ബ്യൂട്ടി പാർലർ വെടിവയ‌്പ്: രവി പൂജാരിയെ വിട്ടുകിട്ടാൻ ഐബിക്ക് ക്രൈം ബ്രാഞ്ച് കത്ത് നല്‍കി
ശനി, 9 ഫെബ്രുവരി 2019 (20:33 IST)
കടവന്ത്രയിലെ ബ്യൂട്ടി പാർലർ വെടിവയ‌്പ് കേസിൽ അധോലോക നായകൻ രവി പൂജാരിയെ വിട്ടുകിട്ടുന്നതിനായി ക്രൈം ബ്രാഞ്ച‌് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന‌് (ഐബി) കത്ത‌് നൽകി.
ക്രൈംബ്രാഞ്ച‌് ഐജി എസ‌് ശ്രീജിത്താണ് ബെംഗളൂരുവിലെ ഐബി ഓഫിസിന് കത്ത് നല്‍കിയത്. ഐബി ഈ കത്ത‌് ഇന്ത്യൻ എംബസി വഴി സെനഗലിന‌് കൈമാറും. രവി പൂജാരിയെ ഇന്ത്യയിലെത്തിക്കാനും നടപടിയാരംഭിച്ചു.
വെടിവയ‌്പ‌് കേസിൽ പൂജാരിയുടെ പങ്ക‌് കണ്ടെത്തിയതിനാലാണ‌് ക്രൈംബ്രാഞ്ച‌് കത്ത‌് നൽകിയത‌്. നടപടികൾ പൂർത്തിയായാൽ രവി പൂജാരിയെ ഉടൻ ഇന്ത്യയിലെത്തിക്കാനാകുമെന്ന‌് ക്രൈംബ്രാഞ്ച‌് ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബർ 15നാണ‌് ബ്യൂട്ടി പാർലറിൽ വെടിവയ‌്പ‌് നടന്നത‌്.
കഴിഞ്ഞ മാസം 19നാണ് പൂജാരി സെനഗലില്‍ വെച്ച് പിടിയിലായത്. തലസ്ഥാനമായ ദകാറിലെ ബാര്‍ബര്‍ ഷോപ്പില്‍ സെനഗല്‍ പൊലീസിന്റെ മൂന്ന് ബസ് സായുധസേന നടത്തിയ സാഹസിക ഓപ്പറേഷനിലാണ് ഇയാള്‍കുടുങ്ങിയത്. പൂജാരിയെക്കുറിച്ചുള്ള വിവരം സെനഗൽ എംബസിക്ക് ലഭിച്ചതിനു പിന്നാലെയാണ് അറസ്‌റ്റ്.
ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലാണ് രവിയുടെ ഒളിത്താവളമെന്ന് കണ്ടെത്തിയത് നാല് മാസം മുമ്പാണ്. ഇതിനു മുമ്പ് ഗിനിയ, ഐവറികോസ്റ്റ്, സെനഗല്‍ എന്നീ രാജ്യങ്ങളിൽ മാറിമാറി ഒളിവില്‍ കഴിഞ്ഞു.