മോഹൻലാൽ ചൊവ്വയിൽ നിന്ന് വന്നതോ? ഇവരെയൊക്കെ എങ്ങനെ പറഞ്ഞ് മനസിലാക്കാനാണെന്ന് രേവതി!

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (09:40 IST)
ചിലര്‍ക്ക് മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലാലിന്റെ പരാമർശത്തിന് അദ്ദേഹത്തിന്റെ പേര് പറയാതെ മറുപടി നൽകി നടി രേവതി. ‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇങ്ങനെയുള്ളവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ടാണ് മീ ടൂ പോലുള്ള കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററിൽ കുറിച്ചു. 
 
മോഹൻലാലിന്റെ പേര് പറയാതെയാണ് രേവതി വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഏതായാലും രേവതിയുടെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. സിനിമാ ലോകത്ത് കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച മീടൂവിനോട് കഴിഞ്ഞ ദിവസം മോഹൻലാൽ പ്രതികരിച്ചിരുന്നു. 
 
മീ ടൂ ക്യാമ്പെയിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുമെന്നും കുറച്ച് കാലം അത് നിലനില്‍ക്കും പിന്നെ അതിന്റെ സമയം തീര്‍ന്ന് മങ്ങി തുടങ്ങും എന്നും മോഹൻലാൽ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article