മന്ത്രിമാർ നയിച്ചു, ആവേശത്തോടെ ജനങ്ങളും കൂടെ നിന്നു; കുട്ടനാട് മഹാശുചീകരണത്തിൽ പങ്കാളികളായി ജനപ്രതിനിധികളും

Webdunia
ബുധന്‍, 29 ഓഗസ്റ്റ് 2018 (07:57 IST)
കുട്ടനാട് മഹാശുചീകരണത്തിൽ ജനങ്ങളോടൊപ്പം ജനപ്രതിനിധികളും. ജനങ്ങൾ തിരഞ്ഞെടുത്തവർ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന കാഴ്‌ചയായിരുന്നു കുട്ടനാട്ടിൽ. സാധാരണഗതിയിൽ ധരിക്കുന്ന വേഷങ്ങളൊന്നും ഇല്ലാതെ ജനങ്ങൾക്കൊപ്പമിറങ്ങി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന മന്ത്രിമാരേയോ മറ്റ് നേതാക്കളേയോ പെട്ടെന്നാർക്കും മനസ്സിലാകില്ല.
 
വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനായി മന്ത്രി ജി സുധാകരനെത്തി. കറുത്ത ഷർട്ടും കൈലിയും ധരിച്ചായിരുന്നു അദ്ദേഹം എത്തിയത്. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് വീടിന് സമീപത്തുള്ള കടയും മന്ത്രിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. മന്ത്രി പി. തിലോത്തമൻ നീല ടീഷർട്ടും കൈലിയുമുടുത്താണ് മുട്ടാർ പഞ്ചായത്ത് ഓഫീസ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി‌.
 
മന്ത്രി ഡോ. ടി എം തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ പുളിങ്കുന്ന് ആശുപത്രിയിലായിരുന്നു ശുചീകരണം. കറുത്ത ജുബ്ബയും വെള്ള പാന്റും ധരിച്ചായിരുന്നു മന്ത്രി എത്തിയത്. എ എം ആരിഫ് എം എൽ എ കൊട്ടാരം ഭഗവതി ക്ഷേത്രപരിസരവും യു. പ്രതിഭ എം എൽ എ തകഴിയിലും പങ്കെടുത്തു. മന്ത്രിമാരും തങ്ങൾക്കൊപ്പം എത്തിയതോടെ ജനങ്ങളും ആവേശഭരിതരായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article