‘വിദേശരാജ്യങ്ങളിലുള്ള കാമുകിമാരെ കാണാൻ തരൂരിന് ഇനി സാധിക്കില്ല’; പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമി
വ്യാഴം, 5 ജൂലൈ 2018 (14:47 IST)
സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ശശി തരൂര്‍ എംപിക്ക് കോടതി മുൻകൂർ ജാമ്യം നൽകിയതിനു പിന്നാലെ പരിഹാസവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്.
തരൂരിന് ഇനി രാജ്യം വിട്ട് ലോകത്തിന്റെ പലഭാഗങ്ങളിലുമുള്ള കാമുകിമാരെ കാണാൻ പോകാൻ സാധിക്കില്ലെന്ന് സ്വാമി ട്വിറ്ററിലൂടെ പരിഹസിച്ചു.
അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും തരൂരിനോട് കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പരിഹാസവുമായി സുബ്രഹ്മണ്യൻ എത്തിയത്.
തരൂർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ പട്യാല ഹൗസിലെ പ്രത്യേക കോടതി ജഡ്ജി അരവിന്ദ് കുമാറാണ് ജാമ്യം അനുവദിച്ചത്. ബോണ്ടായി ഒരു ലക്ഷം രൂപ തരൂർ കെട്ടിവയ്‌ക്കും.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുകയും കോടതി സമന്‍സ് അയക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി തരൂര്‍ കോടതിയെ സമീപിച്ചത്.