മലയാള സിനിമയെ നശിപ്പിച്ചത് മോഹൻലാലും മമ്മൂട്ടിയുമോ? - വിമർശിച്ച് കുറിപ്പ്

വ്യാഴം, 20 ജൂണ്‍ 2019 (16:41 IST)
മലയാള സിനിമയിലെ താരാധിപത്യം സിനിമയുടെ തകര്‍ച്ചയ്ക്ക് വഴി വെയ്ക്കുമെന്ന് വ്യക്തമാക്കി ആര്‍. ജെ സലിം എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു. മോഹന്‍ലാലിന്റെ ലൂസിഫറും മമ്മൂട്ടിയുടെ മാമാങ്കവും താരാഘോഷ മാനിയയെ വലുതാക്കുന്ന സാഹചര്യത്തിലാണ് തന്റെ കുറിപ്പെന്ന് സലിം പറയുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമാണ് മലയാള സിനിമ നശിപ്പിച്ചത് എന്ന് പറയുന്നവന്മാരുടെ തലയ്ക്ക് ഓളമാണെന്നും സലിം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
 
കുറിപ്പ് വായിക്കാം;
 
മലയാള സിനിമയുടെ തകര്‍ച്ച തുടങ്ങുന്നത്, താരാധിപത്യം എന്ന ക്‌ളീഷേ കാരണം കൊണ്ട് തന്നെയാണ്. അതിന് ഉത്തരവാദി താരങ്ങള്‍ മാത്രമല്ല. ലളിതമായി മോഹന്‍ലാലും മമ്മൂട്ടിയുമാണ് മലയാള സിനിമ നശിപ്പിച്ചത് എന്ന് പറയുന്നവന്മാരുടെ തലയ്ക്ക് ഓളമാണ്.
 
തൊണ്ണൂറുകളുടെ തുടക്കത്തില്‍ റ്റെലിവിഷന്‍ സാര്‍വത്രികമാകാന്‍ തുടങ്ങിയപ്പോള്‍ സിനിമയുടെ മൊണോപൊളി അക്ഷരാര്‍ത്ഥത്തില്‍ അവസാനിക്കുകയായിരുന്നു. 91-92 ഇലാണ് മന്‍മോഹന്‍ സിങ് ലിബറലൈസേഷന്‍ – ഗ്ലോബലൈസേഷന്‍ – പ്രൈവറ്റയിസെഷന്‍ കൊണ്ടുവരുന്നത്. മാര്‍ക്കറ്റ് ഓപ്പണായി, ദൂരദര്‍ശന്റെ അപ്രമാദിത്വം അവസാനിച്ചു, കൂടുതല്‍ ചാനലുകള്‍ വന്നു, കോടിക്കണക്കിനു പേര്‍ പുതുതായി ടെലിവിഷന് മുന്‍പിലിരുന്നു.
 
അതോടുകൂടി സിനിമയ്ക്ക് അതുവരെ നിലനിന്നതു പോലെ നിലനില്‍ക്കാന്‍ സാധിക്കാതെയായി. ഒരു നിരീക്ഷണപ്രകാരം ടിവി കണ്ടന്റ് കൂടുതല്‍ ഫെമിനൈന്‍ ആവുകയും അതിന്റെ തുടര്‍ച്ചയില്‍ സിനിമ കൂടുതല്‍ മാസ്‌കുലിന്‍ ആവുകയും ചെയ്തു. അതായത് കൂടുതല്‍ ഹീറോയിക്കായ ലാര്‍ജര്‍ ദാന്‍ ലൈഫ് ഹീറോസ് മലയാള സിനിമയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്നത് അങ്ങനെയാണ്. സീരിയലുകള്‍ ഇന്നും കണ്ണീര്‍ പരമ്പരകളായി തുടരുന്നത് ചരിത്രപരമായ കാരണം കൊണ്ടു കൂടിയാണ്.
 
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സമൂഹത്തിനു ഒരു ഗുണവുമില്ലാത്ത, ആന്റി സോഷ്യലായ, ചുമ്മാ തല്ലുപിടിച്ചു നടക്കുന്നവരെ ഇവരെല്ലാം കൂടി അവരുടെ സിനിമകളില്‍ കൂടി ഹീറോയാക്കി അവതരിപ്പിച്ചു, ഒന്നല്ല, ഒരുപാടു തവണ. അതൊരു തലമുറയിലേക്ക് അങ്ങനെ തന്നെ പ്രൊപ്പഗേറ്റ് ചെയ്യപ്പെട്ടു.
 
അത് ഒരാള്‍ തീരുമാനിച്ചു ഉണ്ടാക്കിയതല്ല, മറിച്ച്, മറ്റെല്ലാ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഘടകങ്ങളും ചേര്‍ന്നുണ്ടായ മാറ്റമാണ്. അന്ന് മലയാള സിനിമയിലെ ഏറ്റവും വിലയുള്ള നടന്മാരെ തന്നെ അതിനു വേണ്ടി വന്നു എന്നുള്ളത് അവരുടെ നിയോഗമാണ്. വിപണി സാധ്യതകള്‍ക്കനുസരിച്ചു അവര്‍ക്ക് സ്വയം മാറേണ്ടിയും മാറ്റേണ്ടിയും വന്നു. അങ്ങനെ അവര്‍ വലിയ നടന്മാരില്‍ നിന്നും സൂപ്പര്‍ മെഗാ താരങ്ങളായി മാറി.
 
ഇതേ സിനിമകള്‍ ടിവിയില്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയപ്പോള്‍, ഇതുവരെയും തീയേറ്ററില്‍ സിനിമ
 
കാണാത്തവര്‍ക്കും സിനിമ കാണാമെന്നായി. അങ്ങനെ ഈ താരങ്ങളുടെ റീച് അതു വരെയുള്ളതിന്റെ ഇരട്ടിയായി. ഈ ടിവി കണ്ടു വളര്‍ന്ന ഇന്നത്തെ ഇരുപതുകളിലും മുപ്പതുകളിലുമുള്ള തലമുറയുടെ കണ്‍കണ്ട ദൈവമായി ഇവര്‍ മാറി.
 
എന്നാല്‍ പലര്‍ക്കും ഇതിനകം മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ ഒരു അഡിക്ഷനോ ഫിക്‌സേഷനോ ഒക്കെയായി മാറി. ശരിക്കുള്ള മോഹന്‍ലാലിനോടോ മമ്മൂട്ടിയോടോ ഉള്ള വര്‍ഷിപ് എന്നതില്‍ കവിഞ്ഞ് അവരുടെ ഈ ഹീറോയിക് വേഷങ്ങളുടെ ആകെത്തുകയെയാണ് അവര്‍ ആരാധിക്കുന്നത്. ഈ കഥാപാത്രങ്ങളൊക്കെ സമൂഹത്തില്‍ കടത്തിവിട്ട ടോക്‌സിക് മാസ്‌കുലിനിറ്റി ചെറുതൊന്നുമല്ല.
 
അതിനു മുകളില്‍ ഒരു അഭിരുചി വളര്‍ച്ച സംഭവിക്കാത്തവര്‍, അവരില്‍ ഇന്നും മെന്റലി സ്റ്റക്കായി നില്‍ക്കുന്നവര്‍ ലക്ഷോപലക്ഷം വരും. അവര്‍ പിന്നീട് സിനിമക്കാരായപ്പോള്‍ പോലും അവരുടെ സിനിമകളില്‍ മോഹന്‍ലാല്‍ മമ്മൂട്ടി ഇന്‍ഫ്‌ലുവെന്‍സ് ഉണ്ടായിത്തുടങ്ങി. ചിലര്‍ അത് തന്നെ കഥയുമാക്കി. ചിലര്‍ അവരുടെ പേര് തന്നെ സിനിമയ്ക്കുമിട്ടു. അതിനകത്തു അങ്ങനെ പാട്ടുകളുമുണ്ടാക്കി. ഏതാണ്ട് മുപ്പതു വര്‍ഷം മുന്‍പ് തുടങ്ങിയ പ്രോസസിന്റെ ഫലമായുള്ള അഡിക്ഷന്‍ അങ്ങനെ പല രീതിയില്‍ പുറത്തുവരാന്‍ തുടങ്ങി. ഇന്നും അത് തുടരുന്നു.
 
ഇതിപ്പോള്‍ പറയാന്‍ കാരണം മാമാങ്കവും ലൂസിഫര്‍ രണ്ടും കൂടി വീണ്ടും ഈ താരാഘോഷ മാനിയയെ ഇനിയും വലുതാക്കുന്നുണ്ട് എന്ന് കണ്ടാണ്. ഫേസ്ബുക്കിലെ പ്രമുഖ സിനിമാ ഗ്രൂപ്പുകള്‍ ഉള്‍പ്പടെ നായക ആഘോഷ കേന്ദ്രങ്ങളാണ്. ലൂസിഫര്‍ 2 വരുന്നു എന്ന് ഒരു മാത്രം പറയുന്ന പത്തു പോസ്റ്റുകള്‍ കാണും. മാമാങ്കത്തിന്റെ പോസ്റ്റര്‍ ഇറങ്ങിയാല്‍ അത് മാത്രം ഇടുന്ന പതിനഞ്ചു പോസ്റ്റ് കാണും. മമ്മൂട്ടിയുടെ മുപ്പത്തഞ്ചു വര്‍ഷത്തെ ശരീരവ്യത്യാസം അളക്കുന്ന പോസ്റ്റ്, മോഹന്‍ലാലിന്റെ കണ്ണും മൂക്കും മുടിയും അഭിനയിക്കുമെന്ന് വാഴ്ത്തുന്ന പോസ്റ്റ്, അങ്ങനെ സഹിക്കാവുന്നതിന്റെ സകല പരിധിയും വിട്ടാണ് ഇന്നത്തെ താരാഘോഷ കസര്‍ത്തുകള്‍. അതും മലയാളത്തില്‍ മാത്രമല്ല ഇംഗ്ലീഷിലും സഹിക്കണം. ഒരുപക്ഷെ ഇത്രയും വാഴ്ത്തിപ്പടലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ന് കാണുന്നതിലും എത്രയോ ഭേദപ്പെട്ട സൃഷ്ടികള്‍ അവരുടെ പേരിലുണ്ടായേനെ.
 
ഉണ്ട നല്ല സിനിമയാണ് എന്ന് കേള്‍ക്കുന്നു, മമ്മൂട്ടി നന്നായെന്നും കേള്‍ക്കുന്നു. അതുകേള്‍ക്കേണ്ട താമസം കുറച്ചുകാലമായി പെന്‍ഡിങ്ങില്‍ ഉള്ള മമ്മൂട്ടി സ്തുതി വീണ്ടും പൊടിതട്ടിയെടുക്കപ്പെടുന്നു. മോഹന്‍ലാല്‍ സ്തുതി അല്ലെങ്കില്‍ തന്നെ അതിന്റെ എല്ലാ പരിധിയും ലംഘിച്ചു നില്‍ക്കുകയാണ്. സിനിമയുടെ കാര്യം പറയുമ്പോള്‍ ഒരു നടന്‍ സിനിമയെക്കാളും വളര്‍ന്നു നില്‍ക്കുന്നത് സിനിമയെന്ന സങ്കേതത്തിന് ഒട്ടും നല്ലതല്ല. ചര്‍ച്ചയാവേണ്ടത് സിനിമയാണ്, അതിന്റെ ക്രാഫ്റ്റാണ്.
 
പക്ഷെ പറഞ്ഞിട്ട് കാര്യമില്ല, പ്രേക്ഷകര്‍ വളരാതെ താരങ്ങള്‍ മാറും എന്ന് പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ്. അവരെ കണ്ണുമടച്ചു ആഘോഷിക്കാന്‍ ആളുകളുള്ളപ്പോള്‍ അവരെന്തിനു വേണ്ടെന്നു വെയ്ക്കണം. അതിനെ കടിഞ്ഞാണിടാന്‍ ഈ താരങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. അവര്‍ പോലും മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവരുടെ സ്റ്റാര്‍ഡത്തിന്റെ ഇരകളാണ്.
 
ഈ കൂട്ടത്തിനു ആഘോഷിക്കാന്‍ കാരണങ്ങള്‍ കൊടുത്തുകൊണ്ടേ ഇരിക്കേണ്ടത് അവരുടെ ഗതികേട് കൂടിയാണ്. അല്ലെങ്കില്‍ ഇവര്‍ അവര്‍ക്കെതിരെ തന്നെ തിരിഞ്ഞേക്കാം. അങ്ങനെ അവരില്‍ ഇനിയും മരിച്ചിട്ടില്ലാത്ത, അല്പജീവനായ ബാക്കിയുള്ള നടനെക്കൂടി കൊല്ലുമ്പോള്‍ ഇവര്‍ക്ക് സമാധാനമാകുമായിരിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍