണ്ഡലം നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
വിവരമറിഞ്ഞ് ജില്ലാ നേതാക്കള്‍ എത്തുകയും വിഷയം സംസാരിച്ച് പരിഹരിക്കുകയും ചെയ്‌തു. ഇതിനു ശേഷമാണ് സുരേഷ് ഗോപി പരിപാടിയില്‍ പങ്കെടുത്തത്. ചടങ്ങില്‍ പ്രവര്‍ത്തകരുടെ വീഴ്‌ച ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇത്തരത്തിലുള്ള നടപടികള്‍ ആവര്‍ത്തിക്കരുതെന്ന താക്കീതും നല്‍കി.